ലണ്ടൻ: ഇന്ത്യയുമായി ബ്രിട്ടൻ ഒപ്പുവയ്ക്കുന്ന വ്യാപാര നിക്ഷേപ കരാറിലൂടെ ബ്രിട്ടനിൽ 6000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ബോറിസ് ജോൺസൺ ഉറപ്പുനൽകി. 1 ബില്ല്യൺ പൗണ്ടിന്റെ കരാറിലാണ് ഇപ്പോൾ ഇരു രാജ്യങ്ങളും ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 533 മില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപങ്ങളും ഉൾപ്പെടും. ക്ലിനിക്കൽ ട്രയലുകൾ, ഗവേഷണം അതുപോലെ സമീപഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള വാക്സിൻ ഉദ്പാദനം എന്നിവയ്ക്കായി സിറം ഇൻസ്റ്റിറ്റിയുട്ട് നടത്തുന്ന 240 മില്ല്യൺ പൗണ്ടിന്റെ നിക്ഷേപവും ഇതിൽ ഉൾപ്പെടും.

ഇതോടൊപ്പം വിവിധ ബ്രിട്ടീഷ് സ്ഥാപനങ്ങൾ 446 മില്ല്യൺ പൗണ്ടിനുള്ള കയറ്റുമതി കരാർ കൂടി ഉറപ്പിച്ചതായി ബോറിസ് ജോൺസൺ പറഞ്ഞു. ഇത് 400-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇങ്ങനെ മൊത്തത്തിൽ സൃഷ്ടിക്കപ്പെടുന്ന 6,500-ൽ അധികം തൊഴിലവസരങ്ങൾ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കുടുംബങ്ങളേയും സമൂഹത്തേയും വലിയൊരു പരിധിവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി വരാൻ പോകുന്ന സ്വതന്ത്ര വാണിജ കരാർ വരുന്ന ഒരു പതിറ്റാണ്ടിനുള്ളിലിന്ത്യയും ബ്രിട്ടനുമായുള്ള വ്യാപാരം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ജപ്പാനുമായുള്ള വ്യാപാര കരാറും വിപുലപ്പെടുത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ് അറിയിച്ചു. വരുന്ന ചൊവ്വാഴ്‌ച്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി കരാർ കാര്യങ്ങൾ കൂടുതൽ വിശദമായി ചർച്ചചെയ്യുമെന്നും ബൊറിസ് ജോൺസൺ അറിയിച്ചു. വെർച്വൽ മീറ്റിങ് ആയിരിക്കും ഇരു രാഷ്ട്രത്തലവന്മാർക്കും ഇടയിൽ നടക്കുക.

കഴിഞ്ഞമാസം നടത്താനിരുന്ന ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം, ഇന്ത്യയിലെ കോവിഡ് പ്രതിസന്ധികാരണം റദ്ദ് ചെയ്യേണ്ടതായി വന്നിരുന്നു. ചൊവ്വാഴ്‌ച്ച നടക്കുന്ന വെർച്വൽ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലീകൃതമായ വ്യാപാര കരാറിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ച എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബ്രിട്ടന്റെ ശ്രമങ്ങളുടെ ആരംഭം എന്ന രീതിയിൽ ഇന്ത്യയുമായുള്ള കരാർ ഒപ്പുവയ്ക്കുവാൻ ആദ്യം ഈ വർഷം ജനുവരിയിലായിരുന്നു ഇന്ത്യ സന്ദർശിക്കുവാൻ ബോറിസ് ജോൺസൺ തീരുമാനിച്ചിരുന്നത്. എന്നാൽ, ബ്രിട്ടനിലെ ശൈത്യകാല പ്രതിസന്ധി മൂലം അത് നീട്ടിവയ്ക്കുകയായിരുന്നു. പിന്നീടായിരുന്നു ഏപ്രിൽ മാസത്തിൽ 4 ദിവസത്ത സന്ദർശനം ഉറപ്പിച്ചത്. അത്, യു കെയിലെ യാത്രാനിയന്ത്രണങ്ങൾ മൂലം റദ്ദാക്കപ്പെടുകയായിരുന്നു.