- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പിനെ വിലക്കരുതെന്ന ഉത്തരവ് വേണമെന്ന് ഡിജിപി നിർദ്ദേശിച്ചു; രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ക്രമസമാധാന ചുമതലയുള്ള എഡിജിപി അതനുസരിച്ചില്ലെന്ന് റിപ്പോർട്ട്; കറുത്ത മാസ്‌ക് അഴിപ്പിച്ചതും കറുപ്പ് വേഷധാരികളെ അകത്തിട്ടതിലും അനിൽകാന്ത് അസംതൃപ്തൻ; പൊലീസ് മേധാവിയുടെ ഇടപെടൽ ആർക്കെങ്കിലും വിനയാകുമോ?
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തു നിന്ന് ആവർത്തിച്ച് ഉത്തരവു നൽകിയിട്ടും വീണ്ടും മാസ്‌ക് അഴിപ്പിച്ചതും കറുത്ത വേഷധാരികളെ പിടിച്ച് അകത്താക്കിയതും ഗൗരവത്തോടെ എടുത്ത് പൊലീസ് മേധാവിയും. ഇതിന് പിന്നിലെ കാരണം വ്യക്തമാക്കാനാണ് 4 ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി കിട്ടിയാലും ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നും ഡിജിപിക്ക് എടുക്കാനാകില്ല. ഐപിഎസുകാരായതിനാൽ സർക്കാരിന് മാത്രമേ നടപടികൾ എടുക്കാൻ കഴിയൂ എന്നതാണ് വസ്തുത.
മുഖ്യമന്ത്രിയെ കരിങ്കൊടി പ്രതിഷേധത്തിൽ നിന്നു രക്ഷിക്കാൻ കറുത്ത മാസ്‌ക് വലിച്ചെടുത്തും കറുത്ത വേഷധാരികളെ അകത്താക്കിയും സംസ്ഥാന വ്യാപകമായി 2 ദിവസം പൊലീസ് ഇടപെടൽ നടത്തി. അന്നൊന്നും മുഖ്യമന്ത്രി നേരിട്ട് പ്രതികരണം നടത്തിയില്ല. ഏതാണ്ടെല്ലാ പൊതു പരിപാടിയും തീർത്തോടെ പ്രതികരണവുമായി എത്തി. ആദ്യ ദിവസം കോട്ടയത്തും കൊച്ചിയിലും പൊലീസ് കറുപ്പിനെതിരെ നടത്തിയ പരാക്രമം പരിധി വിട്ടപ്പോൾ കറുത്ത മാസ്‌ക് അഴിപ്പിക്കരുതെന്നും കറുത്ത വസ്ത്രധാരികളെ തടയരുതെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കു ഡിജിപി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഞയറാഴ്ചയും അത് നടന്നു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസും കറുത്ത മാസ്‌കിൽ പ്രതികരിച്ചിരുന്നു. ഇതും മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിലാണ് അനിൽ കാന്തിന്റെ ഇടപെടൽ. വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവികളോടു പൊലീസ് ആസ്ഥാനത്തു നിന്നു വിവരം തിരക്കിയപ്പോൾ എഡിജിപിയുടെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് അവർ അറിയിച്ചു. തുടർന്നു കറുപ്പിനെതിരെ നടപടി പാടില്ലെന്ന കർശന നിർദ്ദേശം ഉടൻ ജില്ലാ പൊലീസ് മേധാവികൾക്കു നൽകാൻ സാഖറെയോട് അനിൽകാന്ത് 2 പ്രാവശ്യം നിർദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടായിരുന്നു ഇത്. എന്നിട്ടും ഇദ്ദേഹം ഉത്തരവ് നൽകിയില്ലെന്നാണു സൂചനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കറുപ്പ് നിരോധിക്കണമെന്ന് ഇന്റലിജൻസ് വിഭാഗവും ആവശ്യപ്പെട്ടില്ല. കറുപ്പു മാസ്‌ക് മാറ്റിയതും കറുത്ത വേഷധാരികളെ പിടിച്ചതുമായ എല്ലാ ഉദ്യോഗസ്ഥരുടെയും വിവരം ഉടൻ പൊലീസ് ആസ്ഥാനത്ത് അറിയിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. മേലുദ്യോഗസ്ഥർ പറഞ്ഞിട്ടാണ് അതു ചെയ്തതെന്ന് നിയമം ലംഘിച്ച ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയാൽ അവരും കുടുങ്ങുമെന്നാണു സൂചന. കോട്ടയം, കോഴിക്കോട്, എറണാകളും, മലപ്പുറം ജില്ലകളിലാണ് കറുപ്പ് പൊലീസ് അഴിച്ചു മാറ്റിയത്. മാധ്യമ പ്രവർത്തകയുടെ അടക്കം മാസ്‌ക് ഊരി വാങ്ങി. പല സ്ഥലത്തും മാസ്‌ക് ഊരി വാങ്ങുന്നതിന്റെ ദൃശ്യങ്ങളുമെത്തി.
