- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തപാൽ വോട്ടിൽ നടക്കുന്നത് വൻ അട്ടിമറി; നാലും എട്ടും വർഷം മുൻപു മരിച്ചവർ തപാൽ വോട്ടിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയപ്പോൾ പട്ടിക തയ്യാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് തടിയൂരാൻ ഉദ്യോഗസ്ഥർ; ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതീക്ഷ; ചെന്നിത്തലയുടെ പോരാട്ടം ഒരിക്കൽ കൂടി വിജയം കാണുമ്പോൾ
തിരുവനന്തപുരം: കള്ളവോട്ടു തടയാൻ വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പോരാട്ടത്തിന് ആത്മവിശ്വാസം പകരുന്നതാണ് ഇന്നലെ ഹൈക്കോടതിയുടെ ഇടപെടലും. ഇരട്ടവോട്ടുകളുടെ വിഷയത്തിൽ ആരും ഇരട്ടവോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിർദേശിച്ചിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തിൽ കൂടുതൽ നിരീക്ഷണം വരുമെന്ന കാര്യം ഉറപ്പായി.
അതേസമയം തപാൽ വോട്ടിന്റെ കാര്യത്തിലും വൻ അട്ടിമറിയുണ്ടെന്ന സംശയം ശക്തമാണ്. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരിൽ തപാൽ വോട്ട് തയാറാക്കിയതിന്റെ തെളിവുകൾ പുറത്തുവന്നു. തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ എട്ടു വർഷം മുൻപു മരിച്ചയാളും വഞ്ചിയൂരിൽ നാലു വർഷം മുൻപു മരിച്ചയാളും പോസ്റ്റൽ വോട്ടിനുള്ള പട്ടികയിലുണ്ട്.
വോട്ട് അനുവദിച്ചുള്ള പട്ടിക പ്രാദേശിക രാഷ്ട്രീയക്കാരുടെ കയ്യിൽ കിട്ടിയപ്പോഴാണു ഭൂരിഭാഗം പേരും ഇങ്ങനെയുള്ള വോട്ടിന്റെ കാര്യം അറിഞ്ഞത്. പട്ടിക തയാറാക്കിയതിലെ പിഴവെന്നു പറഞ്ഞ് ഒഴിയാനാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. വോട്ടർപട്ടികയിൽ ഇരട്ടിപ്പും വ്യാജരും നിരവധിയാണെന്ന ആക്ഷേപത്തിനു പിന്നാലെയാണ് ഈ സംഭവം. ഇതെല്ലാം തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശക്തമാണ്.
അന്തിമ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. . ഇരട്ട/വ്യാജ വോട്ടുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി ഇന്നും വീണ്ടും പരിഗണിക്കും.
ഒരാൾ എവിടെയൊക്കെ പട്ടികയിൽ പേരു ചേർത്താലും ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു. എല്ലാ വോട്ടെടുപ്പ് സ്ഥലങ്ങളിലും ആവശ്യത്തിനു കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിച്ചു നീതിപൂർവവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണം. ഇതിന് യുദ്ധകാലാടിസ്ഥാനത്തിൽ കമ്മിഷൻ നടപടിയെടുക്കണം. പരാതിക്കിടയില്ലാതെ ഇത് അക്ഷരംപ്രതി നടപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രമേശ് ചെന്നിത്തല നൽകിയതു പൊതാൽപര്യ ഹർജിയില്ല, രാഷ്ട്രീയ താൽപര്യ ഹർജിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നൽകിയ എതിർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും പരാതിക്കാരനോ പാർട്ടിയോ പിഴവു ചൂണ്ടിക്കാട്ടിയില്ല. അവസരങ്ങളൊന്നും ഉപയോഗിക്കാതിരുന്ന പരാതിക്കാരൻ 11ാം മണിക്കൂറിലാണു ഉണർന്നതെന്നും എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു.
