തൃശൂർ: ജനാധിപത്യ സർക്കാരുകൾ കോടികൾ മുടക്കി പണിയുന്ന പാലങ്ങളും സ്‌കൂൾ കെട്ടിടങ്ങളും ഒരു വർഷം എത്തുമ്പോഴേക്കും പൊളിഞ്ഞു തുടങ്ങുന്ന വാർത്തകൾ വായിക്കുന്ന മലയാളികളെ തേടി നൂറു വർഷമായിട്ടും കരുത്തു ചോരാതെ ഒരു പാലം നെഞ്ചു നിവർത്തി ഞെളിഞ്ഞു നിൽക്കുന്നു. ഇതിനു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏക കാരണം പാലം പണിതത് ബ്രിട്ടീഷുകാർ ആണെന്നതാണ്.

തൃശൂർ ജില്ലയിലെ മലയോര ഗ്രാമമായ പാലപ്പള്ളിയിലാണ് നൂറാം പിറന്നാൾ വന്നിട്ടും ഒരു കുലുക്കവും ഇല്ലാതെ പാലം നെഞ്ചു നിവർത്തുന്നത്. മഹാപ്രളയത്തിൽ വനത്തിൽ നിന്നും വന്മരങ്ങളും മറ്റും കുത്തിയൊലിച്ചു വന്നിട്ടും പാലത്തിന്റെ അടിത്തറക്കോ ഗാർഡറുകൾക്കോ ഒരു കേടുപാടും സംഭവിച്ചില്ല എന്നതാണ് പ്രധാനം.

അഴിമതി നടത്താൻ പാലങ്ങൾ അടക്കമുള്ള നിർമ്മാണ പ്രവർത്തികളിൽ കൃത്രിമം നടത്തുന്ന ജനകീയ സർക്കാരുകളും അഴിമതി ഇല്ലാത്ത ബ്രിട്ടീഷ് കാലത്തെ ഭരണ നിർവഹണവും തമ്മിൽ ഉള്ള വത്യാസം ജനങ്ങൾക്ക് കണ്ടു മനസിലാക്കാൻ ഉള്ള ''ജീവനുള്ള'' ഉദാഹരണമായി മാറുകയാണ് പാലപ്പള്ളി പാലം. പാലം നൂറാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ആഘോഷമാണ് ഇപ്പോൾ നാട്ടുകാർക്ക്. ഇതിന്റെ ഭാഗമായി പാലം വെളുത്ത പെയിന്റ് അടിച്ചു കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. പാലത്തോട് ചേർന്നുള്ള റോഡിൽ നൂറാം പിറന്നാൾ ആശംസയും കുമ്മായം കൊണ്ട് എഴുതി ചേർത്തിട്ടുണ്ട്.

തൃശൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കുടിനീർ നൽകി ഒഴുകുന്ന കുറുമാലിപ്പുഴയിലേക്കു എത്തിച്ചേരുന്ന കരിക്കടവ് പുഴക്ക് കുറുകെയാണ് ബ്രിട്ടീഷുകാർ നൂറുവർഷം മുൻപ് നിർമ്മിച്ച പാലപ്പിള്ളി പാലം. ഈ പുഴക്ക് കുറുകെ ഇന്നും ചെറുതും വലുതുമായ ഒട്ടേറെ ഇത്തരത്തിൽ ഉള്ള പാലങ്ങളുണ്ട്. ചിലയിടങ്ങളിൽ ഇരുമ്പു കയറിൽ തൂങ്ങി നിൽക്കുന്ന നടപ്പ് പാലങ്ങളും ഉണ്ടായിരുന്നു. ഇവയിൽ പ്രധാനമായിരുന്ന ചെലവ് 2018 ലെ മഹാപ്രളയത്തിൽ നശിച്ചു പോകുകയും ചെയ്തിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്തു തന്നെ ഉണ്ടായിരുന്ന ഹാരിസൺ പ്ലാന്റേഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇത്തരം തൂക്കു പാലങ്ങൾ കൂടുതലായും പ്രയോജനപ്പെടുത്തിയിരുന്നത്.

