തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പള അഡ്വാൻസ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, പൊതുമേഖല സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും സർക്കാർ ബോണസ് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും. 8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.