ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പു നൽകുന്ന കൃത്യമായ സന്ദേശം ബിജെപിയുടെ വളർച്ചയെ തടയാൻ കോൺഗ്രസ് എന്ന പഴയ പാർട്ടിക്ക് കരുത്തില്ലെന്നു തന്നയാണ്. ഓരോ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബിജെപി തന്ത്രം മെനയുമ്പോൾ രാജ്യം മുഴുവൻ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി പടർന്നു പന്തലിക്കുന്നു. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനെ മൂലക്കിരുത്തിയാണ് വളർന്നത്. രാജ്യത്തെ പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കി വളരുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഏകാധിപത്യത്തിലേക്കുള്ള വഴിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്താനും കാരണം ഇതാണ്.

അതേസമയം പ്രാദേശിയമായി കരുത്തുള്ള സഖ്യത്തെ ഒപ്പം ചേർത്ത ശേഷം അവരെ ശോഷിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുന്ന്. ഈ തന്ത്രം ശരിക്കും മനസ്സിലാക്കിയതു കൊണ്ടാണ് ശിവസേന ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ ആണെങ്കിലും കോൺഗ്രസും എൻസിപിയുമായി കൈകോർത്തത്. പാർട്ടിയുടെ നിലനിൽപ്പിന് ബിജെപി ഭീഷണിയാണെന്ന് മനസ്സിലാക്കിയാണ് അവർ മറുകണ്ടം ചാടിയത്. അതേസമയം മുന്നണിയിലെ കക്ഷികളെ വിഴുങ്ങി ബിജെപി സ്വയം വലുതാകുമ്പോൾ സഖ്യം കൂടുതൽ ക്ഷീണിക്കുകയാണ്.

സഖ്യകക്ഷിയെ മറയാക്കി വളരുകയെന്ന തന്ത്രം പ്രയോഗിച്ച് ബിഹാറിലും ജയിക്കാൻ സാധിച്ചെന്ന സന്തോഷത്തിലാണ് ബിജെപി. ഇതേസമയം, ഇനിയും പാർട്ടിക്കു കരുത്തില്ലാത്ത സംസ്ഥാനങ്ങളിൽ ഈ തന്ത്രം പ്രയോഗിക്കുന്നതു ശരിയാവില്ലെന്ന ആശങ്കയും ബിജെപിക്കുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഖ്യകക്ഷികളിലൂടെയാണ് 'ഹിന്ദി ബെൽറ്റ് പാർട്ടി' ദേശീയതലത്തിൽ വൈവിധ്യം ഉറപ്പാക്കിയിരുന്നത്. അതിനാൽ പാർട്ടി വളരുമ്പോൾ സഖ്യം ചെറുതാകുന്നതു ഭാവിയിൽ ദോഷമാകാമെന്നു ബിജെപിയിലെ ചില മുതിർന്ന നേതാക്കൾക്കു വിലയിരുത്തലുണ്ട്.

തങ്ങളെ മറയാക്കി വളരുകയെന്ന തന്ത്രത്തെ പ്രാദേശിക കക്ഷികൾ ചെറുക്കുന്ന സ്ഥിതിയാകുമ്പോൾ കൂടുതൽ വിജയങ്ങൾക്കു തടസ്സങ്ങളുണ്ടാകാമെന്നും നേതാക്കൾ കരുതുന്നു. മഹാരാഷ്ട്ര തന്നെ ഉദാഹരണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒഡീഷയും ഇപ്പോഴും ബിജെപിയോട് അകലം പാലിക്കുന്നു. ബിഹാറിൽ ഉപമുഖ്യമന്ത്രി ബിജെപിയുടേതായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിലേക്കു നീങ്ങിയപ്പോൾ സർക്കാർ നിതീഷ് കുമാറിന്റെയും ജെഡിയുവിന്റെയും മാത്രമെന്ന മട്ടിലായി കാര്യങ്ങൾ.

കഴിഞ്ഞ വർഷം ജൂണിൽ നിതീഷ് മന്ത്രിസഭ വികസിപ്പിച്ചപ്പോൾ ബിജെപി പ്രതിനിധി ഉൾപ്പെടാതിരുന്നതുപോലും ഈ അകലം പാലിക്കലിന്റെ തുടക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെടണമെന്ന ബിഹാറിലെ പാർട്ടിക്കാർ ആവശ്യപ്പെട്ടെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം വഴങ്ങിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുടെ ബലത്തിൽ മാത്രം ജയിക്കുകയെന്നത് എത്രമാത്രം ഗുണകരമെന്ന ആശങ്ക സംസ്ഥാനങ്ങളിലും ഉന്നയിക്കപ്പെടുന്നുണ്ട്.

അടുത്തതായി വരാനിരിക്കുന്ന തമിഴ്‌നാട് ബംഗാൾ തിരെഞ്ഞെടുപ്പുകളാണ് ബിജെപി ലക്ഷ്യമിട്ടുന്നത്. ബംഗാളിൽ സിപിഎമ്മിന്റെ തളർച്ചയാണ് ബിജെപിക്ക് വളമായി മാറിയത്. അതേസമയം തമിഴ്‌നാട്ടിൽ എഐഎഡിഎംകെക്ക് ഒപ്പം നിൽക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ പാർട്ടിക്ക് ഭാവിയിൽ കർണാടകത്തിലെ ദേവഗൗഡയുടെ അനുഭവം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും സജീവമാണ്.