തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാറിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നുവെന്ന ആരോപണം സിപിഎമ്മും പാർട്ടി പത്രവും ചാനലും ഉയർത്തുന്നതിനിടെ പ്രതിരോധവുമായി ബിജെപി. കൊല നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ സെക്രട്ടറിയും മുൻ കോയമ്പത്തൂർ എംപിയുമായ ടിപി രാധാകൃഷ്ണൻ എന്നിവർ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം എത്തിയിരുന്നുവെന്നും തലേന്ന് മുതിർന്ന ബിജെപി നേതാവ് എഎൻ ബാലകൃഷ്ണൻ തിരുവല്ലയിലെ പ്രാദേശിക നേതാവിന്റെ വീട്ടിലെത്തിയിരുന്നുവെന്നുമാണ് ആരോപണം. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നാണ് വ്യക്തമാകുന്നത്.

മുൻകേന്ദ്രമന്ത്രിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ ഡി. പുരന്ദേശ്വരി പത്തനംതിട്ടയിൽ പങ്കെടുക്കുന്ന പരിപാടിയുണ്ടായിരുന്നു. ഇതിനായിട്ടാണ് കെ. സുരേന്ദ്രനും ടിപി രാധാകൃഷ്ണനും എത്തിയത്. പത്തനംതിട്ടയിലും റാന്നിയിലും നടന്ന പരിപാടികളിൽ ഇവർ പങ്കെടുത്തു. ഇതിനിടെയാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്രം അധികൃതർ അവിടേക്ക് ഇരുവരെയും ക്ഷണിച്ചത്. ഇടിമിന്നലിൽ നശിച്ച പഞ്ചഗവ്യത്തറയും കൊടിമരവും സന്ദർശിക്കുകയായിരുന്നു ലക്ഷ്യം.

ക്ഷണപ്രകാരം 29 ന് വൈകിട്ട് അഞ്ചു മണിയോടെ സുരേന്ദ്രനും രാധാകൃഷ്ണനും മറ്റ് നേതാക്കൾക്കൊപ്പം ശ്രീവല്ലഭക്ഷേത്രത്തിൽ എത്തി. ദർശനം നടത്തിയ ശേഷം പഞ്ചഗവ്യത്തറയും സന്ദർശിച്ച് മടങ്ങി. തുടർന്ന് ക്ഷേത്രത്തിനടുത്തുള്ള പത്മവിലാസം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ടിപി രാധാകൃഷ്ണന് തിരുവല്ലയിൽ നിന്നുമാണ് കോയമ്പത്തൂരിലേക്ക് ട്രെയിൻ മാർഗം പോകേണ്ടിയിരുന്നത്. അതിനാൽ അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്ക് പോയി. കെ. സുരേന്ദ്രൻ പത്തനംതിട്ടയ്ക്ക് മടങ്ങുകയും ചെയ്തു.

ആരോപണമുന്നയിക്കുന്നവർ അറിയാതെ പോയ മറ്റൊരു കാര്യമുണ്ട്. ഭീഷണി നിലനിൽക്കുന്നതിനാൽ മുൻ എംപി കൂടിയായ രാധാകൃഷ്ണന് പൊലീസിന്റെ അകമ്പടിയുണ്ട്. പൊലീസ് അകമ്പടിയിൽ ആരെങ്കിലും ഗൂഢാലോചനയ്ക്ക് വരുമോ എന്ന ചോദ്യവും നിലനിൽക്കുന്നു. ഡിസംബർ ഒന്നിനാണ് എഎൻ രാധാകൃഷ്ണൻ തിരുവല്ലയിൽ വന്നത്. അടൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പോകുന്ന വഴി തിരുവല്ലയിൽ ഇറങ്ങുകയായിരുന്നു. ബിജെപി നേതാവിന്റെ വീട്ടിൽ ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

സന്ദീപിന്റെ കൊലപാതകം നടന്നതിന് തൊട്ടു പിന്നാലെ സിപിഎം നേതാക്കളും ഇതൊരു ക്വട്ടേഷനാണെന്ന് സമ്മതിച്ചിരുന്നു. പിന്നീടാണ് നിലപാട് മാറ്റിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗമായ അഡ്വ. ആർ മനു ഫേസ്‌ബുക്കിൽ കുറിച്ചത് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ ഗുണ്ടാ സംഘം കുത്തിക്കൊന്നുവെന്നായിരുന്നു. പിന്നീടിത് രാഷ്ട്രീയ കൊലപാതകമാക്കാനുള്ള നീക്കം ആരംഭിച്ചതോടെ പോസ്റ്റ് അപ്രത്യക്ഷമായി.

കൊലപാതകത്തിൽ രാഷ്ട്രീയം കലർത്താനുള്ള സിപിഎം നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ഇതേ പ്രതികൾ തന്നെ മറ്റൊരു ക്വട്ടേഷൻ നടത്തി മടങ്ങുകയായിരുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ സിപിഎമ്മിന്റെ ആരോപണം പൊളിയാനുള്ള സാധ്യത ഏറുകയാണ്. പ്രതികൾക്ക് ക്വട്ടേഷൻ പണിയാണുള്ളതെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.