- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ തുകയ്ക്ക് ബസ് വാടകയ്‌ക്കെടുത്ത ശേഷം അതിഥിത്തൊഴിലാളികളെ 7000 രൂപവരെ നിരക്ക് ഈടാക്കിയാണ് ഏജന്റുമാർ അസമിലും ബംഗാളിലും എത്തിച്ച് ലാഭമുണ്ടാക്കിയത് എന്ന് ബസ് തൊഴിലാളികൾ; നിഷേധിച്ച് ഏജന്റുമാരും; ബംഗാളിൽ കുടുങ്ങിയ ജീവനക്കാരുടെ കാര്യം ഗതികേടിൽ; പരിഹാരമാവാത്ത പ്രതിസന്ധിയുടെ കഥ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി നൂറുകണക്കിനു ബസുകളും ജീവനക്കാരും പ്രതിസന്ധിയിൽ തന്നെ. ലോക്ഡൗൺ മൂലം അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്ന ജീവനക്കാർ നട്ടം തിരിയുകയാണ്. ബസ് ഉടമകളും ഏജന്റുമാരും തമ്മിലുള്ള ഭിന്നതയും രൂക്ഷമാകുകയാണ്. പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുണ്ട്. എന്നാൽ കേരളവും ബംഗാളും മൗനം തുടരുന്നു. ഇതും പ്രതിസന്ധിയാണ്.
തൊഴിലാളികളെ അസമിലും ബംഗാളിലും എത്തിച്ചു വോട്ട് ചെയ്തു തിരികെയെത്തിക്കാൻ ഏജന്റുമാരാണു ബസുകൾ ഏർപ്പെടുത്തിയത്. എന്നാൽ ഒരു വശത്തേക്കുള്ള പണം മാത്രമേ ഏജന്റുമാർ നൽകിയുള്ളൂ. ഇനി കൊടുക്കാനാകില്ലെന്നാണ് നിലപാട്. ബാക്കി പണം നൽകാൻ ബസുകൾ തിരികെ നാട്ടിൽ എത്തണമെന്നാണ് ഏജന്റുമാർ പറയുന്നത്. ഫോണിൽ വിളിച്ചാൽ ഏജന്റുമാരെ കിട്ടുന്നില്ല.
തിരികെ വരാൻ ഇന്ധനത്തിനും മറ്റും അര ലക്ഷത്തിലേറെ രൂപ ഓരോ ബസിനും വേണ്ടിവരും. ടോൾ ഇനത്തിലും നികുതി ഇനത്തിലും പതിനായിരങ്ങൾ നൽകണം. ലോക്ഡൗൺ കഴിയുമ്പോൾ പരിഹാരമുണ്ടാക്കാമെന്നാണ് ഏജന്റുമാർ പറയുന്നത്. ജീവനക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല, സ്ഥലംവിടാൻ പൊലീസിന്റെ നിർബന്ധം വർധിച്ചുവരികയാണ്. പരിഹാരമുണ്ടാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചിട്ടും ബംഗാളോ കേരളമോ നടപടിയെടുക്കാത്ത അവസ്ഥയാണ്.
കുറഞ്ഞ തുകയ്ക്ക് ബസ് വാടകയ്‌ക്കെടുത്ത ശേഷം അതിഥിത്തൊഴിലാളികളെ 7000 രൂപവരെ നിരക്ക് ഈടാക്കിയാണ് ഏജന്റുമാർ അസമിലും ബംഗാളിലും എത്തിച്ച് ലാഭമുണ്ടാക്കിയത്. എന്നാൽ, പ്രതിസന്ധിക്കു കാരണം ബസ് ഉടമകളാണെന്നു കുറ്റപ്പെടുത്തി ഒരു വിഭാഗം ഏജന്റുമാർ രംഗത്തെത്തി. സ്വന്തം ജീവനക്കാരെപ്പോലും പറ്റിക്കുകയാണ് ഉടമകളെന്ന് ഇവർ പറയുന്നു. തങ്ങൾക്കു നാമമാത്രമായ കമ്മിഷൻ നൽകി വൻതുക ബസ് ഉടമകൾ ഈടാക്കുന്നു എന്ന് അവരും പറയുന്നു.
കുറഞ്ഞ നിരക്കിനു പുറത്തുനിന്നു ബസ് വാടകയ്‌ക്കെടുത്ത് വലിയ ലാഭം ഈടാക്കിയാണു ബസ് ഉടമകൾ തങ്ങൾക്കു നൽകുന്നത്. അതേസമയം, സ്വന്തം ബസ് ആണു പോകുന്നതെങ്കിൽ ഇവർ ഒരു യാത്രക്കാരന് 6500 രൂപവരെ ഈടാക്കുന്നുവെന്നും ഏജന്റുമാർ കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