ഇരട്ട/വ്യാജ വോട്ടുകൾ പരിശോധിച്ച ശേഷമുള്ള പൂർണ പട്ടിക ഇന്നു തയാറാകും. ബൂത്ത് ലെവൽ ഓഫിസർമാരോട് (ബിഎൽഒ) ഈ പട്ടിക ഇന്നു സമർപ്പിക്കാനാണ് കലക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വോട്ടെടുപ്പു ദിവസം ഈ പട്ടിക വോട്ടർ പട്ടികയ്‌ക്കൊപ്പം പ്രിസൈഡിങ് ഓഫിസർമാർക്കു നൽകി വ്യാജ വോട്ടുകൾ പൂർണമായി തടയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
ഇരട്ട/വ്യാജ വോട്ടർമാരെക്കുറിച്ച് വീടുകളിലെത്തി അന്വേഷണം നടത്തി, അവിടെ താമസമുള്ളവർക്കുമാത്രം വോട്ട് നിലനിർത്തി മറ്റുള്ളവ അനർഹരുടെ പട്ടികയിലേക്കു മാറ്റണമെന്നാണ് ബിഎൽഒമാരോട് നിർദേശിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ ഭൂരിഭാഗം ബൂത്തുകളിലും ഇരട്ടിപ്പും വ്യാജവോട്ടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണു സൂചന. ഓരോ ജില്ലയിലെയും അനർഹരുടെ പട്ടികയിലേക്കു മാറ്റിയ വോട്ടർമാരുടെ എണ്ണം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കൊവിഡിന്റെ മറവിൽ നടക്കുന്ന പോസ്റ്റൽ വോട്ടിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആരോപിച്ചു. എട്ടുവർഷം മുമ്പ് മരിച്ചവർക്കു പോലും പോസ്റ്റൽ വോട്ടുണ്ട്. 80 വയസ്സു കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും അനുവദിച്ച പോസ്റ്റൽ വോട്ടിലാണ് കൃത്രിമം നടക്കുന്നത്. പോസ്റ്റൽവോട്ടിനായി സമ്മതപത്രം നൽകാത്തവരുടെയും അപേക്ഷിക്കാത്തവരുടെയും പേരുകളും പോസ്റ്റൽ ബാലറ്റ് പട്ടികയിലുണ്ട്. തിരുവനന്തപുരം സെൻട്രലിൽ പോസ്റ്റൽവോട്ടിനുള്ള ലിസ്റ്റിൽ എട്ടുവർഷം മുമ്പ് മരിച്ചുപോയവരുൾപ്പെടെ കടന്നുകൂടിയിട്ടുള്ളത് സംബന്ധിച്ച് വി എസ്. ശിവകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് തിര. കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പോസ്റ്റൽവോട്ടുകൾ സീൽഡ് ബാലറ്റ്ബോക്‌സിൽ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്നത് സ്ട്രോങ് റൂമിലല്ല. വെറുതെ ബാഗിലിട്ട് കൊണ്ടുപോകുകയാണ്. ഇവ സൂക്ഷിക്കുന്ന പലയിടത്തും സി.സി.ടി.വി ഇല്ല. പ്രതിപക്ഷ പാർട്ടി പ്രതിനിധികളെ അറിയിക്കുന്നതുപോലുമില്ല. പൊലീസ് അസോസിയേഷൻ അനധികൃതമായി പൊലീസുകാരുടെ വോട്ടിന്റെ കാര്യത്തിൽ ഇടപെടുന്നു. വോട്ട് ചെയ്തശേഷം അത് മൊബൈലിൽ പകർത്തി പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ചു കൊടുക്കണമെന്ന് നിർദ്ദേശമുണ്ട്. ഇത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പിയോട് പറഞ്ഞിരുന്നു.
വ്യാപകമായ കള്ളവോട്ട് കേരളത്തിൽ നടത്താൻ സിപിഎം ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയവർ തന്നെയാണ് തന്റെ അമ്മയുടെ പേരിൽ ഇരട്ടവോട്ടുണ്ടാക്കിയത്. തിരുവനന്തപുരത്തുനിന്ന് ഹരിപ്പാട്ടേക്ക് തന്റെയും കുടുംബത്തിന്റെയും വോട്ടുകൾ മാറ്റിയപ്പോൾ തിരുവനന്തപുരത്തെ വോട്ടുകൾ നീക്കം ചെയ്യാൻ പ്രത്യേക അപേക്ഷയും നൽകിയിരുന്നു. എല്ലാവരുടെയും കാര്യത്തിൽ നടപടിയെടുത്ത അധികൃതർ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത 80 വയസുള്ള അമ്മയുടെ വോട്ട് നീക്കംചെയ്തില്ല. അതിൽ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