ലണ്ടൻ: ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ബോറിസ് ജോൺസൺ പങ്കെടുക്കുമെന്ന് ഉറപ്പായതോടെ ബ്രിട്ടൻ തികഞ്ഞ പ്രതീക്ഷയിലാണ്. ബ്രെക്സിറ്റിനു ശേഷം വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കുന്ന കാര്യത്തിൽ ബ്രിട്ടൻ എന്നും മുൻഗണന കൊടുത്തിരിക്കുന്നത് ഇന്ത്യയ്ക്ക് തന്നെയാണ്. 1993-ൽ ജോൺ മേജർ പങ്കെടുത്തതിനു ശേഷം ഇത് രണ്ടാം തവണയാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.

ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി ഒരു സ്വതന്ത്ര വാണിജ്യ കരാർ ഉണ്ടാക്കുക എന്നതുതന്നെയായിരിക്കും ഈ സന്ദർശനത്തിൽ ബോറിസ് ജോൺസന്റെ മുഖ്യ ലക്ഷ്യമെന്ന് ബോറിസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഗ്ലോബൽ ബ്രിട്ടൻ എന്ന ലക്ഷ്യം മുന്നിൽ കണ്ടുനടക്കുന്ന ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

ബ്രെക്സിറ്റ് നടപടികൾ ഡിസംബർ 31 ന് അവസാനിക്കുന്നതിനാൽ, അതിനുശേഷം ബോറിസ് ജോൺസൺ നടത്തുന്ന ആദ്യത്തെ പ്രധാന വിദേശയാത്രയും ഇതായിരിക്കും. ഇതിനോടൊപ്പം ബ്രിട്ടനിൽ അടുത്ത വേനൽക്കാലത്ത് നടക്കുന്ന ശക്തരായ രാജ്യങ്ങളുടെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയേയും ക്ഷണിച്ചിട്ടുണ്ട്. ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങൾക്കും ഇന്ത്യയ്ക്കൊപ്പം ഈ ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിയായി ആഗ്രഹിക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധം നിലവിൽ വരുവാൻ തന്റെ സന്ദർശനം പ്രയോജനപ്പെടുമെന്ന് ബോറിസ് പറഞ്ഞു. മാത്രമല്ല, ബ്രിട്ടനെ ആഗോള വിപണിയിൽ സുസജ്ജമാക്കുവാനുള്ള ഗ്ലോബൽ ബ്രിട്ടൻ പദ്ധതിക്ക് ഇത് നല്ലൊരു തുടക്കമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഇന്തോ-പസഫിക് മേഖലയിലെ പ്രധാന രാജ്യമെന്ന നിലയിൽ വികസനം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മേഖലകളിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം പ്രധാന പങ്കാളികളിൽ ഒരാളായാണ് ബ്രിട്ടൻ ഇന്ത്യയെ കാണുന്നത്. ഇന്ത്യയിൽ നിന്നും നിക്ഷേപങ്ങളും സ്വീകരിക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് ഇന്ത്യൻ നിക്ഷേപകർക്ക് തീർച്ചയായും ഒരു അനുഗ്രഹമായി മാറും. മാത്രമപ്പൽ അതീവ നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ ഇന്ത്യാക്കാർക്ക് തൊഴിൽ അവസരവും ഉറപ്പാക്കും. നിലവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യം ഏകദേശം 24 ബില്ല്യൺ പൗണ്ടോളം വരും. മാത്രമല്ല, ഇതുമൂലം ഏതാണ്ട് 5 ലക്ഷത്തോളം തൊഴിലവസരങ്ങളും ഉണ്ടായിട്ടുണ്ട്.

നിലവിൽ ബ്രിട്ടനിൽ 842 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ എല്ലാം കൂടി ആകെ ടേൺഓവർ 41.2 ബില്ല്യൺ പൗണ്ട് വരും. ഇത് വിപുലപ്പെടുത്തകയാവും ബോറിസ് ജോൺസൺ ആദ്യം ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുക വഴി ഇന്ത്യയിലും ബ്രിട്ടനിലും ധാരാളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും സാധിക്കും.