- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തളത്ത് കണ്ടത് അയ്യപ്പ വികാരം; വർക്കലയിൽ വോട്ടെത്തിച്ചത് ഈഴവ പിന്തുണ; തിരുവനന്തപുരം കോർപ്പറേഷനിൽ ചതിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം; തെക്കൻ കേരളത്തിൽ എൻഎസ്എസ് അടുക്കാത്തും വെല്ലുവിളി; എല്ലാ കോർപ്പറേഷനിലും അക്കൗണ്ട് തുറന്നിട്ടും ബിജെപിക്കും ഈ ഫലം നിരാശ; ശോഭാ സുരേന്ദ്രൻ ഫാക്ടർ ഇനിയും ചർച്ചയാകും; അമിത് ഷാ നിരാശൻ; സുരേന്ദ്രനും വെല്ലുവിളി ഏറെ
തിരുവനന്തപുരം: 2015ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിക്ക് മുൻതൂക്കം കിട്ടിയത് വെറും 14 പഞ്ചായത്തിലാണ്. ഒരു മുൻസിപ്പാലിറ്റിയിലും വലിയ കക്ഷിയായി. 933 പഞ്ചായത്ത് വാർഡുകൾ ജയിച്ചു. 21 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ. 3 ജില്ലാ പഞ്ചായത്തുകൾ. മുൻസിപ്പാലിറ്റിയിൽ 236ഉം. കോർപ്പറേഷനിൽ 51 വാർഡുകളിലായിരുന്നു അഞ്ചു കൊല്ലം മുമ്പ് വിജയം. എല്ലാ കോർപ്പറേഷനിലും പ്രതിനിധികൾ ഇല്ലായിരുന്നുവെന്നതാണ് വസ്തുത. ഈ ചിത്രം മാറുകയാണ്. എല്ലാ കോർപ്പറേഷനിലും സീറ്റുള്ള പാർട്ടിയായി ബിജെപി മാറി.
തിരുവനന്തപുരത്ത് മുഖ്യപ്രതിപക്ഷം. എറണാകുളത്തും തൃശൂരിലും കൊല്ലത്തും കോഴിക്കോടും സീറ്റുകൾ. കണ്ണൂരിലും അക്കൗണ്ട് തുറന്നു. എന്നാലും പ്രതീക്ഷിച്ച വിജയം ബിജെപി നേടിയില്ലെന്നതാണ് വസ്തുത. 7000 വാർഡുകളായിരുന്നു ടാർഗറ്റ്. എന്നാൽ ഇതിന തൊട്ടുടുത്ത് പോലും എത്താനാകുന്നില്ല. 1500 വാർഡുകളിൽ മാത്രം വിജയം ഒതുങ്ങി. എന്നാൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. മുൻസിപ്പാലിറ്റിയിൽ 300 സീറ്റിൽ അധികം ജയിച്ചുവെന്നതാണ് ഇതിൽ ശ്രദ്ധേയം. നാല് മുൻസിപ്പാലിറ്റിയിലും 28 ഗ്രാമപഞ്ചായത്തിലും നേട്ടമുണ്ടാക്കി. പന്തളത്തും വർക്കലിയും നേടിയത് ഞെട്ടിക്കുന്ന വിജയമാണ്. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കാനുമായില്ല.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ സുഖസുന്ദര ഭരണം പിടിച്ചുവെന്നതാണ് ബിജെപിക്ക് ഏറെ ആശ്വാസം. എന്നാൽ തൃശൂരിൽ പ്രതീക്ഷിച്ച നേട്ടമില്ല. മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണന്റെ തോൽവിയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ നായർ മേഖലകളിൽ കടന്നു കയറാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന വസ്തുതയും ഉണ്ട്. പരമ്പരാഗത വോട്ടുകൾക്ക് അപ്പുറമുള്ള എൻഎസ് എസ് വോട്ടുകൾ അവർക്ക് കിട്ടുന്നില്ല. എന്നാൽ വർക്കലയിലും ആറ്റിങ്ങലിലും ഉണ്ടാക്കിയ നേട്ടം ഈഴവ വോട്ടുകൾ ആകർഷിക്കുന്നുവെന്നതിന് തെളിവാണ്.
