കോട്ടയം: സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുകയാണ്. നുകതി വരുമാനത്തിൽ മൂന്നു വർഷത്തിനിടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇത്തവണയാണ്. 2019ലെ ബജറ്റിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിൽ 50.66 ശതമാനമായിരുന്നു സംസ്ഥാന നികുതിയുടെയും തീരുവകളുടെയും പങ്ക്. 2020ലെ ബജറ്റിൽ അത് 51.93 ആയി ഉയർന്നു. ഇത്തവണ സംസ്ഥാന നികുതിയും തീരുവകളും വഴിയുള്ള വരുമാനം 50.33 ശതമാനമാണ്.

അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും അധിക നികുതികൾ ചുമത്തിയില്ല. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണു പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതൊക്കെ നടപ്പാക്കാൻ എവിടെ നിന്നു പണം കണ്ടെത്തും? ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ മന്ത്രിയോടു ചോദിച്ചു. മറുപടി ഇങ്ങനെ: ''ചെലവു ചുരുക്കി പണം കണ്ടെത്തും''. വരുമാനം ഉയർത്താൻ അപ്പോഴും കഴിയുമെന്ന പ്രതീക്ഷ മന്ത്രിക്കും ഇല്ല.

ഒന്നേ കാൽ ലക്ഷം കോടിയുടെ ബജറ്റാണു മന്ത്രി അവതരിപ്പിച്ചത്. 30,000 കോടി രൂപയും കടമെടുപ്പു വഴിയാണു സമാഹരിക്കേണ്ടത്. കഴിഞ്ഞ വർഷം 32,000 കോടി കടമെടുക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കേന്ദ്രം അധിക കടമെടുപ്പിന് അംഗീകാരം നൽകിയതിനാൽ 35,000 കോടി കടമെടുക്കാൻ കഴിഞ്ഞു. അടുത്ത വർഷം അധിക കടമെടുപ്പ് കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് തന്നെ സർക്കാർ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകും എത്തുക. കടുത്ത ട്രഷറി നിയന്ത്രണവും വേണ്ടിവരും. ഇതിനെ മറികടക്കാൻ ബജറ്റിനെ തന്നെ മറക്കേണ്ടി വരും.

കേന്ദ്ര നികുതിയിൽനിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. 2019ൽ കണക്കു പ്രകാരം 17.23% ആയിരുന്നു ആകെ വരുമാനത്തിലെ കേന്ദ്ര നികുതിയുടെ പങ്ക്. 2020ൽ അത് 16.12 ആയി. ഇത്തവണ 11.54 ശതമാനവും. നികുതിയിതര വരുമാനം വർധിച്ചിട്ടുണ്ട്. 2019ൽ 20.83% ആയിരുന്നിടത്ത് ഇത്തവണ 26.35 ശതമാനമാണ് വരുമാനം. കഴിഞ്ഞ വർഷം നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 20.11% ആയിരുന്നു. കോവിഡിലെ പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം.

2019ൽ റവന്യൂകമ്മി ആകെ വരുമാനത്തിന്റെ 11.12% ആയിരുന്നു. കഴിഞ്ഞ വർഷം അത് 11.77 ശതമാനമായി. ഇത്തവണ 11.64 ശതമാനവും. ഒരു സാമ്പത്തിക വർഷത്തെ സർക്കാരിന്റെ റവന്യൂ ചെലവിൽനിന്നു റവന്യൂ വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യൂ കമ്മി. ധനക്കമ്മി 3 ശതമാനത്തിൽ നിർത്തുകയും റവന്യൂകമ്മി പടിപടിയായി കുറച്ചുകൊണ്ടു വരികയും ചെയ്താൽ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാവുകയുള്ളൂ. എന്നാൽ ഇതിന് ഐസക്കിന്റെ മാജിക്കിന് കഴിഞ്ഞിട്ടില്ല.

