ആലപ്പുഴ: വരവേൽപ്പിനെ തോൽപ്പിക്കുന്ന യാഥാർത്ഥ്യമാണ് ഇത്. സ്വകാര്യ ബസിന് യാത്രാ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ 3 ലക്ഷം രൂപ മുൻ തൊഴിലാളിക്ക് നഷ്ട പരിഹാരം നൽകണമെന്ന വിചിത്ര നിർദ്ദേശവുമായി സിഐ.ടി.യു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ആലപ്പുഴ സിഐ.ടി.യു വിധവയായ മുൻ ഉടമയ്ക്ക് കർശന നിർദ്ദേസം നൽകിയിരിക്കുന്നത്. തുക നൽകിയില്ലെങ്കിൽ ബസ് നിരത്തിൽ ഓടിക്കില്ലെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ആലപ്പുഴ സിഐ.ടി.യു ഓഫീസിൽ നടന്ന ചർച്ചയിലാണ് ഇത്തരം ഒരു നിർദ്ദേശം വച്ചിരിക്കുന്നത്. ബസിന്റെ മുൻ ഉടമയായ കണിച്ചുകുളങ്ങര സ്വദേശി നിഷ 50,000 രൂപ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ സിഐ.ടി.യു കടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.

കഴിഞ്ഞ 15 നാണ് നിഷയുടെ ഉടമസ്ഥതയിലുള്ള അംബികേശ്വരി ബസ് കലവൂർ സ്വദേശിനിയായ സ്നേഹമ്മയ്ക്ക് വിൽപ്പന നടത്തിയത്. അന്ന് തന്നെ കന്നിയോട്ടം നടത്തുന്നതിനിടെയാണ് സിഐ.ടി.യു സംഘം ബസ് തടഞ്ഞത്. നേരത്തേയുണ്ടായിരുന്ന കണ്ടക്ടർക്കു ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് മോട്ടോർ തൊഴിലാളി വർക്കേഴ്സ് യൂണിയൻ (സിഐ.ടി.യു.) പ്രാദേശിക നേതാവ് റജീബ് അലിയുടെ നേതൃത്വത്തിൽ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് തടഞ്ഞിട്ടത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ കൊടികുത്തി പ്രതിഷേധിച്ചു. മുൻ കണ്ടക്ടറായ അരുൺ ലാലിനെ പിരിച്ചു വിട്ടതിനാൽ നഷ്ടപരിഹാരം നൽകണമെന്നും തൊഴിൽ ഇതേ ബസിൽ തന്നെ നൽകണമെന്നുമായിരുന്നു ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ബസ് സർവ്വീസ് നടത്താൻ അനവുവദിക്കില്ലെന്നായിരുന്നു റെജീബ് അലിയുടെ ഭീഷണി. ഇതോടെ ബസ് സർവ്വീസ് നിർത്തി കലവൂരിലെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

കണിച്ചുകുളങ്ങര ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയായ നിഷ തന്റെ സഹപ്രവർത്തകയുടെ അമ്മയായ സ്‌നേഹമ്മയ്ക്കാണ് ബസ് വിറ്റത്. നിഷയുടെ ഭർത്താവിന്റെ മരണവും ലോക്ഡൗണും നിമിത്തം രണ്ടുവർഷം ബസ് ഓടിയിരുന്നില്ല. കോവിഡിനുശേഷം ഓടിയെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ബസ് വിൽക്കുകയാണെന്ന് തൊഴിലാളികളോടു പറഞ്ഞിരുന്നതായി നിഷ പറഞ്ഞു. തൊഴിൽ നൽകണമെന്ന് ആവശ്യപ്പെട്ട് അരുൺ ലാലും യൂണിയൻ നേതാക്കന്മാരും നിരന്തര ശല്യമുണ്ടാക്കിയതും ബസ് വിൽക്കാൻ കാരണമായി. 8 വർഷമായി ബസിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും കൃത്യമായി ജോലിക്കെത്തിയിരുന്നില്ല.

ഒരു സ്വകാര്യ കമ്പനിയിൽ ഇയാൾ ജോലിക്ക് പോയിരുന്നെങ്കിലും അവിടെ ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലം തിരികെ വീണ്ടുമെത്തി. പിന്നീട് വീണ്ടും ഇറങ്ങി കടലിൽ മത്സ്യബന്ധനത്തിനായി പോയി. മാസങ്ങൾക്ക് ശേഷമാണ് തിരികെ എത്തിയത്. കൂടാതെ ക്ഷേമനിധി അടക്കാത്ത തൊഴിലാളി കൂടിയാണിയാൾ. ഭർത്താവ് മരിച്ചതിന് ശേഷം നിഷയും പ്ലസ്ടുവിന് പഠിക്കുന്ന മകളും മാത്രമാണ് വീട്ടിലുള്ളത്. ഒരു ദിവസം രാത്രി അരുണും യൂണിയൻ നേത്ക്കളും വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പരാതി നൽകാനൊരുങ്ങിയപ്പോൾ സിപിഎം പാർട്ടീ പ്രതിനിധികൾ വിഷയം സംസാരിച്ച് തീർക്കാമെന്ന് ഉറപ്പ് നൽകി. ഇതിനിടയിലാണ് അരുൺ യൂണിയൻ നേതാക്കളുമായി ചേർന്ന് ബസ് തടഞ്ഞിട്ടത്.

ദിവസം 9,000 രൂപയോളം വരുമാനമുണ്ടായിരുന്ന ബസിന്റെ കളക്ഷൻ 5,000 രൂപയിലേക്ക് താഴ്ന്നതോടെയാണ് ബസ് വിൽക്കാൻ നിഷ തീരുമാനിച്ചത്. ഇരുപതോളം ചാലുള്ള ബസ് കൃത്യമായി സർവ്വീസ് നടത്തിയിരുന്നില്ല. അരുൺ ലാൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ദിവസങ്ങളിലാണ് കളക്ഷൻ കുറവുണ്ടായിരുന്നത്. മറ്റുള്ളവർ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ കൃത്യമായ വരുമാനം ഉണ്ടായിരുന്നു. ഇതോടെ ഇയാളെ ബാക്ക് ഡോർ കണ്ടക്ടറാക്കിയതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബസ് സർവ്വീസ് നഷ്ടത്തിലാക്കിയതും പോരാത്തതിന് ഇപ്പോൾ 3 ലക്ഷം രൂപ നഷ്ടപ രഹിരം വേണമെന്ന നിലപാടിലാണ് ഇയാളും സിഐ.ടി.യുക്കാരും.

സംഭവം ഒത്തു തീർപ്പിലെത്താത്തതിനാൽ ബസ് വാങ്ങിയ സ്നേഹമ്മ ബസ് തിരികെ കൊടുക്കാനുള്ള തീരുമാനത്തിലാണ്. നഷ്ടപരിഹാരത്തിന് പുറമേ ജോലിയിൽ ഉത്തരവാദിത്തമാല്ലാത്ത കണ്ടക്ടറെ വീണ്ടും ഇതേ ഭസിൽ ജോലിക്ക് വയ്ക്കണമെന്ന ആവശ്യവും ഇവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. പെർമിറ്റ് അടക്കം ബസ് മാത്രമാണു വാങ്ങിയതെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നുമുള്ള നിലപാടിലാണ് സ്‌നേഹമ്മ. വരവേൽപ്പ് സിനിമ ആവർത്തിക്കുമ്പോൾ സർക്കാർ ഇതിന് മുന്നിൽ കണ്ണും പൂട്ടി നിൽക്കുകയാണ്.