- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
33 ൽ 18 സീറ്റും നേടി അധികാരത്തിലെത്താൻ സഹായിച്ചത് ശബരിമല സമരം; ജനറൽ സീറ്റിൽ പട്ടികജാതി വനിതയെ ചെയർപേഴ്സണാക്കി ഞെട്ടിച്ചു; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഇപ്പോൾ നടക്കുന്നത് തമ്മിലടിയും തെറിയഭിഷേകവും; മുതിർന്ന അംഗം കെവി പ്രഭയെ തന്തയ്ക്ക് വിളിക്കുന്ന ചെയർപേഴ്സൺ സുശീല സന്തോഷിന്റെ വീഡിയോ വൈറൽ
പന്തളം: ശബരിമല സമരത്തിന്റെ അലയൊലി അടങ്ങുന്നതിന് മുൻപ് നടന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ ആകെയുള്ള 33 സീറ്റിൽ 18 ഉം നേടിയാണ് പന്തളം നഗരസഭാ ഭരണം ബിജെപി പിടിച്ചത്. ഏറെയും ജയിച്ചത് വനിതകൾ. എൻഡിഎ18, എൽഡിഎഫ് 9, യുഡിഎഫ്5 മറ്റുള്ളവർ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇടതും വലതും ഈ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുൻപ് വീണ്ടും ബിജെപി ഞെട്ടിച്ചു. ഭരണ പാരമ്പര്യവും നേതൃഗുണവുമുള്ള മുതിർന്ന അംഗം കെവി പ്രഭ, അച്ചൻകുഞ്ഞ് ജോൺ എന്നിവരെയൊന്നും പരിഗണിക്കാതെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സുശീല സന്തോഷിനെ ചെയർപേഴ്സണാക്കി ശക്തമായ സൂചനയാണ് ബിജെപി സംസ്ഥാന നേതൃത്വം നൽകിയത്. ദളിത്-പിന്നാക്ക സ്നേഹം പ്രസംഗിക്കുന്ന ഇടതിനും വലതിനും കഴിയാത്ത കാര്യം ചെയ്ത ബിജെപി കൈയടി നേടുകയും ചെയ്തു.
ഇവിടെ തീർന്നു എല്ലാം. പിന്നീട് കുത്തഴിഞ്ഞ ഭരണം നടക്കുന്നതാണ് നഗരസഭയിൽ കണ്ടത്. ഭരണ പരിചയമില്ലാത്ത, നവാഗതരായ വനിതകളുടെ കൈയിലായി നഗരസഭാ ഭരണം. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവർ വനിതകൾ. എങ്ങനെ ഭരിക്കണം, എന്തു ചെയ്യണമെന്ന് അറിയില്ല. മുൻപ് കൗൺസിലർ ആയവർ ഈ കൗൺസിലിലും ഉണ്ട്. ആരോടും ഉപദേശം ചോദിക്കാതെ ചെയർപേഴ്സണിന്റെ തന്നിഷ്ട പ്രകാരമുള്ള ഭരണം. ആദ്യ ബജറ്റ് കൃത്യ സമയത്ത് അവതരിപ്പിക്കാൻ സാധിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതും നീണ്ടു പോയി. പിന്നീട് സെക്രട്ടറിയും ഭരണ സമിതിയുമായി ഭിന്നത.
പ്രതിപക്ഷമായ എൽഡിഎഫും യുഡിഎഫും ചെലുത്തുന്ന സമ്മർദം. ഇതിനിടെയാണ് ബിജെപിയിൽ പാളയത്തിൽ പടയുണ്ടാകുന്നത്. മുൻപ് രണ്ടിലേറെ തവണ ജനപ്രതിനിധിയായിട്ടുള്ള കെവി പ്രഭയും ചെയർപേഴ്സൺ സുശീല സന്തോഷുമായി കനത്ത ഭിന്നത ഉടലെടുത്തു. കഴിഞ്ഞയാഴ്ച പദ്ധതി രൂപീകരണം ചർച്ച ചെയ്യാനുള്ള അജണ്ട വിളിച്ചപ്പോൾ ബിജെപിയിൽ ഒരു വിഭാഗം കൗൺസിലർ നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. ഇതോടെ കൗൺസിൽ മാറ്റി വയ്ക്കേണ്ടി വന്നു. ചെയർപേഴ്സൺ തന്നിഷ്ട പ്രകാരം കാര്യങ്ങൾ നീക്കുന്നതാണ് ബിജെപിയിൽ ഭിന്നതയ്ക്ക് കാരണമായത്.
ഞായറാഴ്ച പദ്ധതി രുപീകരണവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണും മറ്റു ചില കൗൺസിലർമാരും നഗരസഭയിൽ എത്തിയിരുന്നു. സുശീല സന്തോഷിന്റെ ഭർത്താവും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാവരും കൂടിയിരിക്കുന്ന വിവിധ ചിത്രങ്ങൾ എടുത്ത ബിജെപി നഗരസഭാ കൗൺസിലർമാർ ഇരിക്കുന്ന ഗ്രൂപ്പിൽ ഇടുകയും ഭാര്യയാണോ ഭർത്താവാണോ ചെയർ പേഴ്സൺ എന്ന തരത്തിൽ കമന്റ് വരികയും ചെയ്തു. ഈ പടമെടുത്ത് അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത് കെവി പ്രഭയാണെന്ന് പറഞ്ഞ് തിങ്കളാഴ്ച വൈകിട്ടാണ് നഗരസഭാ കൗൺസിൽ ഹാളിൽ ബഹളം നടന്നത്. പാഞ്ഞെത്തിയ ചെയർപേഴ്സൺ സുശീല സന്തോഷ് കൗൺസിലർ കെവി പ്രഭയുടെ തന്തയ്ക്ക് വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. മറ്റു ബിജെപി കൗൺസിലർമാർക്കൊപ്പം ഇരിക്കുകയായിരുന്ന പ്രഭ അപ്രതീക്ഷിതമായ ആക്രമണത്തിൽ ആദ്യം പകച്ചു പോയതും പിന്നീട് പ്രതികരിക്കുന്നതും വീഡിയോയിൽ നിന്ന് കാണാം.
രോഷത്തോടെ പ്രതികരിക്കുന്ന ചെയർപേഴ്സൺ, പ്രഭയെ കൈയേറ്റം ചെയ്യുമെന്ന് പറയുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇവർ തമ്മിലുള്ള ശീതസമരം മറനീക്കിയിട്ട് അധികകാലമായില്ല. പദ്ധതി രൂപീകരണ കൗൺസിൽ യോഗം പ്രഭയുടെ നേതൃത്വത്തിൽ ബഹിഷ്‌കരിച്ച് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് ഇത് മൂർധന്യത്തിലെത്തിയത്. അന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പന്തളത്ത് എത്തുകയും പ്രഭയെയും സുശീലയെയും വിളിച്ച് ഒത്തു തീർപ്പ് ചർച്ച ഒന്നിച്ചും പ്രത്യേകവുമായി നടത്തുകയും ചെയ്തിരുന്നു.
അതിന് ശേഷം വലിയ കുഴപ്പമില്ലാതെ തുടരുമ്പോഴാണ് കഴിഞ്ഞ ദിവസം ഈ പ്രശ്നമുണ്ടാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. സുശീലയെ ചെയർപേഴ്സൺ സ്ഥാനത്ത് നീക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.