- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത! എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചു സാമൂഹ്യ വിരുദ്ധർ; ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊണ്ടു പുളഞ്ഞ എരുമ; വാൽ ടാറിൽ ഒട്ടിയും കണ്ണു തുറക്കാനും സാധിക്കാത്ത അവസ്ഥയിൽ; മിണ്ടാപ്രാണിയുടെ ദുരവസ്ഥയിൽ കണ്ണുനിറഞ്ഞ് ഉടമ; ഒടുവിൽ രക്ഷപെടുത്തിയത് മൃഗഡോക്ടറെ എത്തിച്ച്; പൊലീസ് അന്വേഷണം തുടങ്ങി
കോട്ടയം: മിണ്ടാ പ്രാണിയോട് മനുഷ്യന്റെ ക്രൂരത. എട്ടുമാസം ഗർഭമുള്ള എരുമയുടെ പുറത്ത് ഉരുകിയ ടാറൊഴിച്ചാണ് കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി കാട്ടിയിരിക്കുന്നത്. ഉരുകി ഒലിച്ച ടാറുമായി ഒരു രാത്രി മുഴുവൻ വേദന കൊണ്ടു പുളഞ്ഞ എരുമയെ പിന്നീട് ഉടമയും മൃഗ ഡോക്ടറും രക്ഷപെടുത്തുകയായിരുന്നു. കുമരകം ചെമ്പോടിത്തറ ഷിബുവിന്റെ വയസ്സുള്ള എരുമയുടെ ദേഹത്താണു കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ രാത്രി ടാർ ഒഴിച്ചത്. കുമരകം റോഡരികിൽ രണ്ടാം കലുങ്കിനു സമീപത്തെ വട്ടത്തുരുത്തിൽ പുല്ലു തിന്നുന്നതിനു കെട്ടിയതാണ് എരുമയെ. രണ്ടു ദിവസം കൂടുമ്പോൾ അഴിച്ചു മാറ്റിക്കെട്ടുകയാണു പതിവ്. ഇന്നലെ ഉച്ചയോടെ മാറ്റിക്കെട്ടാനായി ഷിബു എത്തിയപ്പോഴാണ് എരുമയുടെ സങ്കടാവസ്ഥ കണ്ടത്.
ഉരുകിയ ടാർ ശരീരമാസകലം പറ്റിപിടിച്ചിരിക്കുന്നു. വാൽ ടാറിൽ ഒട്ടി പുറത്തു പറ്റിപ്പിടിച്ചിരിപ്പാണ്. ടാർ കണ്ണിന്റെ ഭാഗത്തും വീണിരിക്കുന്നതിനാൽ കണ്ണു തുറക്കാനാവാത്ത അവസ്ഥ. മണ്ണിൽ കിടന്നുരുണ്ടതിനാൽ എരുമയുടെ പുറത്തു പുല്ലും വള്ളിപ്പടർപ്പും ഒട്ടിപ്പിടിച്ചിരുന്നു. ഏറെ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ നിന്നും മിച്ചം പിടിച്ച വാങ്ങിയ എരുമയുടെ അവസ്ഥ കണ്ട് ഷിബു ആകെ വിഷമിച്ചു. വേഗം തന്നെ വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചു വരുത്തി ടാർ കഴുകി കളയാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ വിവരമറിഞ്ഞ് കുമരകം മൃഗാശുപത്രിയിലെ ഡോക്ടർ സോജാ സിബിയും സ്ഥലത്തെത്തി. നാലുമണിക്കൂറോളം പരിശ്രമിച്ച് ഒട്ടുമുക്കാലും ടാർ കഴുകി കളഞ്ഞു. തുടർന്ന് ഡോക്ടർ ചികിത്സ നൽകി.
പുറമേ പൊള്ളലേറ്റ പാടുകളും മറ്റും കാണാനില്ലെങ്കിലും ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ടോ എന്ന് സംശയമുണ്ട്. ആകെ വിരണ്ട നിൽക്കുന്ന എരുമയെ കൂടുതൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. മരുന്നുകൾ നൽകി ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. സോപ്പ് ഉപയോഗിച്ച് ടാർ സാവധാനം കഴുകിക്കളയാനും വെള്ളം ധാരാളം നൽകാനും നിർദേശിച്ചു. എരുമയുടെ ഉള്ളിലുള്ള കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ അബോർഷനായി പുറത്തേക്ക് വരും. തൽക്കാലം എരുമയ്ക്ക് ജീവന് ഭീഷണിയില്ലെങ്കിലും രണ്ട് ദിവസത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഡോ. സോജാ സിബി മറുനാടനോട് വ്യക്തമാക്കി.
പ്രളയത്തെ തുടർന്ന് കന്നുകാലികളെ കെട്ടുന്ന തൊഴുത്ത് നശിച്ചു പോയിരുന്നു. തുടർന്ന് പൂളാങ്കുഴി ഷാപ്പിന് സമീപത്തുള്ള പാറയ്ക്കൽ പുരയിടത്തിൽ ഉടമയുടെ അനുമതിയോടെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെ എല്ലാ ദിവസവും എത്തി തീറ്റ നൽകുകയും ചെയ്തു വരികയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹിക വിരുദ്ധർ ടാർ ഉരുക്കി ഒഴിച്ച് ക്രൂരത കാട്ടിയത്. അതേ സമയം സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ക്രൂരത കാട്ടിയവരെകുറിച്ച് വിവരം നൽകുന്നവർക്ക് കണ്ണൂർ ധർമ്മശാലയിലുള്ള വി.ആർ പോൾട്രി ഫാം ഉടമ രജീഷ് 10,000 രൂപ വാഗ്ദാനം നൽകിയിട്ടുണ്ട്. 9544740057 എന്ന നമ്പരിലാണ് വിവരം അറിയിക്കേണ്ടത്. സംഭവത്തിൽ ഷിബു കുമരകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുമരകം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ക്രൂരതകാട്ടിയവരെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.