ന്യൂയോർക്ക്: അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് കെട്ടിടമാണ് ഭാഗികമായി തകർന്നത്.

102 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. അപകടം നടക്കുന്ന സമയം എത്രപേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. 130ഓളം അപ്പാർട്ട്‌മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു.കെട്ടിടത്തിന് കേടുപാടികൾ ഉണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.

എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.1980ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. ഇവിടെ കഴിഞ്ഞിരുന്ന ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരേയും കാണാനില്ലെന്ന് അവരുടെ കോൺസുലേറ്റുകൾ അറിയിച്ചു.