അതേസമയം ചിമ്മിനി ഡാം പ്രദേശവും പറമ്പിക്കുളം വന്യജീവി സംരക്ഷണ പ്രദേശവും ചേരുന്ന ഇപ്പോഴത്തെ രാമവർമ പ്ലാന്റേഷൻ പ്രദേശത്തു നിന്നും ബ്രിട്ടനിലേക്കുള്ള തടികൾ കടത്തുന്നതിന് നിർമ്മിച്ച ട്രാംവേയോട് അനുബന്ധമായും ഉൾക്കാടുകളിൽ എത്തി പോലും പുഴയ്ക്കു കുറുകെ അക്കാലത്തു ബ്രിട്ടീഷുകാർ ഒട്ടേറെ പാലങ്ങൾ നിർമ്മിച്ചിരുന്നു. ഇത്തരത്തിൽ കൊച്ചിൻ ഫോറസ്റ്റ് ട്രാവെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു പാലപ്പള്ളിയോട് ചേർന്നുകിടക്കുന്ന വെള്ളിക്കുളങ്ങരയിൽ ഉണ്ടായിരുന്ന മറ്റൊരു വലിയ പാലത്തിന്റെ ഗർഡർ ഏതാനും വർഷം മുൻപ് നിലംപതിച്ചിരുന്നു.

ഭാരക്കൂടുതൽ കാരണം ആ ഗർഡർ ഉയർത്തിയെടുക്കാൻ പോലും സാധിച്ചിട്ടില്ല. ഏകദേശം 120 വർഷത്തെ പഴക്കമാണ് വെള്ളിക്കുളങ്ങര - മോനൊടി പാലത്തിനു കണക്കാക്കിയിരുന്നത്. ചാലക്കുടി - പറമ്പിക്കുളം റൂട്ടിൽ ഉണ്ടായിരുന്ന 49 മൈൽ നീളമുള്ള ട്രാംവേ തീവണ്ടിപ്പാളത്തിന്റെ അനുബന്ധമായാണ് ഇത്തരം പാലങ്ങൾ ബ്രിട്ടീഷുകാർ പ്രയോജനപ്പെടുത്തിയിരുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ ട്രാംവേയുടെ പ്രവർത്തനം നിലച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ നിന്നും പറമ്പികുളത്തെത്താൻ തമിഴ്‌നാട് വഴി യാത്ര ചെയ്തു എത്തണം. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച ശേഷമാണു ട്രാംവേ റെയിലുകൾ പൊളിച്ചു നീക്കിയത്. അപ്പോഴും പാലങ്ങൾ നിലനിർത്തിയത് പിന്നീട് ഈ മലയോര പ്രദേശത്തെ ജനജീവിതത്തിന് ഏറെ സഹായകമാകുകയും ചെയ്തു.

പാലം നൂറാം പിറന്നാൾ ആഘോഷിക്കുന്ന കാര്യം വെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ സമിതിയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിക്കുളങ്ങര ഗ്രാമംവെള്ളിക്കുളങ്ങര പ്രകൃതി സംരക്ഷണ സമിതി

100 വർഷം പിന്നിട്ട ബ്രിട്ടീഷ് പാലം!

തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ ഒരു ഭാഗം ചിമ്മി ഡാം മുതൽ ചൊക്കന വരെയുള്ള ഭാഗങ്ങളിൽ ഉദ്ദേശം 130 വർഷങ്ങൾക്ക് മുൻപ് തന്നെ ബ്രിട്ടിഷ് കമ്പനികൾ കൊച്ചി രാജാവിൽ നിന്ന് പാട്ടത്തിന് എടുത്തും, കൈയേറിയും റബ്ബർ കൃഷി ആരംഭിച്ചു.

അക്കാലത്ത് അവരുടെ ഉൽപ്പന്നങ്ങൾ കടത്തികൊണ്ടു പോകുവാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്നു.

അതിൽ തന്നെ ഏറ്റവും വലുത്

പാലപ്പിള്ളി പാലം എന്നറിയപ്പെടുന്ന കന്നാറ്റുപാടം സ്‌ക്കുളിനടുത്തുള്ള പാലം ഈ വരുന്ന എപ്രിൽ മാസം 100 വർഷം തികയുന്നു.

രാജകീയ പ്രൗഡിയോടെ ബ്രിട്ടിഷുക്കാരന്റെ നിർമ്മണത്തിലെ ഒരു കല്ല് ഇളക്കാൻ പ്പോലും നൂറ് വർഷത്തിന് ശേഷം കഴിഞ്ഞിട്ടില്ല

ഈ പാലവും അതിന്റെ നിർമ്മാണവും നിങ്ങൾക്ക് കൗതുക കാഴ്ചയായിരിക്കും 100 വർഷം പിന്നിട്ട പാലം കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു.