കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ പര്യടനം നടത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. സൗത്ത് 24 പാർഗനാസ് ജില്ലയിൽ വച്ചാണ് സംഭവം. ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. നഡ്ഡയുടെ വാഹനത്തിന് പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. മാധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി.

അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. പാർട്ടിക്ക് പങ്കില്ലെന്നും ബിജെപിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടിഎംസി നേതാവ് മദൻ മിത്ര വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അക്രമികൾ കല്ലെറുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിജയ് വർഗീയ ട്വീറ്റ് ചെയ്തു. കല്ലേറിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അസഹിഷ്ണുതയും അധാർമ്മികതയും നിറഞ്ഞ ഒരു സംസ്ഥാനമായി ബംഗാളിനെ മമത സർക്കാർ എങ്ങനെ മാറിയെന്ന് ഈ യാത്രയിലൂടെ തനിക്ക് കാണാൻ സാധിച്ചുവെന്ന് അക്രമണത്തിന് പിന്നാലെ ജെ.പി നഡ്ഡ പ്രതികരിച്ചു. ദുർഗയുടെ കൃപയാണ് തന്നെ രക്ഷിച്ചത്. മമത സർക്കാറിന് അധികകാലം നിലനിൽപ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകുന്നതായും നഡ്ഡ വ്യക്തമാക്കി.

റോഡ് തടഞ്ഞ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നഡ്ഡയുടെയും മറ്റ് അകമ്പടി വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. നഡ്ഡയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ മുഖം വ്യക്തമാക്കുന്ന സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരിനും കത്തയച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലും പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അക്രമണത്തിന് ശേഷം വീഴ്ച തിരിച്ചറിഞ്ഞാണ് പൊലീസ് നഡ്ഡയുടെ വാഹനത്തിന് കടന്നുപോകാനുള്ള വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിലെ ബിജെപി ഓഫീസ് നഡ്ഡ സന്ദർശിപ്പച്ചോൾ ഇരുന്നൂറിലേറെ വരുന്ന ആൾക്കൂട്ടം മുളവടികളുമായി തടഞ്ഞുവെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ ഘോഷ് ചൂണ്ടിക്കാണിച്ചു. അക്രമികൾ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നഡ്ഡയുടെ വാഹനത്തിന്റെ തൊട്ടടുത്തുവരെ അക്രമികളെത്തി. എന്നാൽ ഇതിലൊന്നും ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

ബം​ഗാൾ സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും സംസ്ഥാനത്ത് അസഹിഷ്ണുത വർധിച്ചു വരികയാണെന്നും കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജി അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. 'കോവിഡ് വ്യാപനത്തിനിടെ അവർ ഈദ് ആഘോഷത്തിന് അനുമതി നൽകി. ഞങ്ങൾ അതിന് എതിരല്ല. ഈദ് ആഘോഷത്തെ ഞങ്ങൾ അനുകൂലിക്കുന്നു. എന്നാൽ റാം മന്ദിർ ശിലാസ്ഥാപന ദിവസം അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്തിനാണ്' - നഡ്ഡ ചോദിച്ചു.

പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും അടക്കമുള്ളവ വളരെയധികം നടക്കുന്നുണ്ടെന്ന് നഡ്ഡ ആരോപിച്ചു. എന്നാൽ ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് അതിന്റെ കണക്കുകൾ നൽകുന്നത് മമത നിർത്തിവച്ചിരിക്കുന്നു. കോവിഡ് കണക്കുകൾപോലും പുറത്തുവിടാൻ വിസമ്മതിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ജനങ്ങൾക്ക് മുഖ്യധാരയിലെത്താനുള്ള അവസരം മമത നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ കുടുംബാധിപത്യമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപിക്കാർക്ക് പാർട്ടിയാണ് കുടുംബം. പാർട്ടി ഓഫീസിലാണ് ബിജെപിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. നേതാവിന്റെ വീട്ടിലല്ല. പശ്ചിമ ബംഗാളിൽ ബിജെപി അടുത്ത സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മമത സർക്കാരിനെ താഴെയിറക്കും. ബിജെപിയുമായി ബംഗാളിന് സവിശേഷ ബന്ധമാണുള്ളത്. ബിജെപിക്ക് രണ്ട് അധ്യക്ഷന്മാരെ ബംഗാളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ബംഗാളിലെ രക്ഷിക്കാനുള്ള ദൗത്യവുമായി ബിജെപി ശക്തമായി മുന്നോട്ടുപോകും. തൃണമൂൽ സർക്കാരിനെ പുറത്താക്കി 200 ലധികം സീറ്റുകൾനേടി ബിജെപി അധികാരം പിടിക്കുംമെന്നും ബിജെപി അധ്യക്ഷൻ അവകാശപ്പെട്ടു.

ബിജെപി ഓഫീസുകൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മമതയുടെ വസതിക്ക് സമീപമുള്ള കാളീഘട്ട് പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണത്തിനും ബുധനാഴ്ച നഡ്ഡ തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് പ്രചാരണം. നഡ്ഡയുടെ അധ്യക്ഷതയിൽ സംസ്ഥാന ബിജെപി ഭാരവാഹികളുടെ യോഗവും കഴിഞ്ഞ ​​​ദിവസം കൊൽക്കത്തയിൽ നടന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ, വൈസ് പ്രസിഡന്റ് മുകുൾ റോയ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.