നാഗ്പൂർ: ദുർമന്ത്രവാദം നടത്താൻ പ്രേരിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മന്ത്രവാദത്തിൽ പങ്കുചേർന്നാൽ 50കോടി രൂപ മഴയായ് പെയ്യുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ചൂഷണം നടത്താൻ ഒരുങ്ങിയത്.

ഫെബ്രുവരി 26ന് പെൺകുട്ടി നാഗ്പുർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ചംഗ സംഘത്തിലെ ഒരാളെത്തി പെൺകുട്ടിയോട് മറ്റു നാലുപേർക്കൊപ്പം ദുർമന്ത്രവാദത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ചടങ്ങിനിടെ വിവസ്ത്രയാക്കുമെന്ന് പറഞ്ഞതോടെ പെൺകുട്ടിക്ക് സംശയം തോന്നി. തുടർന്ന് ഒഴിഞ്ഞുമാറിയ പെൺകുട്ടിയെ സംഘം ശല്യപ്പെടുത്താൻ തുടങ്ങി. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിക്കി ഗനേശ് ഗപ്രി (20), ദിനേശ് മഹാദേവ് നികാരെ (25), രാമകൃഷ്ണ ദാദാജി മസ്‌കർ(41), വിനോദ് ജയറാം മസ്രം (42), സോപൻ ഹരിബാഹു കുംറെ(35) എന്നിവരാണ് പ്രതികൾ. പെൺകുട്ടിയുടെ പരാതിയിൽ വിക്കി, ദിനേശ്, രാമകൃഷ്ണ ദാദാജി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.