ബെർഹാംപൂർ: രജിസ്റ്റർ മാരേജിന് ശേഷം മതാചാരപ്രകാരമുള്ള വിവാഹത്തിന് വരൻ എത്താത്തതിനെ തുടർന്ന് ധർണയുമായി വധു. വരന്റെ വീടിനു മുന്നിൽ കല്യാണപ്പയ്യന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധർണ. ഒഡിഷയിലെ ബെർഹാംപൂരിലാണ് സംഭവം.

ഡിംപിൾ റാഷ് എന്ന യുവതിയും സുമീത സാഹു എന്ന യുവാവും നേരത്തെ രജിസ്ട്രർ ഓഫീസിൽ വച്ച് വിവാഹിതരായിരുന്നു. തുടർന്ന് തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്താനായിരുന്നു. ഇരു കുടുംബങ്ങളുടെ തീരുമാനം. എന്നാൽ, ഡിംപിളും കുടുംബവും മണ്ഡപത്തിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും എത്തിയിരുന്നില്ല.

ഡിംപിളും ബന്ധുക്കളും ഫോണിൽ വിളിച്ചെങ്കിലും വരനും കൂട്ടരും പ്രതികരിച്ചില്ല. കുറച്ചു നേരം കാത്തുനിന്ന ശേഷം ഡിംപിളും അമ്മയും കൂടി സുമീതിന്റെ വീടിന് മുന്നിൽ ധർണ നടത്താൻ തീരുമാനിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് ഡിംപിൾ പറയുന്നതിങ്ങനെ

2020 സെപ്റ്റംബർ 7നാണ് ഞങ്ങൾ രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരാകുന്നത്.അന്നുമുതൽ ഭർതൃമാതാവ് എന്നെ പീഡിപ്പിക്കുകയായിരുന്നു. അവർ എന്നെ മുറിയിൽ പൂട്ടിയിട്ടു. എന്നാൽ എന്റെ ഭർത്താവ് എനിക്ക് പിന്തുണ നൽകി. നാളുകൾ കഴിഞ്ഞപ്പോൾ ഭർത്താവും അവർക്കൊപ്പം ചേർന്നു. തുടർന്ന് ഞങ്ങൾ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനുശേഷം ഭർത്താവിന്റെ അച്ഛൻ എന്റെ വീട്ടിൽ വന്നു, എല്ലാ നീരസവും ഉപേക്ഷിച്ച് ഹിന്ദു ആചാരപ്രകാരം കല്യാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നവംബർ 22നാണ് കല്യാണം തീരുമാനിച്ചിരുന്നത്. എന്നാൽ എന്റെ ഭർത്താവ് കല്യാണത്തിന് വന്നില്ല.

സുമീത് ദിവസങ്ങളോളം തന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി ഡിംപിളിന്റെ മാതാവ് പറഞ്ഞു. എന്റെ മകൾ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഒരു ഉൽപ്പന്നമാണോ എന്നും അവർ ചോദിച്ചു. എന്നാൽ ഇതിനോട് വരനും കുടുംബങ്ങളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.

ഇതേ ദമ്പതികളുമായി ബന്ധപ്പെട്ട് മഹിളാ പൊലീസ് സ്റ്റേഷനിൽ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര ഇന്ത്യ ടുഡേയോട് പറഞ്ഞു. എഫ്.ഐ.ആറിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം വരന്റെ വീട്ടുകാരിൽ നിന്ന് പൊലീസ് കൈക്കൂലി വാങ്ങിയെന്നും ഡിംപിളും അമ്മയും ആരോപിച്ചു