കൊൽക്കത്ത: ഇന്ത്യൻ ദേശീയ ഗാനത്തിന്റെ പിതാവ് രബീന്ദ്രനാഥ് ടാഗോറിനെ അപമാനിച്ചുവെന്നാരോപിച്ച് കേന്ദ്ര സഹമന്ത്രി സുഭാഷ് സർക്കാറിനെതിരെ രൂക്ഷവിമർശനം. ചർമ്മം ഇരുണ്ടതായിരുന്നതിനാൽ ടാഗോറിന്റെ സ്വന്തം അമ്മയും വീട്ടിലുള്ള മറ്റ് സ്ത്രീകളും അദ്ദേഹത്തെ എടുക്കുവാൻ പോലും വിസമ്മതിച്ചിരുന്നതായി മന്ത്രി പറഞ്ഞിരുന്നു.ഇതാണ് വിവാദമായത്.

ടാഗോർ ബംഗാളിലെ ശാന്തിനികേതനിൽ സ്ഥാപിച്ച വിശ്വ ഭാരതി സർവകലാശാല സന്ദർശിക്കുന്ന അവസരത്തിലാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.'ലോകത്തിൽ രണ്ട് തരം വെളുത്ത ചർമ്മം ഉള്ള വ്യക്തികളുണ്ട്. ഒന്ന് കുറച്ച് മഞ്ഞ നിറത്തിൽ ഉള്ളവരും മറ്റൊന്ന് ചുവന്നതും. ഇത്തരക്കാർ ആദ്യവിഭാഗക്കാരെ അപേക്ഷിച്ച് കുറച്ച് ഇരുണ്ട ചർമ്മം ഉള്ളവരാണ്. ടാഗോർ ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലുള്ള മറ്റ് അംഗങ്ങളെല്ലാം ആദ്യ വിഭാഗത്തിൽപ്പെട്ടവരായിരുന്നതിനാൽ ടാഗോറിന്റെ അമ്മയും വീട്ടിലെ മറ്റ് സ്ത്രീകളും അദ്ദേഹത്തെ എടുക്കാൻ പോലും വിസമ്മതിച്ചിരുന്നു,' മന്ത്രി പറഞ്ഞു.മന്ത്രിയുടെ വാക്കുകൾ വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

ബംഗാളിൽ നിന്ന് തന്നെയുള്ള ബിജെപി സഹമന്ത്രിയായ സുഭാഷ് സർക്കാർ ഇത്തരത്തിൽ പ്രസ്താവിച്ചതാണ് പലരെയും ചൊടിപ്പിച്ചത്.സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിപക്ഷ നേതാക്കന്മാരും എല്ലാം ഇതിനോടകം തന്നെ മന്ത്രിക്കെതിരായി രംഗത്തു വന്നു കഴിഞ്ഞു. അതേസമയം മന്ത്രിയുടെ വാക്കുകൾ വ്യാഖ്യാനിച്ചതിൽ വന്നതിലുള്ള തെറ്റിദ്ധാരണയാണ് വിവാദങ്ങൾക്കു കാരണമെന്ന് ബിജെപി പറഞ്ഞു.