തൃശ്ശൂർ: കൊടകരയിൽ മൂന്നരക്കോടി രൂപ കവർന്ന കേസിലെ രണ്ടു പ്രതികളെ ബിജെപി തൃശൂർ ഓഫിസിൽ വിളിച്ചു വരുത്തി നേതാക്കൾ ചോദ്യം ചെയ്തതായി പൊലീസ്. അതേസമയം തട്ടിയെടുത്ത പണം കണ്ടെത്താൻ ബിജെപി ശ്രമിച്ചത് പാർട്ടിയുടെ ഫണ്ടായതുകൊണ്ടാണെന്ന് പൊലീസ് പറയുന്നു. എന്നാൽ പിടിച്ചെടുത്ത ഫണ്ട് ബിജെപിയുടേതല്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ പൊലീസിന് മൊഴി നൽകി.

കൊടകരയിൽ മൂന്നരക്കോടി തട്ടിയെടുത്ത ക്രിമിനൽ സംഘത്തെ പൊലീസ് തിരിച്ചറിയും മുമ്പേ ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞതായി പ്രതികളിൽ നിന്ന് സൂചന കിട്ടി. പ്രതികളായ രഞ്ജിത്തിനേയും ദീപക്കിനേയും ബിജെപി തൃശൂർ ഓഫിസിൽ വിളിച്ചു വരുത്തി നേതാക്കൾ ചോദ്യം ചെയ്തതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. തട്ടിയെടുത്ത പണം ബിജെപിയുടേതാണ് എന്നതിന് തെളിവ് ഈ മൊഴിയാണെന്ന് പൊലീസ് പറയുന്നു. ബിജെപി ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

അതേസമയം, കുഴൽപ്പണ ഇടപാടിൽ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ പൊലീസിനോട് പറഞ്ഞു. കുന്നംകുളത്തെ സ്ഥാനാർത്ഥി ആയതിനാൽ പ്രചാരണ തിരക്കിലായിരുന്നു. ധർമരാജന്റെ പരാതി അന്വേഷിക്കാനാണ് പ്രതി ദീപക്കിനെ ഓഫിസിൽ വിളിച്ച് വരുത്തിയത് . സമാന്തര അന്വേഷണം നടത്തിയതും ധർമരാജൻ പറഞ്ഞതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് ലഘുലേഖകൾ കൊണ്ടുവരാൻ വന്നതാണ് ധർമരാജൻ. അതുകൊണ്ടാണ് മുറിയെടുത്ത് നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയും കൂട്ടുപ്രതിയുമായ ദീപ്തിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. 17 ലക്ഷം രൂപ കൂടി രഞ്ജിത്തിൽ നിന്ന് കണ്ടെടുക്കാനുണ്ട്. നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി രൂപയാണ് കണ്ടെടുത്തത്.