ഇന്ന് ഏറെ ചർച്ച ചെയ്യപ്പടുന്ന ഒരു വിഷയം ബ്ലാക്ക് ഫംഗസ് ആണല്ലോ. കോവിഡുമായി ബന്ധപ്പെട്ട ബ്ലാക്ക് ഫംഗസ് കേസുകൾ ഉയരുന്നതിന്റെ ഭീതിയിലാണ് രാജ്യം. ബ്ലാക്ക് ഫംഗസ് മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭയത്തിലാണ് നമ്മൾ. ഇത് ഇപ്പോൾ വന്ന ഫംഗസ് ബാധയല്ല. നൂറ്റാണ്ടുകളായി അത് ഇവിടെ തന്നെയുണ്ട്. അത് മനുഷ്യശരീരത്തിൽ കയറാറും ഉണ്ട്. എന്നാൽ മനുഷ്യരുടെ രോഗപ്രതിരോധശേഷിയെ ഭേദിക്കാനുള്ള ശേഷിയൊന്നും അതിനുണ്ടായിരുന്നില്ല. കോവിഡ് ബാധിതരായിരുന്നവർക്ക് രോഗപ്രതിരോധശേഷി കുറയുന്നതിന്റെ ഭാഗമായാണ് ബ്ലാക്ക് ഫംഗസ് മരണകാരിയായി മാറുന്നത്. കോവിഡ് വന്ന് ഭേദപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസമെങ്കിലും രോഗപ്രതിരോധം വളരെ കുറവായിരിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിൽ നാം വളരെ സൂക്ഷിക്കേണ്ടതുണ്ട്. ചെറിയ രോഗങ്ങൾ പോലും അപകടകാരിയായി മാറാറുണ്ട്.

കോവിഡ് ചികിത്സയിലുള്ളവരെയും രോഗമുക്തി നേടിയവരെയുമാണ് ഫംഗസ് മൂലമുണ്ടാകുന്ന ഈ രോഗം മാരകമായി ബാധിക്കുന്നു. പതിനൊന്നായിരത്തിലധികം ബ്ലാക്ക് ഫംഗസ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു മാറ്റാവുന്നതാണ് ഈ അപൂർവ ഫംഗൽ അണുബാധ.

ബ്ലാക്ക് ഫംഗസ് തിരിച്ചറിയുന്നതിനുള്ള പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് തുടർച്ചയായ തലവേദന. കോവിഡ് സമയത്ത് സാധാരണ പലർക്കും ഒന്നോ രണ്ടോ ദിവസം തലവേദന വരാറുണ്ട്. എന്നാൽ രോഗമുക്തി കാലയളവായ 14 ദിവസങ്ങൾക്ക് ശേഷവും തലവേദന തുടർന്നാൽ അത് ബ്ലാക്ക് ഫംഗസ് ലക്ഷണമാകാം. മൈക്രോമൈസറ്റസ് എന്നയിനം ഫംഗസുകൾ പരത്തുന്ന ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരെയാണ് പലപ്പോഴും പിടികൂടുക. ചുറ്റുപാടുകളിൽ നിന്ന് ശ്വാസത്തിലൂടെ ഉള്ളിൽ കടക്കുന്ന ഫംഗസുകൾ സൈനസിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാൻ തുടങ്ങും. ഇത് തുടർച്ചയായ തലവേദനയും മുഖത്തിന്റെ ഒരു വശത്ത് നീർക്കെട്ടും ഉണ്ടാക്കാം.

വായിലെ നിറം മാറ്റവും മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തെ കുറഞ്ഞ സംവേദനവും ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളാകാമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ പറയുന്നു. സൈനസ് ഇടനാഴിയിലാണ് അണുബാധ ആരംഭിക്കുന്നത് എന്നതിനാൽ ചിലർക്ക് മൂക്കടപ്പ് അനുഭവപ്പെടാം. ബ്ലാക്ക് ഫംഗസ് അണുബാധ കടുക്കുമ്പോഴാണ് ഫംഗസ് മുഖത്തേക്ക് പടർന്ന് മുഖത്തിന് വൈകൃതം വരുത്തുന്നത്. ചില രോഗികളിൽ പല്ലുകൾ ഇളകുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൈനസിന്റെ എക്‌സ്-റേ, സിടി -സ്‌കാൻ വഴിയാണ് ബ്ലാക്ക് ഫംഗസ് അണുബാധ കണ്ടെത്തുന്നത്. രണ്ടാമത്തെ വഴി നേസൽ എൻഡോസ്‌കോപ്പി വഴിയുള്ള ബയോപ്‌സി ആണ്. പിസിആർ അധിഷ്ഠിത രക്തപരിശോധനയും ബ്ലാക്ക് ഫംഗസ് നിർണ്ണയത്തിന് ഉപയോഗിക്കാറുണ്ട്.