ലണ്ടൻ: ഡിസംബർ 31 ന് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തിറങ്ങുക യൂണിയനുമായി വ്യാപാര കരാറുകൾ ഒന്നുംതന്നെ ഇല്ലാതെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇന്നലെ അർദ്ധരാത്രി വരെ നൽകിയിരുന്ന സമയം കഴിഞ്ഞതോടെ ഇനി ഒരു കരാറിന് അംഗീകാരം നൽകാൻ പാർലമെന്റിന് കഴിയുകയില്ല. അതുകൊണ്ടുതന്നെ ഡിസംബർ 31 ന് മുൻപായി ഇനി ഒരു കരാറിനുള്ള സാധ്യത ഇല്ല എന്നുതന്നെ പറയാം. ജനുവരി 1 മുതൽ, ഇനിയൊരു കരാർ ഉണ്ടാകുന്നതുവരെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ലോകവ്യാപാര സംഘടനയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നടക്കും.

ഈ ആഴ്‌ച്ച മുഴുവൻ കൂലംകുഷമായ ചർച്ചകൾ നടന്നിരുന്നു എങ്കിലും ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഭാവി ബന്ധത്തെ കുറിച്ച് ഒരു ധാരണയിലെത്തിയോ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ നാളെ യു കെ കോർഡിനേഷൻ ഗ്രൂപ്പിന്റെ ഒരു യോഗത്തിൽ പങ്കെറ്റുക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി മുന്നോട്ടുള്ള ചർച്ചകൾ കൊണ്ടുപോകേണ്ടതിനെ കുറിച്ച് അവിടെവച്ച് ഒരു തീരുമാനമടുക്കും.

ബ്രെക്സിറ്റിന് ശേഷമുള്ള കരാർ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുമുതൽ വീണ്ടും തുടരുമെങ്കിലും, കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യബന്ധനവും സർക്കാർ സഹായവും സംബന്ധിച്ച നിലപാടുകളിൽ ഇപ്പോഴും ഇരു കക്ഷികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്.

അതേസമയം ചർച്ചകൾ ഇപ്പോൾ അതീവ പ്രാധാന്യമുള്ള ഒരു ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നാണ് ചർച്ചയിൽ പങ്കെടുക്കുന്ന യൂറോപ്യൻ യൂണിയൻ സംഘത്തെ നയിക്കുന്ന മൈക്കൽ ബാർണിയർ മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല, വളരെ സന്തുലിതവും, ഇരുകൂട്ടർക്കും ഉപയോഗപ്രദവുമായ ഒരു കരാറിനായാണ് ഇ യു നിലകൊള്ളുന്നതെന്നും അദ്ദേഹം തുടര്ന്നു പറഞ്ഞു.

തങ്ങളുടെ സമുദ്രാതിർത്തിയിൽ യൂറോപ്യൻ മത്സ്യബന്ധന ബോട്ടുകളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാടിൽ നിന്നും തെല്ലും വ്യതിചലിക്കാൻ ബ്രിട്ടൻ തയ്യാറായിട്ടില്ല. ബ്രിട്ടന് അധികം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും, ബഹളങ്ങൾ ഒഴിഞ്ഞാൽ അടുത്തവർഷം ബ്രിട്ടൻ കരാറിനായി എത്തുമെന്നുള്ള ഫ്രഞ്ച് പ്രസിഡണ്ടിന്റെ വാക്കുകൾ ബ്രിട്ടീഷ സർക്കാർ പുച്ഛിച്ചു തള്ളി.

ബ്രിട്ടനും യൂറോപ്യൻ യൂണിയനും അവരവരുടെ അധികാര പരിധിയിൽ ഉള്ള ഇടങ്ങളിൽ സ്വന്തം നിയമങ്ങൾ നടപ്പിലാക്കുവാനുള്ള അധികാരമുണ്ടെന്നും അതിനെ മാനിക്കുന്നു എന്നും ബാർണീയർ പറഞ്ഞു. അതുപോലെ സ്വന്തം താത്പര്യങ്ങൾക്ക് വിഘാതങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാനും ഇരുകൂട്ടർക്കും കഴിയും. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ചർച്ചകൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.