- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! യുഎഇ കോൺസുലേറ്റിൽ നിന്നും സിആപ്റ്റ് വഴി ബെംഗളൂരുവിലേക്കും മലപ്പുറത്തേക്കും പാഴ്സലുകൾ എത്തിച്ചത് അതീവരഹസ്യമായി; എല്ലാറ്റിനും ചുക്കാൻ പിടിച്ച സിആപ്റ്റ് ഡയറക്ടർ എം.അബ്ദുൽ റഹ്മാന് മന്ത്രി കെ.ടി.ജലീലിന്റെ വക പുതിയ സമ്മാനം; അബ്ദുൽ റഹ്മാന് എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം; തന്റെ വിശ്വസ്തനെ ജലീൽ വാഴിക്കുന്നത് യോഗ്യതകൾ വെട്ടിക്കുറച്ച്; മന്ത്രിയുടെ പുതിയ നീക്കം സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സംശയനിഴലിൽ നിർത്തിയിരിക്കെ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി അതിരഹസ്യമായി എത്തിച്ച പാഴ്സലുകൾ ബംഗളൂരുവിലേക്കും മലപ്പുറത്തെക്കും സിആപ്റ്റ് വഴി എത്തിക്കാൻ മന്ത്രി കെ.ടി.ജലീലിന് ചൂട്ടുപിടിച്ച സിആപ്റ്റ് ഡയറക്ടർ എം. അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം നല്കാൻ യോഗ്യത ചട്ടങ്ങൾ വെട്ടിക്കുറക്കുന്നു. അബ്ദുൽ റഹ്മാന് വേണ്ടി ഡയറക്ടർ യോഗ്യതകൾ വെട്ടിക്കുറച്ച് നിയമനം നടത്താനാണ് ശ്രമം നടക്കുന്നത്. തന്റെ വിശ്വസ്തനു സ്ഥിരം നിയമനം നടത്താൻ മന്ത്രി കെ.ടി.ജലീൽ തന്നെയാണ് നീക്കം നടത്തുന്നത് എന്നാണ് അറിയുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തേക്കും എന്ന സംശയത്തിൽ സ്വന്തം മന്ത്രി പദവിക്ക് ഇളക്കം തട്ടി നിൽക്കുന്ന വേളയിലാണ് ജലീലിന്റെ ഈ വഴിവിട്ട നീക്കം നടക്കുന്നത്.
നിലവിൽ എൽബിഎസിന്റെ പ്രിൻസിപ്പാളായി തുടരവേയാണ് അബ്ദുൾ റഹ്മാനെ എൽബിഎസ് ഡയരക്ടറായി നിയമിക്കാൻ മന്ത്രി ജലീൽ നീക്കം നടത്തുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്തുമായി ബന്ധപ്പെട്ടു മന്ത്രി ജലീൽ എന്നതുപോലെ സിആപ്റ്റും സംശയ നിഴലിലാണ്. അന്വേഷണ ഏജൻസികൾ സിആപ്റ്റിനെ നിരീക്ഷിക്കുന്ന വേളയിലാണ് കോൺസുലെറ്റുമായി ബന്ധപ്പെട്ടുവന്ന ദുരൂഹമായ പാഴ്സലുകൾ മലപ്പുറത്തേക്കും ബംഗളൂര്വിലേക്കും സിആപ്റ്റ് വണ്ടികളിൽ എത്തിക്കാൻ നേതൃത്വം നൽകിയ അബ്ദുൾറഹ്മാനെ സിആപ്റ്റിൽ നിന്നും എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കുന്നത്. ഇതിലും ഉയർന്ന പോസ്റ്റായ എൽബിഎസ് ഡയരക്ടർ ആക്കി മാറ്റാനാണ് മന്ത്രി ജലീൽ തിടുക്കത്തിൽ നീക്കം നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ എൽബിഎസ് കോളേജിന്റെ പ്രിൻസിപ്പലായി നിയമനവും എൽബിഎസ് ഡയറക്ട റുടെ പൂർണ അധികചുമതലയും അബ്ദുൽ റഹ്മാനു നിലവിൽ നൽകിയിരിക്കുന്നത്.
ജലീലിന്റെ നിർദ്ദേശാനുസരണം ഇപ്പോൾ സെന്ററിന്റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്റെ അടിയന്തര യോഗത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി എൽബിഎസിന്റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്. യോഗ്യതകൾ വെട്ടിക്കുറച്ച് സ്ഥിരം നിയമനം നടത്താൻ നിയമനം ലഭിക്കേണ്ട വ്യക്തി തന്നെ യോഗ്യതകളിൽ ഇളവ് വരുത്താൻ ഉന്നത തല യോഗം വിളിച്ച വിചിത്ര സംഭവമാണ് എൽബിഎസിൽ നടക്കുന്നത്.
