ഗുവാഹത്തി: അസമിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സമവായത്തിനായി സർബാനന്ദ സോനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും ബിജെപിയുടെ മുതിർന്ന നേതാക്കൾ ചർച്ച നടത്തി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരാണ് ഇരുവരുമായി ചർച്ച നടത്തിയത്.

ഞായറാഴ്ച അസമിൽ ബിജെപി നിയമസഭ കക്ഷിയോഗം ചേരാൻ യോഗത്തിൽ തീരുമാനിച്ചു. എല്ലാ ചോദ്യങ്ങൾക്കും യോഗത്തിന് ശേഷം ഉത്തരം ലഭിക്കുമെന്ന് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഹിമന്ദ ബിശ്വ ശർമ്മ പ്രതികരിച്ചു. .

ബംഗാളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടായ അക്രമസംഭവങ്ങൾ മൂലമാണു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ നീണ്ടതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് മികച്ച ഭരണകർത്താവ് എന്നു പേരുള്ള സർബാനന്ദ, പാർട്ടിയിലെ വിശ്വസ്തൻ ആയ ഹിമന്ത എന്നിവരിൽ ആരെ മുഖ്യമന്ത്രിയാക്കണം എന്ന കാര്യത്തിൽ ബിജെപി നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു.

2016 തിരഞ്ഞെടുപ്പിനു മുൻപ് സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് ബിജെപി മത്സരത്തിന് ഇറങ്ങിയത്. എന്നാൽ 2021 തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സാധാരണഗതിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ബിജെപി പാർലമെന്ററി ബോർഡ് ഇത്തവണ ചേർന്നിരുന്നില്ല.

126 അംഗ നിയമസഭയിൽ എൻഡിഎക്ക് എഴുപത്തിയഞ്ചും കോൺഗ്രസ് സഖ്യത്തിന് അൻപതും സീറ്റാണ് ഉള്ളത്