- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സ്ഥിരനിർമ്മാണം നടത്താൻ ഇളവു നൽകണമെങ്കിൽ ഒരേയൊരു കാര്യം മാത്രമാണു പരിഗണിക്കുക പൊതുതാൽപര്യം; ബഫർ സോൺ എത്തിയാൽ കർഷകർക്ക് ദുരിതം മാത്രം; ടൂറിസം മേഖലയും തകരും; അതിരപ്പള്ളി അടക്കമുള്ള മേഖകൾ ആശങ്കയിൽ; ജനവാസ മേഖല പരിസ്ഥിതി ലോലമാകുമ്പോൾ
തൃശൂർ: വീണ്ടും ബഫർ സോൺ ആശയക്കുഴപ്പം. ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാകുന്നതാണ് ഇതിന് കാരണം. പഞ്ചായത്ത് ഓഫീസു പോലും ബഫർ സോണിലാകുന്ന അവസ്ഥയിലാണ് അതിരപ്പള്ളി. തിരുവനന്തപുരത്തെ നെയ്യാർഡാമിന് അടുത്തും ഇതേ സ്ഥിതിവിശേഷമുണ്ട്. ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽപ്പെടുന്ന അത്യപൂർവ സാഹചര്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് അതിരപ്പിള്ളി.
വനംവകുപ്പിന്റെ പരിധിയിലുള്ള മുഴുവൻ മേഖലകളെയും ബാധിക്കുന്നതല്ല ബഫർസോൺ പ്രഖ്യാപനം. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശമാണ് ഒരു കിലോമീറ്റർ വീതിയിൽ ലോല മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ) മാറുക. ഉത്തരവു നടപ്പായാൽ അതിരപ്പിള്ളി പോലുള്ള പഞ്ചായത്തുകൾ പൂർണമായും പീച്ചി, വാഴാനി പോലുള്ള മേഖലകളിലെ വനാതിർത്തിയിലുള്ള ഗ്രാമങ്ങൾ ഭാഗികമായും ബഫർസോണിൽ ഉൾപ്പെടും. ഇവിടങ്ങളിൽ പുതിയ സ്ഥിര നിർമ്മാണങ്ങളൊന്നും അനുവദിക്കില്ല. നിയന്ത്രണങ്ങൾ കൂടുകയും ചെയ്യും. ഇത് ജനജീവിതത്തെ ബാധിക്കും. ഇതാണ് പ്രതിഷേധമായി മാറുന്നതിന് കാരണം.
അതിരപ്പള്ളി പഞ്ചായത്തിൽ ആകെയുള്ള 2653 വീടുകളും ലോലമേഖലയുടെ ഭീഷണിയിലാണെന്നു പ്രസിഡന്റ് കെ.കെ. റിജേഷ് പറയുന്നു. പതിറ്റാണ്ടുകളായി ജനം കാടിനോടു ചേർന്നിണങ്ങി ജീവിക്കുന്ന അതിരപ്പിള്ളിയിൽ ബഫർസോണിന് അകത്താണ് എല്ലാ വീടുകളും. പഞ്ചായത്ത് ഓഫിസ് അടക്കം ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായതിനാൽ അതിരപ്പിള്ളിയിൽ വികസനം അസാധ്യമാകും. ഇതോടെ അതിരപ്പള്ളിയിലെ സാധ്യതയ അടയുകയും ചെയ്യും.
ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി വേണം പരിസ്ഥിതി ലോല മേഖല നിർണയിക്കേണ്ടതെന്നുകാട്ടി സർക്കാരിനു കത്തുനൽകാൻ 15ന് അതിരപ്പിള്ളി പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നുണ്ട്. അതിനിടെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കി മാറ്റിയാലും സാധാരണ ജനജീവിതത്തെ ബാധിക്കില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു.
ക്വാറികൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, മരമിൽ, ജലവൈദ്യുത പദ്ധതികൾ, മാലിന്യ പ്ലാന്റ്, രാസവസ്തു നിർമ്മാണ യൂണിറ്റ് തുടങ്ങിയവയ്ക്കാണു നിരോധനമുള്ളത്. റിസോർട്ട് നിർമ്മാണം, മരംമുറി എന്നിവയ്ക്കു തടസ്സമാകില്ല. കലക്ടർ അധ്യക്ഷനായ ഇക്കോ സെൻസിറ്റീവ് സോൺ റഗുലേറ്ററി അഥോറിറ്റി പരിശോധിച്ച് അനുവാദം നൽകും. മുൻകൂർ അനുമതിയോടെ ടൂറിസം മേഖലയിൽ റിസോർട്ട് നിർമ്മാണം നടത്താനാകുമെന്നും വനംവകുപ്പ് പറയുന്നു.
തൃശൂർ ജില്ലയുടെ മലയോര ജനതയുടെയാകെ ആശങ്കയാണ്. സംരക്ഷിതവനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖല (ബഫർസോൺ) നിർബന്ധമെന്ന സുപ്രീം കോടതി ഉത്തരവ് ആണ് ആശങ്കയ്ക്കു കാരണം. കേരളത്തിലെ 23 സംരക്ഷിത വനമേഖലകളിൽ തൃശൂർ ജില്ലാപരിധിയിലുൾപ്പെടുന്ന പ്രധാന മേഖലകൾ ഇവയാണ്: അതിരപ്പിള്ളി വാഴച്ചാൽ, ചിമ്മിനി, പീച്ചി വാഴാനി, ഷോളയാർ. ഇതിൽ ഷോളയാറും ചിമ്മിനിയും മാത്രമാണു ജനവാസ മേഖലകളിൽ നിന്ന് ഏറെക്കുറെ പൂർണമായി ഒറ്റപ്പെട്ട നിലയിലുള്ളത്.
മറ്റു വനങ്ങളുടെയെല്ലാം അതിർത്തിയോടു ചേർന്നു പതിറ്റാണ്ടുകളായി ജനം കൃഷി ചെയ്തു ജീവിക്കുന്നു മേഖലകളാണ്. ബഫർസോണിൽ ഉൾപ്പെട്ട മേഖലകളിൽ ഹോട്ടൽ, റസ്റ്ററന്റ്, റിസോർട്ട്, ഹെലികോപ്റ്റർ സർവീസ്, ജലവൈദ്യുത പദ്ധതി, കനാൽ, 33 കെവിക്കു മുകളിലുള്ള വൈദ്യുത ലൈൻ, 5 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡ് എന്നിവയ്ക്കു പാരിസ്ഥിതിക അനുമതി വേണ്ടിവരും. നദികളിൽ നിന്നു പാറ, മണൽ, ചരൽ എന്നിവ വാരാനും അനുമതി നിർബന്ധം.
നിലവിലുള്ള കെട്ടിടങ്ങളുടെയും നിർമ്മാണങ്ങളുടെയും വിവരം ശേഖരിച്ചു കോടതിക്കു സമർപ്പിക്കാനും നിർദ്ദേശമുണ്ട്. പുതിയ സ്ഥിരനിർമ്മാണം നടത്താൻ ഇളവു നൽകണമെങ്കിൽ ഒരേയൊരു കാര്യം മാത്രമാണു പരിഗണിക്കുക പൊതുതാൽപര്യം. ഇതാണ് ആളുകളെ പ്രതിസന്ധിയിലാക്കുന്നത്. തൃശൂരിലെ വിനോദ സഞ്ചാര വികസന സാധ്യതകളെ എല്ലാം ബഫർ സോൺ തകർക്കുമെന്ന് സാരം.
മറുനാടന് മലയാളി ബ്യൂറോ