- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്കൂളിന് സമീപം ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു; വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല; സ്ഫോടനം നടന്നത്, താലിബാൻ രാജ്യമാകെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്കൂളിനു പുറത്തു ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഏറെയും വിദ്യാർത്ഥികളാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണു സൂചന.
നിരവധി പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റതിൽ അധികവും പെൺകുട്ടികളാണ്.
മർക്കിയിലെ സയ്യദ് അൽഷുഹാദ ഹൈസ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥിനികളെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സ്കൂളിൽ ആൺകുട്ടികൾക്കു രാവിലെയും പെൺകുട്ടികൾക്ക് ഉച്ചതിരിഞ്ഞുമാണു ക്ലാസ് നടക്കുന്നത്. വൈകീട്ട് നാലോടെയാണ് ആക്രമണമുണ്ടായത്.
സയ്യദ് അൽഷുഹാദ സ്കൂളിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായതെന്ന് ആഭ്യന്തര മന്ത്രാലയത്തിൽപ്പെട്ട പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
'പെൺകുട്ടികളും ആൺകുട്ടികളും പഠിക്കുന്ന സ്കൂളിന് സമീപമാണ് സ്ഫോടനം നടന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് വിദ്യാർത്ഥികൾ പഠനത്തിന് എത്തുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പെൺകുട്ടികൾക്കുള്ളതാണ്'. വിദ്യാഭ്യാസ മന്ത്രാലയ വക്താവ് നജീബ ഏരിയൻ പറഞ്ഞു. പരിക്കേറ്റതിൽ ഏറെപ്പേരും പെൺകുട്ടികളാണെന്ന് അവർ പറഞ്ഞു.
ഇതുവരെ 46 പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഗുലാം ദസ്തഗിർ നസാരി പറഞ്ഞു. ക്രുദ്ധരായ ജനം ആംബുലൻസുകളെയും ആരോഗ്യപ്രവർത്തകരെയും ആക്രമിച്ചു.
അഫ്ഗാനിൽ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിനെ തുടർന്ന് ആക്രമണ മുന്നറിയിപ്പ് നൽകിയികുന്നു.
സെപ്റ്റംബർ 11 നകം അഫ്ഗാനിലെ യുഎസ് സൈനികരെ തിരികെ വിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം കാബൂൾ അതീവ ജാഗ്രതയിലാണ്. തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു. സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.