- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെയിൽ ബോംബുപൊട്ടി വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; ധർമ്മടം, പാലയാട് മേഖലയിൽ പരിശോധന ശക്തമാക്കി പൊലീസ്; അപകടം നടന്ന സ്ഥലം ആർ.എസ്.എസ് സ്വാധീന മേഖലയെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വവും
തലശേരി: കളിക്കുന്നതിനിടെ ലഭിച്ച ഐസ്ക്രീം ബോളിൽ നിറച്ച വെടിമരുന്ന് പൊട്ടി കുട്ടിക്ക് പരുക്കേറ്റ സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കി. ധർമടം പാലയാട് മേഖലകളിൽ ഇന്നും ബോംബുകൾക്കും മാരകായുധങ്ങൾക്കുമായി റെയ്ഡു തുടരുമെന്ന് പൊലിസ് അറിയിച്ചു. പാലയാട് നരിവയലിലെ പിഎസ് ഹൗസിൽ ശ്രീവർധ് പ്രദീപി (12) നാണ് പരിക്കേറ്റത്.
കൈക്കും വയറിനും കാലിനും പരിക്കേറ്റ കുട്ടി തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്ന സ്ഥലം ആർ. എസ്. എസ് സ്വാധീനപ്രദേശമാണെന്ന ആരോപണവുമായി സി.പി. എം പ്രാദേശിക നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പാലയാട് ഡയറ്റ് ലേഡീസ് ഹോസ്റ്റലിന് പുറകുവശത്തെ വീട്ടുമുറ്റത്ത് പന്ത് കളിക്കുകയായിരുന്നു ശ്രീവർധ്. പന്ത് തെറിച്ച് ലേഡീസ് ഹോസ്റ്റലിന്റെ പിറകുവശത്തേക്ക് വീണു. പന്തെടുക്കുന്നതിനിടെ കുറ്റിക്കാട്ടിൽ കണ്ട മൂന്ന് ഐസ്ക്രീം ബോൾ കുട്ടികൾ എടുത്ത് മുകളിലേക്ക് എറിഞ്ഞതിനിടെയാണ് പൊട്ടിയത്. ശബ്ദംകേട്ടെത്തിയ നാട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കൂടെയുള്ള രണ്ടു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു.
പ്രദീപിന്റെയും ദിവ്യയുടെയും മകനാണ് കടമ്പൂർ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീവർധ്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പിടിച്ചെടുത്ത ബോംബുകൾ അപകടരഹിതമായി നീർവീര്യമാക്കിയിട്ടുണ്ട്. ധർമ്മടം പാലയാട് മേഖലകളിൽ ഇന്നും ബോംബുകൾക്കായി തെരച്ചിൽ ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്