കറുത്ത വേഷമിട്ടെത്തിയ ട്രാൻസ് ജെൻഡേഴ്‌സിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന സ്ഥിതിയും ഉണ്ടായി. ഇതെല്ലാം വ്യാപക ചർച്ചയായി കഴിഞ്ഞു. കറുപ്പിനോട് കലിപ്പില്ലെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചു. അതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിന്യാസം ഉയർത്തുന്ന ചോദ്യങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ഇന്ന് ഇടതുമുന്നണി നേതൃയോഗം ചേരും. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ച കലുഷിത രാഷ്ട്രീയാന്തരീക്ഷത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും കവചമൊരുക്കുകയാണ് അജൻഡ.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ ബദൽ പ്രചാരണ പരിപാടികൾ യോഗം ആവിഷ്‌കരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ നിർദേശങ്ങൾ എൽഡിഎഫിൽ അവതരിപ്പിച്ചു മുന്നണിയുടെ നേതൃത്വത്തിൽ നടപ്പാക്കാനാണ് ഇന്നു മൂന്നരയ്ക്ക് യോഗം ചേരുന്നത്. സ്വപ്നയുടെ പുതിയ ആക്ഷേപങ്ങളെ എൽഡിഎഫ് പാടേ തള്ളുന്നു. അതിന്റെ പേരിൽ പ്രതിപക്ഷം നടത്തുന്ന സമരവും അംഗീകരിക്കുന്നില്ല. എന്നാൽ അതിനെ ചെറുക്കാൻ സർക്കാരും പൊലീസും നടത്തിയ നടപടികളിൽ സിപിഐക്ക് ഉൾപ്പെടെ അഭിപ്രായ വ്യത്യാസമുണ്ട്. സ്വപ്നയുടെ കൂട്ടുപ്രതി സരിത്തിന്റെ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് നടത്തിയ നാടകത്തെ വിമർശിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതു പരസ്യമാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരു പറഞ്ഞു നാടിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ജനങ്ങളെ ബന്ദിയാക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തതിനോടും മുന്നണിയിൽ കടുത്ത അതൃപ്തിയുണ്ട്. രാജാവിനെക്കാൾ വലിയ രാജഭക്തിയാണു പൊലീസ് കാണിക്കുന്നതെന്ന് ഉന്നത സിപിഐ നേതാവ് പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കുന്നതിനാൽ അതിന്റെ ബാധ്യതയിൽ നിന്ന് അദ്ദേഹത്തിനു പൂർണമായും ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന വികാരവും സിപിഐയിലുണ്ട്.
കറുപ്പു നിറത്തിനു പൊലീസ് പ്രഖ്യാപിച്ച വിലക്കിനെതിരെ എൽഡിഎഫിലും സിപിഎമ്മിൽ തന്നെയും ഉയർന്ന വിമർശനം കൂടി കണക്കിലെടുത്താണു രാഷ്ട്രീയഭരണ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ല പൊലീസ് അപ്രകാരം ചെയ്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് ഡിജിപിയും നടപടിയുമായി എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