- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം അതിരു തർക്കം കാരണം സംസ്‌കാര ചടങ്ങിൽ വാക്കേറ്റം; പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തു തീർപ്പിലെത്തിയപ്പോൾ കുഴിവെട്ടാൻ വന്നവർ മദ്യപിച്ചു ലക്കുകെട്ട നിലയിൽ; ബന്ധുക്കളായ സ്ത്രീകൾ ഇറങ്ങി കുഴിവെട്ടി സംസ്‌കാരം നടത്തി
പത്തനംതിട്ട: വയോധികന്റെ സംസ്‌കാര ചടങ്ങിന് അതിര് തർക്കം ആദ്യം തടസമായി. പൊലീസിന്റെ സാന്നിധ്യത്തിൽ തർക്കം പരിഹരിച്ചപ്പോൾ കുഴിവെട്ടാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിൽ നേരെ നിൽക്കാൻ വയ്യാത്ത അവസ്ഥയിൽ. ഒടുക്കം പരേതന്റെ ബന്ധുക്കളായ സ്ത്രീകൾ ഇറങ്ങി കുഴിവെട്ടി. സഹായത്തിന് പൊലീസും നാട്ടുകാരും ചേർന്നു.
വടശേരിക്കര തടത്തിൽ ചെമ്പരത്തിമൂട്ടിൽ പ്രഭാകരന്റെ (65) സംസ്‌കാരമാണ് വിവാദമായത്. വർഷങ്ങളായി ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്‌നടത്താനൊരുങ്ങിയപ്പോഴാണ് തൊട്ടടുത്ത വീട്ടുകാരുമായി അതിരു തർക്കമുണ്ടായത്. വിവരമറിഞ്ഞ് പെരുനാട് സ്റ്റേഷനിലെ എസ്ഐയും പൊലീസുകാരും സ്ഥലത്തെത്തി.
കുഴിയെടുക്കാനുള്ള വസ്തുവിന്റെ കാര്യം ചർച്ച ചെയ്ത് പരിഹരിച്ചുവെങ്കിലും ഇതിനോടകം കുഴിയെടുക്കാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിൽ കുഴഞ്ഞ അവസ്ഥയിലായി. പ്രഭാകരന്റെ ബന്ധുക്കളായ അനുജ, ശാരദ, പൊന്നമ്മ എന്നിവർ കൈക്കോട്ടും തൂമ്പയുമായി കുഴിയെടുക്കാൻ ഇറങ്ങി. പെരുനാട് സ്റ്റേഷനിലെ എസ്ഐ വിജയൻ തമ്പി തന്റെ സഹപ്രവർത്തകരെയും പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ജോർജ് കുട്ടിയെയും നാട്ടുകാരിൽ ചിലരെയും കൂട്ടി കുഴിവെട്ടി സംസ്‌കാര ചടങ്ങുകൾക്ക് സൗകര്യമൊരുക്കിയതോടെ എല്ലാം ശുഭപര്യവസായിയായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്