- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമത്തും കഴക്കൂട്ടത്തും ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പതിനായിരത്തോളം വോട്ടുകൾ മറിച്ചുനൽകി; കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തൽ; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർത്ഥികളെ തോൽപിക്കാൻ സിപിഎം സ്ഥാനാർത്ഥികൾക്ക് എസ്.ഡി.പി.ഐ വോട്ടുകൾ മറിച്ചുനൽകിയതായി വെളിപ്പെടുത്തൽ. എൽ.ഡി.എഫ് നേതൃത്വവും സ്ഥാനാർത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.
നേമത്ത് പതിനായിരത്തോളം പാർട്ടി വോട്ടുണ്ടെന്നും ഇതു ശിവൻകുട്ടിക്ക് നൽകിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തൽ. നേമത്ത് പാർട്ടിയുടെ അന്വേഷണത്തിൽ ബിജെപി വരാതിരിക്കാൻ മുൻതൂക്കമുള്ള സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച് എൽ.ഡി.എഫിനാണ് പിന്തുണ നൽകിയതെന്നും സിയാദ് കണ്ടല വ്യക്തമാക്കി.
കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.
തലയിൽ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീകരന്മാരുടെ പിന്തുണതേടാൻ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുള്ളത്. കാലാകാലങ്ങളിൽ തലയിൽ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കന്മാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുൻപല്ലേയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
സിപിഎം വോട്ടുമറിച്ചതിന്റെ തെളിവാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഎം എന്തും ചെയ്യും. കാരണം സിപിഎമ്മിനെ നയിക്കുന്നത് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയോ സെൻട്രൽ കമ്മിറ്റിയോ ഒന്നുമല്ല, ക്യാപ്റ്റൻ പണറായി വിജയനാണ്. അദ്ദേഹം ഏതറ്റംവരെയും പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് അവസാന നിമിഷവും ഇരു മുന്നണികളും ഒത്തുകളി ആരോപിച്ചിരുന്നു. നേമത്ത് കോൺഗ്രസ്- മാർക്സിസ്റ്റ് കൂട്ടുകെട്ടുണ്ടെന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ആക്ഷേപം. എന്നാൽ, സഖ്യ ആരോപണങ്ങൾ തള്ളിയ വി ശിവൻകുട്ടി ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ഒറ്റക്ക് കരുത്തുണ്ടെന്നാണ് പ്രതികരിച്ചത്.
വിടർന്ന താമര നിലനിർത്താൻ ആഞ്ഞ് പിടിക്കുന്ന ബിജെപി ഏറ്റവും പേടിക്കുന്നത് എതിരാളികളിലൊരാൾക്ക് അനുകൂലമായ ന്യൂനപക്ഷവോട്ട് ഏകീകരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അവസാനം കുമ്മനത്തിന് എതിരെ ഉയർന്ന വർഗ്ഗീയവാദി നിശബ്ദ പ്രചാരണം നേമത്തും ഉണ്ടായിരുന്നുവെന്നാണ് ബിജെപി ആരോപണം.
അതേസമയം, രാഹുൽ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 2016ൽ സുരേന്ദ്രൻ പിള്ളക്ക് കിട്ടിയ 13860 അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിതരൂർ നേടിയ 46472 അടിസ്ഥാന വോട്ട് കണക്കാക്കി അതിന് മുകളിലേക്കാണ് യുഡിഎഫിന്റെ മുഴുവൻ പ്രതീക്ഷകളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി ദിവാകരന്റെ 33921 അല്ല, 40000 ത്തോളം വരുന്ന പാർട്ടി വോട്ടാണ് ശിവൻ കുട്ടിയുടെ കണക്ക്. പിന്നെ ബിജെപി വിരുദ്ധ വോട്ടുകളിലും മുരളിയെ പോലെ വി ശിവൻകുട്ടിയും പ്രതീക്ഷവെക്കുന്നു.
ന്യൂസ് ഡെസ്ക്