വികസന പദ്ധതികൾക്കായി സർക്കാർ ചെലവഴിച്ച തുകയും 2019നെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. 2019ൽ സർക്കാരിന്റെ ആകെ ചെലവിന്റെ 54.97 ശതമാനമായിരുന്നു വികസന ചെലവുകൾ. ഇത്തവണ അത് 52.86 ശതമാനമായി കുറഞ്ഞു. സർക്കാർ കടം 2019ൽ ആകെ ചെലവിന്റെ 12.92 ശതമാനമായിരുന്നു. ഇത്തവണ അത് 15.10 ശതമാനത്തിലേക്കുയർന്നു.

പ്രതീക്ഷ മദ്യത്തിലും ലോട്ടറിയിലും

മദ്യനികുതി വർധന ഒഴിവാക്കിയെങ്കിലും മദ്യ വില കൂടും. അടുത്ത മാസം മുതൽ അടിസ്ഥാന വിലയിൽ 7% വർധന വരുത്താൻ അണിയറയിൽ ധാരണയായിക്കഴിഞ്ഞു. 100 മുതൽ 200 രൂപ വരെ കുപ്പിയൊന്നിനു വില കൂടും. ഇതിന്റെ ഗുണം ഖജനാവിനും കൂടും. മദ്യത്തിന് വില കൂടിമ്പോൾ അത് നികുതിയിലും പ്രതിഫലിക്കും. പണമില്ലാത്തതിനാൽ ഈ വർഷത്തെ ബജറ്റിൽ പദ്ധതികൾ നടപ്പാക്കാൻ മാറ്റിവച്ച തുകയിൽ 3918 കോടി രൂപ വെട്ടിക്കുറച്ചു. ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 24,085 കോടി രൂപയാണു പദ്ധതി വിഹിതം. 28,003 കോടി രൂപ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തേയ്ക്കു 29,027 കോടി രൂപയാണ് പദ്ധതികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോട്ടറിയിലൂടേയും വരുമാന വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുള്ള പദ്ധതികളും നടപ്പാക്കും. ദാരിദ്ര്യം തുടച്ചുനീക്കാൻ കേരളത്തിലെ പരമദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്താൻ സർവേ. ഇവരുടെ ഉന്നമനത്തിനു കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകൾ 5 വർഷം കൊണ്ടു നടപ്പാക്കും. ഒരു കുടുംബത്തിനു ശരാശരി 15 ലക്ഷം രൂപ വച്ച് ആകെ 6000-7000 കോടി രൂപ ചെലവാക്കും. ആശ്രയ പദ്ധതിയിൽ നേരത്തേ വകയിരുത്തിയ 40 കോടിക്കു പുറമേ 100 കോടി കൂടി അനുവദിച്ചു. 2011ലെ റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം കേരളത്തിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത് 11.3% പേരാണ്. ഇപ്പോഴത്തെ കണക്കു പ്രകാരം അത് 4-5 ലക്ഷം വരും.

നിലവിൽ ആശ്രയ പദ്ധതിയിൽ 1.5 ലക്ഷം കുടുംബങ്ങളാണു ഗുണഭോക്താക്കൾ. വീടില്ലാത്തവർക്കു ലൈഫ് പദ്ധതിയിൽ വീട് നൽകും. ജോലി ചെയ്തു ജീവിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്കു മാസം തോറും ധനസഹായം നൽകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സർക്കാർ ലഭ്യമാക്കും.

തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബജറ്റ്

സമ്പൂർണ ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഏതു സർക്കാർ അധികാരത്തിൽ വന്നാലും പുതിയ ബജറ്റ് വരും. എൽഡിഎഫിനു തുടർ ഭരണം കിട്ടിയാലും പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ഇന്നലെ ബജറ്റ് അവതരണ ശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. 'ഈ ബജറ്റിലെ നിർദ്ദേശങ്ങൾ പുതിയ ബജറ്റിന് അടിത്തറയായിരിക്കും. ഇതിന് ഊന്നൽ കൊടുത്തു കൊണ്ടു പുതിയ ബജറ്റ് വരും'- മന്ത്രി പറഞ്ഞു.