ന്യൂഡൽഹി: കോവിഡിന്റെ ഓമിക്രോൺ വകഭേദത്തെ തടുത്തു നിർത്താൻ ആവില്ലെന്നും അത് എല്ലാവരെയും ബാധിക്കുമെന്നും ഐസിഎംആർ വിദഗ്ധൻ. ബൂസ്റ്റർ ഡോസുകൾക്ക് ഓമിക്രോണിനെ തടയാൻ ആവില്ലെന്നും ഐ സി എം ആർ സയന്റിഫിക്ക് അഡൈ്വസറി കമ്മിറ്റി തലവൻ ഡോ ജയപ്രകാശ് മുള്ളിയിൽ എൻഡി ടിവിയോട് പറഞ്ഞു.

ബൂസ്റ്റർ ഡോസ് ഒരു മാറ്റവും ഉണ്ടാക്കില്ല. വൈറസ് ബാധ സംഭവിക്കും. ലോകമെമ്പാടും അങ്ങനെയാണ് സംഭവിച്ചത്, അദ്ദേഹം പറഞ്ഞു. കോവിഡ് ഇപ്പോൾ പേടിപ്പിക്കുന്ന ഒരു രോഗമല്ല. പുതിയ വകഭേദത്തിന് തീവ്രത കുറവാണ്. പഴയത് പോലെ ആശുപത്രി വാസം വേണ്ടി വരുന്നില്ല. രോഗത്തെ കൈകാര്യം ചെയ്യാം എന്ന നിലയിൽ എത്തിയിരിക്കുന്നു. നമ്മൾ വ്യത്യസ്തമായ വൈറസിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിന് ഡെൽറ്റയേക്കാൾ തീവ്രത കുറവാണ്. അതുമാത്രമല്ല, അതിനെ തടുത്തുനിർത്തുക, പ്രായോഗികമായി സാധ്യമല്ല, ഡോ.ജയപ്രകാശ് മുള്ളിയിൽ പറഞ്ഞു.

രോഗബാധയിലൂടെ ഉള്ള സ്വാഭാവിക പ്രതിരോധശേഷി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. അതുകൊണ്ടാണ് മറ്റുപല രാജ്യങ്ങളെയും പോലെ ഇന്ത്യയിലെ സ്ഥിതി അത്ര മോശമാവാതിരിക്കുന്നത്. വാക്‌സിനുകൾ വരും മുമ്പ് തന്നെ രാജ്യത്തെ 85 ശതമാനം പേരെയും വൈറസ് ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യഡോസ് ഒരു ബൂസ്റ്റർ ഡോസായിരുന്നു. രോഗബാധയിലൂടെ ആർജ്ജിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി ദീർഘകാലം നിലനിൽക്കുന്നതല്ല എന്നതാണ് ലോകമെമ്പാടും ഉള്ള തത്ത്വശാസ്ത്രം. എന്നാൽ, അത് തെറ്റാണെന്നാണ് ഞാൻ കരുതുന്നത്, ഡോ.ജയപ്രകാശ് മുള്ളിയിൽ പറഞ്ഞു.

വൈദ്യശാസ്ത്ര സ്ഥാപനങ്ങൾ ഒന്നും ബൂസ്റ്റർ ഡോസുകൾ ശുപാർശ ചെയ്തിട്ടില്ല. ബൂസ്റ്റർ ഡോസുകൾ മഹാമാരിയുടെ സ്വാഭാവിക പുരോഗതിയെ തടഞ്ഞുനിർത്തില്ല. പലർക്കും തങ്ങൾ ഓമിക്രോൺ ബാധിതരാണോ എന്ന വസ്തുത അറിയില്ലെന്നും രാജ്യത്തെ 80 ശതമാനത്തോളം ആൾക്കാർക്കും തങ്ങൾക്ക് കോവിഡ് പിടിപെട്ടത് എപ്പോഴാണെന്ന ധാരണ ഉണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് ദിവസത്തിന് ശേഷം മാത്രമായിരിക്കും ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതെന്നും ഈ സമയത്തിനുള്ളിൽ നിരവധിപേർക്ക് രോഗിയിൽ നിന്ന് കോവിഡ് വൈറസ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

രണ്ട് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റിൽ പോലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കുകയുള്ളു. ഇക്കാരണത്താൽ തന്നെ വൈറസ് ബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത ആളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ സി എം ആർ ബൂസ്റ്റർ ഡോസ് നൽകാൻ ഇതുവരെയായും ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻകരുതൽ ഡോസുകൾ മാത്രമാണ് നിർദ്ദേശിച്ചതെന്നും ഡോക്ടർ പറഞ്ഞു. 60 വയസിന് മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രണ്ടാമത്തെ ഡോസ് നൽകിയിട്ടും ഇവരിൽ കാര്യമായ മാറ്റങ്ങളൊന്നും കാണാത്തതിനാലാണ് ബൂസ്റ്റർ ഡോസ് ഐ സി എം ആർ നിർദ്ദേശിക്കാത്തതെന്നും ഡോക്ടർ പറഞ്ഞു.