തിരുവനന്തപുരത്തെ പ്രധാന പ്രതിപക്ഷമായി ബിജെപി മാറുന്നുവെന്നതാണ് വസ്തുത. നഗരത്തിന് അപ്പുറം ഗ്രാമങ്ങളിലും കരുത്തു കാട്ടുന്നു. പാലക്കാട് ജില്ലയിൽ ഷൊർണ്ണൂരും ഒറ്റപ്പാലത്തും വലിയ നേട്ടങ്ങൾ ബിജെപിക്കുണ്ടായി. അതിന് അപ്പുറത്തേക്ക് കടക്കാൻ ബിജെപിക്കായില്ല. പത്തനംതിട്ടയിലെ വിജയങ്ങളും പ്രതീക്ഷ നൽകുന്നു. അയ്യപ്പ വികാരമാണ് ഇതിന് കാരണം. എന്നാൽ ഇതൊന്നും വലിയ ചിരിക്കുള്ള അവകാശം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് നൽകുന്നില്ല. കേരളത്തിൽ ആഴത്തിലുള്ള വേരുകൾ ഇനിയും ബിജെപിക്കുണ്ടായിട്ടില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം പിടിക്കാനാവാത്തതാണ് ഇതിന് കാരണം.
ബിജെപി 61 സീറ്റുകൾ വരെ കിട്ടുമെന്ന് പ്രതീക്ഷിച്ച കോർപ്പറേഷനിൽ നേട്ടം 35ൽ ഒതുങ്ങി. പല പ്രധാന സീറ്റിലും തോറ്റു. ഇതിന് കാരണം ബിജെപിയിലെ ഗ്രൂപ്പ് പോരാണ്. ശോഭാ സുരേന്ദ്രൻ ഉണ്ടാക്കിയ വിമത പ്രശ്‌നങ്ങൾ ജനങ്ങളിൽ ചലനമുണ്ടാക്കി. തിരുവനന്തപുരത്ത് ചില സീറ്റുകളിലെ തോൽവിക്ക് കാരണവും ഭിന്നതകളാണ്. വലിയശാലയിൽ വലിയശാല പ്രവീണിനെ പിണക്കിയതോടെ ആ സീറ്റ് നഷ്ടമായി. വട്ടിയൂർക്കാവിലും ഇതു തന്നെ സംഭവിച്ചു. ബിജെപിയുടെ ജില്ലാ അധ്യക്ഷൻ വിവി രാജേഷ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതു മാത്രമാണ് ആശ്വാസം. എന്നാൽ വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു.
തിരുവനന്തപുരത്തെ പ്രധാന നേതാവാണ് സുരേഷ്. സിറ്റിങ് സീറ്റിലാണ് സുരേഷ് തോറ്റത്. ഇത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്ക വഴിവയ്ക്കും. പികെ കൃഷ്ണദാസ് വിഭാഗത്തിന് കൂടുതൽ കരുത്തു പകരുന്നതാണ് തിരുവനന്തപുരത്തെ തിരിച്ചടികൾ. തൃശൂരിലും കാടിളക്കി പ്രചരണം നടത്തിയതിന്റെ ഫലം കണ്ടില്ല. മലബാറിൽ ആഴത്തിലുള്ള വേരോട്ടം ഉണ്ടായതിനും തെളിവില്ല. കോർപ്പറേഷനുകളിലെ വിജയങ്ങൾ മാത്രമാണ് ആശ്വാസം. കണക്കുകളിൽ 2015ൽ നേടിയതിനേക്കാൾ നേട്ടമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ചതിന്റെ അടുത്തു പോലും അത് വരുന്നില്ല. അതുകൊണ്ട് തന്നെ ഈ ഫലത്തെ കേന്ദ്ര നേതൃത്വം ഗൗരവത്തോടെ കണക്കാക്കും.
തെലുങ്കാനയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം അതിശക്തമായി ഇടപെട്ടിരുന്നു. എന്നാൽ കേരളത്തിലേക്ക് ആരും വന്നില്ല. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ തിരുവനന്തപുരത്ത് അടക്കം അത് സംഭവിച്ചു. അതുകൊണ്ടു തന്നെ കേരളത്തിൽ ഉടനൊന്നും വലിയ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന തിരിച്ചറിവ് അമിത് ഷായ്ക്ക് നൽകുന്നതാണ് ഈ ഫലം. എന്നാൽ സംസ്ഥാനത്തെ വിഭാഗീയത തീർക്കാൻ അതിശക്തമായ ഇടപെടലുണ്ടാകുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