- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യരാത്രി മണിയറയിൽ നിന്ന് നവവധുവിന്റെ ആഭരണവും സ്വർണവുമായി പുയ്യാപ്ല പോയത് ആദ്യഭാര്യയുടെ അടുത്തേക്ക്; അടൂർ പൊലീസ് തന്ത്രപൂർവം വിളിച്ചു വരുത്തി അകത്താക്കി; വരനെ പൊലീസ് സ്റ്റേഷനിലിട്ട് കലിപ്പ് തീർത്ത് ബന്ധുക്കൾ
അടൂർ: ആദ്യരാത്രി വധൂഗൃഹത്തിൽ ചെലവഴിച്ച ശേഷം ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ നവവരനെ പൊലീസ് തന്ത്രപൂർവം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലിരുന്ന പുയ്യാപ്ലയെ സ്വന്തം സഹോദരൻ അടക്കമുള്ളവർ കയറി പഞ്ഞിക്കിട്ടു. കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദ്(30) ആണ് അറസ്റ്റിലായത്. ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലേക്ക് പോയ അസറുദ്ദീനെ പൊലീസ് തന്ത്രപൂർവം അടൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായരുന്നു. പഴകുളം സ്വദേശിയായ നവവധുവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു.
ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്,എച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടർന്ന് ആദ്യരാത്രിക്കായി വധുവും വരനും വധുവിന്റെ വീട്ടിലെത്തി. അന്ന് രാത്രി ഭാര്യയ്ക്കൊപ്പം ചെലവഴിച്ച അസർ പിറ്റേന്ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താൻ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് വധൂഗൃഹത്തിൽ നിന്നും ബൊലീറോ ജീപ്പിൽ മുങ്ങിയത്. ഇയാൾ പോയിക്കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യം എടുത്തു. താൻ ആശുപത്രിയിലേക്ക് പോവുകയാണെന്ന് അറിയിച്ചു. പിന്നീട് വിളിച്ച ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി..
വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു പൊലീസ് അന്വേഷണത്തിൽ അസറുദ്ദീൻ രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസിലായി. ഹൈന്ദവ സമുദായത്തിൽപ്പെട്ടയാളാണ് ആദ്യ ഭാര്യ. പ്രതിയുടെ സാന്നിധ്യം ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടു വർഷം മുൻപ് അസറുദ്ദീൻ വിവാഹം കഴിച്ച വിവരം അറിഞ്ഞു കൂടായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നാലംഗ സംഘം ഇവിടെ വച്ച് മർദിച്ചു. അസറുദ്ദീന്റെ സ്വന്തം സഹോദരനാണ് മർദനത്തിന് നേതൃത്വം നൽകിയത്. ഇവർക്കെതിരേ പൊലീസ് കേസെടുത്തഒ.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഇൻസ്‌പെക്ടർ പ്രജീഷ് ടി.ഡി, എസ്‌ഐ വിമൽ രംഗനാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ സോളമൻ ഡേവിഡ്, സൂരജ്,അമൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്