- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെന്റിലേറ്ററുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തും; കാറ്റഗറി സി വിഭാഗത്തിൽ പെടുന്ന രോഗികൾ കൂടുതലുള്ളതും ബ്ലാക്ക് ഫംഗസ് കൂടുതലായി എത്താൻ കാരണമാകും; ഇന്നലെ കേരളത്തിൽ മ്യൂക്കർമൈക്കോസിസ് ബാധിച്ചു മരിച്ചത് നാലു പേർ; ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിക്കുമ്പോൾ
കൊച്ചി: മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിക്കുമ്പോൾ കോവിഡു കാലത്ത് മറ്റൊരു ആരോഗ്യ ഭീഷണി കൂടി കേരളം നേരിടുന്നു. ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം പതിയെ ഉയരുന്നതാണ് പ്രതിസന്ധിയായി മാറുന്നത്. ബ്‌ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകും.
രാജ്യത്ത് ഇതുവരെ 8,848 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നും കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് 7,000 പേരുടെ ജീവൻ കവർന്നെന്നും ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ ഗുജറാത്തിലാണ്-2,281. മഹാരാഷ്ട്ര-2000, ആന്ധ്രാപ്രദേശ്-910, മധ്യപ്രദേശ്-720, രാജസ്ഥാൻ-700, കർണാടക-500, ഹരിയാന-250, ഡൽഹി-187, പഞ്ചാബ്-95, ഛത്തീസ്‌ഗഡ്- 87, ബിഹാർ-56, തമിഴ്‌നാട്-40, കേരളം-36, ഝാർഖണ്ഡ്-27, ഒഡീഷ-15, ഗോവ-12 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. ഈ സാഹചര്യത്തിലാണ് കേരളം ജാഗ്രത കൂട്ടുന്നത്.
കേരളത്തിൽ കോവിഡിൽ കാറ്റഗറി-സി വിഭാഗത്തിൽപ്പെടുന്ന രോഗികളുടെ എണ്ണം കൂടുതലായതിനാൽ കൂടുതൽ പേർക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്‌തേക്കാമെന്നാണ് നിഗമനം. ഇതിനെത്തുടർന്ന് രോഗികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. അതിവേഗം രോഗികളെ കണ്ടെത്തിയാൽ ചികിൽസയിലൂടെ രോഗം ഭേദമാക്കാം. ഇതാണ് പ്രതീക്ഷ. കോവിഡ് ചികിത്സാകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ബ്‌ളാക്ക് ഫംഗസിന്റെ കാര്യത്തിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ച് ജനങ്ങൾക്കിടയിൽ കൃത്യമായ ധാരണയില്ലാത്തതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവളി.
വെന്റിലേറ്ററുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ഡോക്ടർമാരുടെ നിർദ്ദേശാനുസരണമല്ലാതെ സ്റ്റിറോയ്ഡുകൾ തുടരുന്നവർക്ക് ബോധവത്കരണം നൽകും. ബ്‌ളാക്ക് ഫംഗസ് ലക്ഷണങ്ങളുമായി എത്തുന്നവരെ കണ്ടെത്താൻ ഒ.പി.കളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ഹൈറിസ്‌ക് വിഭാഗക്കാർക്ക് മൂക്കൊലിപ്പ്, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയുംവേഗം ആശുപത്രികളിൽ ചികിൽസ തേടണം.
ഈ വിഭാഗക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് മുക്തർക്ക് അസാധാരണമായ ലക്ഷണങ്ങൾ തോന്നിയാലും വൈദ്യസഹായം തേടണം. ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുന്നവർ രോഗാവസ്ഥ നിയന്ത്രണത്തിലാക്കണം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ മടിക്കരുത്. തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ചാൽ രോഗി ഗുരുതരാവസ്ഥയിലേക്കു പോകാം. നിലവിൽ ഭീതിയുടെ സാഹചര്യമില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് എറണാകുളം ജില്ലകളിലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 2 പേർ കൂടി മരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച ആലുവ നൊച്ചിമ കാച്ചംകുഴി ഹൗസിൽ ജുമൈലത്ത് ഇബ്രാഹിം (50), പള്ളിലാംകര ഉഷസ് ഭവനിൽ ചന്തു (77) എന്നിവരുടെ മരണം ബ്ലാക്ക് ഫംഗസ് മൂലമാണെന്നു സ്ഥിരീകരിച്ചു.
6 പേർക്കാണ് എറണാകുളം ജില്ലയിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നോർത്ത് പറവൂർ സ്വദേശി (58) കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലും (45) ചികിത്സയിലാണ്.
ബെംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശി ഉൾപ്പെടെ 2 പേർക്കു കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14 ആയി.
കൊല്ലം ജില്ലയിൽ ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. തലച്ചിറ സ്വദേശിയായ രോഗി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