- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കാലഹരണപ്പെട്ട താപ്പനകളെ കെട്ടി എഴുന്നെള്ളിക്കുന്നതിനു പകരം പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കി നിർത്തിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ വോട്ടു നേടാമായിരുന്നു'; പിണറായി സ്തുതിയുടെ പേരിൽ രാജഗോപാലിന് പുറകെ സി.കെ.പിക്കും ബിജെപി അണികളുടെ വക കൊട്ട്
കണ്ണൂർ: അടിയും കിട്ടി പുളിയും കുടിച്ചുവെന്ന മട്ടിൽ തോറ്റ് വശം കെട്ടിരിക്കുന്ന കണ്ണൂരിലെ ബിജെപിക്ക് കനത്ത പ്രഹരമായി ദേശീയ കൗൺസിൽ അംഗം സി.കെ പത്മനാഭന്റെ വെട്ടി തുറന്ന് പറച്ചിൽ. തെരഞ്ഞെടുപ്പ് വിധി വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് സി.കെ പത്മനാഭൻ രംഗത്ത് വന്നത് പാർട്ടിക്കുള്ളിൽ കടുത്ത അമർഷമുണ്ടാക്കിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ സി.കെ.പിയുടെ പിന്നിൽ നിന്നുള്ള കുത്തേറ്റ് പുളഞ്ഞു പോയിരിക്കുകയാണ് കണ്ണൂരിലെ ബിജെപി നേതൃത്വം.
തിരുവിതാംകൂറിൽ ഒ രാജഗോപാലാണ് നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ചതെങ്കിൽ മലബാറിൽ സി.കെ. പത്മനാഭനാണ് ആഞ്ഞടിച്ചത്. പിണറായി വിജയന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള രണ്ടാം വരവിനെ ധർമ്മടത്ത് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ പത്മനാഭൻ തന്നെ പുകഴ്ത്തിയത് ബിജെപിക്ക് വേണ്ടി വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്ത സാധാരണ പ്രവർത്തകരെ രോഷം കൊള്ളിച്ചിട്ടുണ്ടു്.
സോഷ്യൽ മീഡിയയിലും ബിജെപി പ്രവർത്തകരുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിലും സി.കെ.പിക്കെതിരെ അതിരൂക്ഷമായ വിമർശനമാണുയരുന്നത് കാലഹരണപ്പെട്ട ഇത്തരം താപ്പനകളെ കെട്ടിയെഴുന്നെള്ളിക്കുന്നതിനു പകരം പുതുമുഖങ്ങളെയാരെയെങ്കിലും സ്ഥാനാർത്ഥിയാക്കി നിർത്തിയിരുന്നുവെങ്കിൽ ധർമ്മടത്ത് ഇതിനെക്കാൾ കൂടുതൽ വോട്ടു നേടാനാവുമെന്നായിരുന്നു ചിലർ പ്രതികരിച്ചത്. പിണറായിയെ പുകഴ്ത്തി സംസാരിക്കുന്നത് പത്മനാഭന് പുത്തരിയല്ലെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗെയിൽ ഗ്യാസ് ലൈൻ, ദേശീയപാതാ വികസനം എന്നിവയുമായി ബന്ധപെട്ട് സി.കെ.പി. പിണറായിയും സിപിഎം സർക്കാരിനെയും അഭിനയിച്ചതിന്റെ പേപ്പർ കട്ടിങ് സഹിതമാണ് ഇത്തരത്തിലുള്ള വിമർശനം ഉയരുന്നത്. പാർട്ടിയിൽ വിവാദമുണ്ടായിട്ടും സി.കെ.പി തിരുത്താൻ തയ്യാറാവാത്തത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള കൂറുള്ള തുകൊണ്ടാണെന്നു കുറ്റപെടുത്താനും പലരും തയ്യാറാവുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കുണ്ടായ പരാജയത്തിൽ നേതൃത്വം ആത്മപരിശോധന നടത്തണമെന്നാണ് സി.കെ. പത്മനാഭൻ തുറന്നടിച്ചത് കേരളത്തിൽ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്തമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനവിധിയെ വളരെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു. തുടർ ഭരണമെന്നത് കേരളത്തിലെ ജനങ്ങളുടെ മനസിൽ കുറെക്കാലമായി നിലനിൽക്കുന്ന സ്വപ്നമാണ്. പിണറായി വിജയൻ ചെയ്ത ഒരു പാട് നല്ല കാര്യങ്ങളുണ്ട്. അതിൽ കുറ്റങ്ങൾ മാത്രം കാണുകയെന്നത് ശരിയല്ല കോവിഡ് പ്രതിസന്ധിയിൽ മറ്റു പല സംസ്ഥാനങ്ങളെക്കാൾ നന്നായി പിണറായി വിഷയം കൈകാര്യം ചെയ്തു.
പിണറായി വിജയൻ തീർച്ചയായി തുടരട്ടെയെന്ന് ആശംസിക്കാനും സി.കെ.പി മറന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന പ്രവർത്തകർക്ക് പാർട്ടിയിൽ അവഗണന നേരിടുകയാണ്. ബിജെപിയിൽ പാർട്ടി പ്രവർത്തകർക്ക് പല തരത്തിലും അതൃപ്തിയുണ്ട്. ഈ പരാതികൾക്ക് പരിഹാരം വേണമെന്നും സി.കെ.പി പറഞ്ഞിരുന്നു.
എന്നാൽ സി.കെ. പി യെപ്പോലെ ദേശീയ ഭാരവാഹിയായ മുതിർന്ന നേതാവ് പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയത് അച്ചടക്ക ലംഘനമാണെന്ന അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. പരാജയകാരണങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും കോർ കമ്മിറ്റി യോഗങ്ങൾ ചേർന്നുകൊണ്ടിരിക്കുകയാണെന്നും അതിനിടെ യിലുള്ള പരസ്യ വിമർശനങ്ങൾ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നുമാണ് സംസ്ഥാന നേതാക്കളിലൊരാൾ ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.
എന്നാൽ സി.കെ. പി യെ പ്രവർത്തകർ ഒ രാജഗോപാലിനെയെന്ന പോലെ സോഷ്യൽ മീഡിയയിൽ കടന്നാക്രമിക്കുന്നുണ്ടെങ്കിലും നേതൃത്വം ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്രയും കാലം ബി ജെ.പിയിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയതിന് ശേഷം ഇപ്പോൾ പാർട്ടിക്കൊരു പ്രതിസന്ധി വരുമ്പോൾ കാലുവാരി നിലത്തടിക്കാൻ നോക്കുന്ന പ്രവണത അത്ര നല്ലതെല്ലന്ന വികാരം ഈ വിഷയത്തിൽ ആർ.എസ്.എസും പ്രകടിപ്പിക്കുന്നുണ്ട്.