തിരുവനന്തപുരം: ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കൈയടി കിട്ടുമ്പോഴും ഒന്നും നടക്കാനിടയില്ല. സംസ്ഥാനം ഗുരുതര കടഭാരത്തിലേക്കു നീങ്ങുകയാണെന്നു സർക്കാർ നിയോഗിച്ച പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ് നൽകുന്ന സൂചനകൾ ഇതാണ്. കടമെടുക്കൽ പരിധി കേന്ദ്രം ഉയർത്തിയില്ലെങ്കിൽ ഒന്നിനും കഴിയാത്ത സാഹചര്യം എത്തും.

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ വരുമാനം വർധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു. സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു. ഈ സർക്കാരിന് ഇനി മാസങ്ങളുടെ ആയുസേ ഉള്ളൂ. അതുകൊണ്ട് അടുത്ത സർക്കാരിന് കടുത്ത വെല്ലുവിളിയായി കണക്കുകൾ മാറും. പിണറായി തുടർഭരണം ഉറപ്പിച്ചാലും പ്രതിസന്ധിയുടെ നാളുകളാകും കാത്തിരിക്കുക.

ആകെ കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളിൽ നിർത്തുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണം. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വർഷവും കടം വർധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാധ്യതയും സർക്കാരിനുണ്ട്. പലവഴിക്ക് ബാധ്യതയും കടവുമുള്ളപ്പോൾ ഇവ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം.

ഇതിനുള്ള സാമ്പത്തിക മാനേജ്‌മെന്റിന്റെ പദ്ധതികൾ കൃത്യമായി ആവിഷ്‌കരിക്കേണ്ടതുണ്ട്. റവന്യു ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാൻ ചെലവഴിക്കുകയാണിപ്പോൾ. പ്രഖ്യാപിക്കുന്ന വികസന പദ്ധതികൾ പലതും ഇതു കാരണം നടപ്പാക്കാൻ കഴിയുന്നില്ല. കടമെടുത്ത് മുന്നോട്ട് പോകുന്നതാണ് ഇതിന് കാരണം. ഇതിനിടെയാണ് പുതിയ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം. ഇത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കും.

പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളിൽ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാൻ കഴിയൂ. കഴിഞ്ഞ 7 വർഷത്തെ കണക്കനുസരിച്ച് റവന്യു ചെലവിൽ 13.34 % വർധനയുണ്ടായപ്പോൾ റവന്യു വരുമാന വളർച്ച 10% മാത്രമാണ്. ഓരോ വർഷവും ശമ്പളച്ചെലവ് 10% വീതം വർധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെൻഷൻ ചെലവ് 12 ശതമാനവും കൂടുന്നു. പെൻഷൻ പ്രായം ഉയർത്തി പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കുന്നത് തടയുക പോലും സർക്കാരിന് ചെയ്യേണ്ടി വരും.

സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുകയാണ്. നുകതി വരുമാനത്തിൽ മൂന്നു വർഷത്തിനിടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇത്തവണയാണ്. 2019ലെ ബജറ്റിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിൽ 50.66 ശതമാനമായിരുന്നു സംസ്ഥാന നികുതിയുടെയും തീരുവകളുടെയും പങ്ക്. 2020ലെ ബജറ്റിൽ അത് 51.93 ആയി ഉയർന്നു. ഇത്തവണ സംസ്ഥാന നികുതിയും തീരുവകളും വഴിയുള്ള വരുമാനം 50.33 ശതമാനമാണ്. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും അധിക നികുതികൾ ചുമത്തിയില്ല. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണു പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതൊക്കെ നടപ്പാക്കാൻ എവിടെ നിന്നു പണം കണ്ടെത്തും? ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോൾ മന്ത്രിയോടു ചോദിച്ചു. മറുപടി ഇങ്ങനെ: ''ചെലവു ചുരുക്കി പണം കണ്ടെത്തും''. വരുമാനം ഉയർത്താൻ അപ്പോഴും കഴിയുമെന്ന പ്രതീക്ഷ മന്ത്രിക്കും ഇല്ല.

ഒന്നേ കാൽ ലക്ഷം കോടിയുടെ ബജറ്റാണു മന്ത്രി അവതരിപ്പിച്ചത്. 30,000 കോടി രൂപയും കടമെടുപ്പു വഴിയാണു സമാഹരിക്കേണ്ടത്. കഴിഞ്ഞ വർഷം 32,000 കോടി കടമെടുക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കേന്ദ്രം അധിക കടമെടുപ്പിന് അംഗീകാരം നൽകിയതിനാൽ 35,000 കോടി കടമെടുക്കാൻ കഴിഞ്ഞു. അടുത്ത വർഷം അധിക കടമെടുപ്പ് കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് തന്നെ സർക്കാർ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകും എത്തുക. കടുത്ത ട്രഷറി നിയന്ത്രണവും വേണ്ടിവരും. ഇതിനെ മറികടക്കാൻ ബജറ്റിനെ തന്നെ മറക്കേണ്ടി വരും. കേന്ദ്ര നികുതിയിൽനിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. 2019ൽ കണക്കു പ്രകാരം 17.23% ആയിരുന്നു ആകെ വരുമാനത്തിലെ കേന്ദ്ര നികുതിയുടെ പങ്ക്. 2020ൽ അത് 16.12 ആയി. ഇത്തവണ 11.54 ശതമാനവും. നികുതിയിതര വരുമാനം വർധിച്ചിട്ടുണ്ട്. 2019ൽ 20.83% ആയിരുന്നിടത്ത് ഇത്തവണ 26.35 ശതമാനമാണ് വരുമാനം. കഴിഞ്ഞ വർഷം നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 20.11% ആയിരുന്നു. കോവിഡിലെ പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം.

2019ൽ റവന്യൂകമ്മി ആകെ വരുമാനത്തിന്റെ 11.12% ആയിരുന്നു. കഴിഞ്ഞ വർഷം അത് 11.77 ശതമാനമായി. ഇത്തവണ 11.64 ശതമാനവും. ഒരു സാമ്പത്തിക വർഷത്തെ സർക്കാരിന്റെ റവന്യൂ ചെലവിൽനിന്നു റവന്യൂ വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യൂ കമ്മി. ധനക്കമ്മി 3 ശതമാനത്തിൽ നിർത്തുകയും റവന്യൂകമ്മി പടിപടിയായി കുറച്ചുകൊണ്ടു വരികയും ചെയ്താൽ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാവുകയുള്ളൂ. എന്നാൽ ഇതിന് ഐസക്കിന്റെ മാജിക്കിന് കഴിഞ്ഞിട്ടില്ല.