- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗബാധ തലച്ചോറിലേക്ക് പകരാതിരിക്കാൻ മലപ്പുറം സ്വദേശിയുടെ ഒരു കണ്ണ് നീക്കം ചെയ്യണ്ടിവന്നു; ലക്ഷണങ്ങൾ അവഗണിച്ചാൽ ഈ ഫംഗസ് ജീവനും കൊണ്ടു പോകും; വഷളാകാതിരിക്കാൻ തുടക്കത്തിലേ ചികിൽസ വേണം; കോവിഡിനെ തരണം ചെയ്തവരും ഈ അസുഖത്തെ കരുതിയിരിക്കണം; ബ്ലാക്ക് ഫംഗസ് ബാധയിൽ കരുതലുകൾ അനിവാര്യം
തിരുവനന്തപുരം: അതീവ ഗുരുതരമാണ് കോവിഡ് രോഗികളിൽ റിപ്പോർട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് ബാധ (മ്യൂകർമൈകോസിസ്). കേരളത്തിലും കേസുകൾ കൂടുന്നു. ബ്ലാക്ക് ഫംഗസ് ബാധ പുതിയതല്ലെങ്കിലും കോവിഡ് രോഗികളിൽ തുടരെ റിപ്പോർട്ട് ചെയ്യുന്നതാണു വെല്ലുവിളി. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കു മരുന്നു കഴിക്കുന്നവരിൽ പ്രതിരോധശേഷിയിൽ കുറവുണ്ടാകാം. ഈ ഘട്ടത്തിൽ വ്യാപിക്കുന്ന ഫംഗസുകളിൽ ഒന്നാണിത്. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ബാധിക്കാം.
കേരളത്തിൽ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി റിപ്പോർട്ടുചെയ്തു ഈ രോഗാവസ്ഥ. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിച്ച് വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്. അതേസമയം, അവഗണിച്ചാൽ മരണകാരണമായേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) മുന്നറിയിപ്പ് നൽകുന്നു. കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവന്നിരിക്കും, വേദനയുണ്ടാകും. പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസിക നിലയിൽ മാറ്റം തുടങ്ങിയവ അനുബന്ധമായി വരാം. ഈ ലക്ഷണങ്ങൾ പരിശോധിച്ച് ചികിൽസ തേടാനാണ് നിർദ്ദേശം. ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ് എന്നത് മാത്രമാണ് ആശ്വാസം.
അനിയന്ത്രിത പ്രമേഹമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘനാൾ ഐസിയുവിൽ കഴിഞ്ഞവർ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർ എന്നിവരിലാണ് കൂടുതൽ സാധ്യത. മൂക്കടഞ്ഞിരിക്കുകയോ തടസ്സം തോന്നുകയോ ചെയ്യുക. മൂക്കിൽ നിന്നു കറുപ്പു നിറത്തിലുള്ളതോ രക്തം കലർന്നതോ ആയ സ്രവം. മുഖത്തിന്റെ ഒരു ഭാഗത്തു വേദന, തരിപ്പ്, വീക്കം. അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവയിൽ കറുപ്പു കലർന്ന നിറവ്യത്യാസം. പല്ലുവേദന, പല്ലു കൊഴിയൽ, താടിയെല്ലിനു വേദന, മങ്ങിയ കാഴ്ച, പനി, തൊലിപ്പുറത്തു ക്ഷതം, നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ഈ രോഗാവസ്ഥയെ സംശയിക്കണം.
മ്യൂകർമൈസെറ്റ്‌സ് ഫംഗസുകൾ മണ്ണിലും വായുവിലുമൊക്കയുണ്ട്. ചിലപ്പോൾ മൂക്കിനുള്ളിലും കയറിക്കൂടും. രോഗപ്രതിരോധ വ്യവസ്ഥ ശക്തമായതിനാൽ നമ്മുടെ ശരീരത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്താനാവില്ല. എന്നാൽ, കോവിഡ് ബാധിതരിൽ പ്രതിരോധശേഷി കുറവായിരിക്കും. കോവിഡ് നെഗറ്റീവായാലും പ്രതിരോധശേഷി പൂർവസ്ഥിതിയിലാകാൻ സമയമെടുക്കും. ശരീരത്തിൽ കയറിക്കൂടുന്ന ഫംഗസ് അണുബാധയുണ്ടാക്കും. ഇത് വഷളാകാതിരിക്കാൻ തുടക്കത്തിലേ ചികിത്സ വേണം. കോവിഡ് മുക്തരായ ആളുകൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയണം. ഫംഗസ് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇടപഴകരുത്. പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയ്ഡ് ഉപയോഗം കുറയ്ക്കുക എന്നിവയും പ്രധാനമാണ്.
പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്പൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിൽ രോഗബാധയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രോഗബാധ തലച്ചോറിലേക്ക് പകരാതിരിക്കാൻ മലപ്പുറം സ്വദേശിയുടെ ഒരു കണ്ണ് നീക്കംചെയ്യണ്ടിവന്നു.
രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്‌നാട് ഗൂഢല്ലൂർ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയിൽ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്പതു പേർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.രോഗബാധിതയായ പാലക്കാട് സ്വദേശിനി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രമേഹബാധിതകൂടിയായ ഇവർക്ക് ഗുരുതരമായ രീതിയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. മലപ്പുറം ജില്ലയിലെ രണ്ടു രോഗികളും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