18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ 1000 കോടി; വാക്സിൻ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും; ബാങ്കുകളെ ഉൾപ്പെടുത്തി കോവിഡ് സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി; ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളി; ബാലഗോപാലിന്റേത് ആരോഗ്യം ഒന്നാമത് എന്ന ബജറ്റ് നയം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും കെ എൻ ബാലഗോപാൽ കന്നി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ 1000 കോടി രൂപ വകയിരുത്തി. വാക്‌സിൻ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. ഇതിന് വേണ്ടി പത്ത് കോടി രൂപ വകയിരുത്തി. കേന്ദ്ര സർക്കാരിന്റെ വാക്സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ്. വാക്‌സീൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമർശിച്ചു
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കാൻ 1000 കോടി രൂപ വകയിരുത്തുന്നതിനൊപ്പം കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി. സർക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവർക്കും സൗജന്യ വാക്സിൻ ഉടൻ ലഭ്യമാക്കും. പുതിയ ഓക്സിജൻ പ്ലാന്റ് തുടങ്ങും-മന്ത്രി പ്രഖ്യാപിച്ചു. ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിന് 8900 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാൻ 2500 കോടി രൂപയും പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികൾ ഉണ്ടാകും.
പഞ്ചവത്സരപദ്ധതിയിൽ ഊന്നിയുള്ള ദീർഘകാല പരിപാടികൾ നടപ്പാക്കുമെന്നും ബാലഗോപാൽ പ്രഖ്യാപിച്ചു. മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്കുകൾ, സിഎച്ച്സി, പിഎച്ച്സികളിൽ 10 ഐസൊലേഷൻ കിടക്കകൾ ഇങ്ങനെ പോകുന്നു പ്രഖ്യാപനം. കോവിഡ് വാക്‌സിന് നയത്തിൽ കേന്ദ്രസർക്കാരിന് കേരള ബജറ്റിൽ വിമർശനവുമുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര കോവിഡ് വാക്‌സിന് നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി വകയിരുത്തി. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്കും വരും. പീഡിയാട്രിക് ഐസിയുകളും കൂട്ടും. ചികിത്സാ അനുബന്ധ ഉപകരണങ്ങളും ഉൽപന്നങ്ങളും നിർമ്മിക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ വികസനത്തിന് 10 കോടിയും പ്രഖ്യാപിച്ചു.
ബാങ്കുകളെ ഉൾപ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി കോവിഡു കാല സാഹചര്യത്തിൽ ആവിഷ്‌കരിക്കും.
മറുനാടന് മലയാളി ബ്യൂറോ