തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തതായി ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണെന്ന് ബിജെപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല

കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്

ഏറ്റവുമൊടുവിൽ ബിജെപിയെപ്രകോപിപ്പിച്ചത് ഏഷ്യാനെറ്റിന്റെ മുതിർന്ന റിപ്പോർട്ടറായ പി.ആർ.പ്രവീണയുടെ പ്രതികരണമാണ്. ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാർത്തകൾ മനഃപൂർവ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകാത്തതെന്ന് ലേഖിക പറഞ്ഞത് വിവാദമായിരുന്നു. കെപിസിസി സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.

സംഭവം വിവാദമായതോടെ, പ്രവീണ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഖേദ പ്രകടനം നടത്തി.

സുഹൃത്തുക്കളെ, ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റെ് ഓഫീസിലേക്ക് വരുന്നുണ്ട്. കോവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസും സംഭവത്തിൽ മാപ്പുപറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണിൽ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണത്തിൽ അനാവശ്യവും അപക്വവും ആയ പരാമർശങ്ങൾ കടന്നു കൂടിയതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകരോടുള്ള പെരുമാറ്റത്തിൽ ഇത്തരം വീഴ്ചകൾ വരുത്തുന്നതിനോട് ഒട്ടും വിട്ടുവീഴ്ച പുലർത്താത്ത ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന്, ഒരു കാരണവശാലും ഇത് ആവർത്തിക്കില്ലെന്ന്, ഞങ്ങൾക്ക് ഒപ്പം എന്നും നിന്നിട്ടുള്ള പ്രിയ പ്രേക്ഷക സമൂഹത്തിന് ഉറപ്പ് നൽകുന്നു
എഡിറ്റർ

ഇതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേജിൽ വന്ന മാപ്പപേക്ഷ.

ബംഗാളിൽ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാർ അനുയായികളാണ്. ഈ വാർത്തകൾ കൊടുക്കാൻ ചാനലിന് മനസില്ലെന്നാണ് പ്രവീണ ഫോൺസംഭാഷണത്തിൽ വ്യക്തമാക്കിയത്. ബംഗാളിലെ അക്രമങ്ങൾ എന്തുകൊണ്ട് ചാനൽ ചർച്ച ചെയ്യില്ലെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്. യാതൊരുവിധ മാന്യതയുമില്ലാതെയാണ് പ്രവീണ സംസാരിച്ചത്. ഇതാണ് വിവാദമായത്.

കോട്ടയത്തുനിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങൾ ഏഷ്യാനെറ്റ് കൊടുക്കാത്തതെന്നാണ് ചോദിച്ചത്. ഇതിനു പ്രവീണ നൽകിയ മറുപടി, ബംഗാളിൽ വല്ലവനുമായ സംഘിക്കാർക്ക് അടികൊണ്ടതിന് നമ്മൾ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലലോ?. ഈ മറുപടി കേട്ട യുവതി ബംഗാളിൽ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, ബംഗാളിലുള്ളവർ ഇന്ത്യയിലല്ല, അവർ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങൾക്ക് ഇപ്പോൾ ഈ വാർത്ത കൊടുക്കാൻ സൗകര്യമില്ലെന്നും വേണമെങ്കിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാൽ മതിയെന്നും പ്രവീണ പറയുന്നു.

ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. പരിവാറുകാർ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാൻ ആഹ്വാനവും നൽകി. ഇതിന് പിന്നാലെയാണ് ഖേദ പ്രകടനം വന്നത്. എന്നാൽ, ലേഖികയോട് ചാനൽ മൃദുസമീപനമാണ് കാട്ടുന്നതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ സൈബറാക്രമണം തുടരുകയാണ്. നേരത്തെ സിപിഎമ്മും ഏഷ്യാനറ്റിനെ ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് ഏഷ്യാനെറ്റ് എഡിറ്റർ എംജി രാധാകൃഷ്ണൻ സിപിഎം നേതൃത്വവുമായി സംസാരിച്ച് അനുരഞ്ജനത്തിൽ എത്തുകയായിരുന്നു.

അതേസമയം, 2020 മാർച്ചിൽ മീഡിയ വണ്ണിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്രസർക്കാർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു.ആരാധനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു. വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചെങ്കിലും പിന്നീട് സർക്കാർ വിലക്ക് മാറ്റുകയും ചെയ്തു.