തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യത. കേന്ദ്രജലക്കമ്മീഷന്റെതാണ് മുന്നറിയിപ്പ്. നാളെ രാവിലെ പതിനൊന്നരവരെയാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളവും ഉൾപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും.തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലെ 48 വില്ലേജുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.

ഇപ്പോൾ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും, കന്യാകുമാരിക്ക് 700 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോൾ മണിക്കൂറിൽ 11 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. അടുത്ത 12 മണിക്കൂറിനകം കാറ്റിന്റെ ശക്തി വർധിക്കും. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങും. ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കും. മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയാകും അപ്പോൾ കാറ്റിനുണ്ടാകുക.

ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുരേവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.

2020 ഡിസംബർ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, 2020 ഡിസംബർ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, 2020 ഡിസംബർ 4 ന് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണിത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

2020 ഡിസംബർ 2 ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബർ 3 ,4 എന്നീ തീയതികളിൽ തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലും ഡിസംബർ 5 ന് തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദ്ദേശം പാലിക്കുക

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

തിരുവനന്തപുരം ജില്ലയിൽ ഡിസംബർ നാലിന് അതീവ ജാഗ്രത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് ഡിസംബർ നാലിന് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 470കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 700 കിമീ ദൂരത്തിലുമുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിൽ ശക്തിപ്രാപിച്ച് ശ്രീലങ്കൻ തീരം കടക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് ജില്ലയിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് നിന്നും കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും വേഗം ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എൻ.ഡി.ആർ.എഫ് സംഘമെത്തി

ജില്ലയിൽ ചുഴലികാറ്റ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. മലയോര മേഖലകൾ, അപകടസാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.