- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന് പിന്നാലെ അനുബന്ധരോഗമായ ബ്ലാക്ക് ഫംഗസും രാജ്യത്തിന് തലവേദനയാകുന്നു; മഹാരാഷ്ട്രയിൽ മരണപ്പെട്ട 52 പേരും കോവിഡിനെ അതിജീവിച്ചവർ; സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന് എയിംസ് ഡയറക്ടർ; മൂക്കിനെയും കണ്ണിനെയും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന വില്ലൻ ഉറക്കം കെടുത്തുന്നു
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) അണുബാധ മൂലം ഇതുവരെ 52 പേർ മരിച്ചുവെന്ന വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിരിച്ചിരിക്കുകയാണ്. ഇതോടെ ബ്ലാക്ക് ഫംഗസ് എന്തെന്നറിയാനുള്ള തിരക്കിലാണ് പലരും. കോവിഡിനെ അതിജീവിച്ചവരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ പറയുന്നത് സ്റ്റിറോയ്ഡുകളുടെ ഓവർ ഡോസാണ് ബ്ലാക്ക് ഫംഗസിന് കാരണം എന്നാണ്.
എയിംസിൽ 23 രോഗികൾ ഈ രോഗത്തിന് ചികിത്സയിലുണ്ട്. അതിൽ 20 പേരും ഇപ്പോഴും കോവിഡ് പോസിറ്റീവാണ്. പല സംസ്ഥാനങ്ങളും 500 ലേറെ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുഖം, മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെ ബാധിക്കാം. ചിലപ്പോൾ കാഴ്ചശക്തിയും നഷ്ടപ്പെടാം. ശ്വാസകോശത്തിലേക്കും ബാധിക്കാം, രൺദീപ് ഗുലേറിയ പറഞ്ഞു.
മ്യൂക്കർമൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവർക്കു സ്റ്റിറോയ്ഡുകൾ നൽകുകയും ചെയ്താൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാൻ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് കേസുകൾ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവർഷം മഹാമാരി ആരംഭിച്ചതിന് ശേഷം ഇതുവരെ 52 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് മഹാരാഷ്ട്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. എല്ലാവരും കോവിഡ് രോഗം ഭേദമായവരാണ്. തലവേദന, പനി, കണ്ണുകളിൽ വേദന തുടങ്ങിയവാണ് രോഗലക്ഷണങ്ങൾ. ആദ്യമായാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടത്.
കഴിഞ്ഞദിവസം സംസ്ഥാനത്ത് 1500 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് വ്യക്തമാക്കിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത് ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നുണ്ട്. പ്രമേഹരോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കോവിഡാന്തരം രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്.
എന്താണ് ബ്ലാക്ക് ഫംഗസ്?
ചുറ്റുപാടുകളിൽ സാധാരണയായി കാണപ്പെടുന്ന ഇനം ഫംഗസ്, കോവിഡിനെ തുടർന്ന് പ്രതിരോധശേഷി ദുർബലമാകുന്നതോടെ ശരീരത്തെ ബാധിക്കുന്നു. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് ലക്ഷണങ്ങളിൽ ചിലത്. അണുബാധ തലച്ചോറിനെയും ശ്വാസകോശങ്ങളെയും ബാധിച്ചാൽ മരണകാരണമാകും. കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാകാം.
മ്യൂക്കോർമൈസെറ്റ്സ് ഇനത്തിൽ പെട്ട ഫംഗസുകളാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ഇടയാക്കുന്നത്. മണ്ണിലും വായുവിലുമൊക്കെയുള്ള ഇവ ചിലപ്പോൾ മൂക്കിൽ പ്രവേശിക്കുമെങ്കിലും രോഗപ്രതിരോധശേഷി ശക്തമാണെങ്കിൽ ദോഷം ചെയ്യില്ല. എന്നാൽ കോവിഡ് ബാധിതരുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെന്നതാണ് വിനയാകുന്നത്. കോവിഡ് ബാധിതരിൽ സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയമായ ഉപയോഗവും പ്രതിരോധശേഷിയെ തളർത്തും. 50 ശതമാനമാണ് മരണനിരക്ക്. തുടക്കത്തിൽ തന്നെയുള്ള ചികിത്സയാണ് അനിവാര്യം. കോവിഡ് ഭേദമായവർ തുടർന്നും വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയാൻ ശ്രദ്ധിക്കണം.
മുഖത്തിന്റെയോ മൂക്കിന്റെയോ ഒരുവശത്തു വേദന, ചുവപ്പുനിറം, തലവേദന, ചുമ, ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണുവേദന,കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കാൻസർ രോഗികൾ, അവയവങ്ങൾ മാറ്റിവച്ചവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.
മറുനാടന് മലയാളി ബ്യൂറോ