ഓഗസ്റ്റ് 24 ന് ചേരുന്ന വിശേഷാൽ ചട്ട ഭേദഗതി കമ്മിറ്റിയുടെ ശുപാർശ മന്ത്രി അധ്യക്ഷനായ ഗവേർണിങ് കൗൺസിൽ അംഗീകരിച്ചശേഷം സർക്കാർ ഉത്തരവിറക്കും. ഇതോടെ എൽബിഎസ് ഡയറക്ടർ ആയി അബ്ദുൽ റഹ്മാൻ നിയമിക്കപ്പെടും. നാളിതുവരെ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പൽമാരെ മാത്രമേ എൽബിഎസ് ഡയറക്ടർമാരായി നിയമിച്ചിട്ടുള്ളു. എഐസിടിഇ ചട്ട പ്രകാരം സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽമാർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ഇന്റർവ്യൂ നടത്തി ഡയറക്ടറെ നിയമിക്കണമെന്ന ചട്ടം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുകയാണ്. ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു യോഗം വിളിക്കുന്നത്.
എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടാനുള്ള യോഗ്യത നിലവിൽ എം. അബ്ദുൽ റഹ്മാനു ഇല്ലെന്നിരിക്കെയാണ് ഡയരക്ടർ പോസ്റ്റിലേക്ക് നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്. എഐസിടിഇ നിയമങ്ങൾ അനുസരിച്ച് എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടെണ്ടത് എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പാൾമാരാണ്. റിസർച്ച് ഗൈഡ് ആയിരിക്കണം, ഓപ്പൺ നോട്ടിഫിക്കേഷൻ വേണം, പത്ത് ജേർണലിൽ പബ്ലിഷ് ചെയ്ത പേപ്പർ വേണം എന്നൊക്കെയുള്ള നിബന്ധനകളുണ്ട്. അതിവിശ്വസ്തനു വേണ്ടി ഇതെല്ലാം കാറ്റിൽപ്പറത്തുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നത്. സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് എൽബിഎസിന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ എൽബിഎസിന് ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും.
എൽബിഎസിന്റെ ഡയറക്ടറായിരുന്ന ഡോക്ടർ ഷാജി സേനാധിപൻ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ആണ് ഡയരക്ടർ പോസ്റ്റിൽ ഒഴിവ് വന്നത്. സർക്കാർ സർവീസിൽ റിട്ടയർമെന്റ് പ്രായം 56 ആണെങ്കിലും എൽബിഎസ് ഡയരക്ടർക്ക് 58 വരെ തുടരാം. ഇടത് അനുഭാവിയായ ഷാജി സേനാധിപൻ ഈ പോസ്റ്റിൽ തുടരാനുള്ള ഒരുക്കത്തിലായിരുന്നു. സിപിഎമ്മിൽ നിന്ന് അതിനുള്ള സമ്മതം കൂടി ലഭിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇത് വെട്ടിയാണ് തന്റെ വിശ്വസ്തനെ വാഴിക്കാൻ മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ഒരു യു.ഡി.എഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ 2005 ൽ കേരള സർവകലാശാലയിൽ നിന്ന് സപ്പ്ളിമെന്ററി പരീക്ഷയിലൂടെ എം.ടെക് പരീക്ഷ വിജയിച്ച അബ്ദുൽറഹ്മാനെ യുഡിഎഫ് സർക്കാർ സർക്കാർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ആദ്യപിവിസിയായി നിയമിച്ചത് വിവാദമായിരുന്നു. പിവിസി യുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന്, ഇടത് സംഘനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് മന്ത്രി ജലീലിൽ, അദ്ദേഹത്തെ സി.ആപ്റ്റ് ഡയറക്ടറായി നിയമിച്ചത്.
വിവിധ കോളേജ് പ്രവേശനങ്ങൾക്കും ഉദ്യോഗങ്ങൾക്കുമുള്ള വിവിധ മത്സരപരീക്ഷകൾ നടത്തേണ്ട എൽബിഎസ് സെന്ററിന്റെ മേധാവിയുടെ ഉന്നത യോഗ്യതകളിൽ ഇളവുവരുത്തുവാനുള്ള നീക്കങ്ങൾ സെന്ററിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും, 24 ന് തീരുമാനിച്ചിട്ടുള്ള സ്പെഷ്യൽ റൂൾ ഭേദഗതി കമ്മിറ്റിയോഗം മാറ്റിവെയ്ക്കണമെന്നുമുള്ള ആവശ്യം എൽബിഎസ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. അബ്ദുൽ റഹ്മാന് പ്രിൻസിപ്പൽ തസ്തികയ്ക്കുള്ള യോഗ്യതകൾ ഇല്ലാത്തതിനാൽ ഈ നിയമനം ഉടനടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി.
പ്രിൻസിപ്പൽ ഇന്റർവ്യൂ ബോർഡിൽ കെടിയു വൈസ് ചാൻസിലറെ കൂടി മന്ത്രിയുടെ നിർദ്ദേശാനുസരണം പങ്കെടുപ്പിച്ചത് തെറ്റായ ഈ നിയമനത്തെ സാധൂകരിക്കുന്നതിന് വേണ്ടിയാണെന്ന് ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികളായ ആർ.എസ്.ശശികുമാറും എം.ഷാജർഖാനും ആരോപിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിങ് കോളേജിന്റെ പ്രിൻസിപ്പലിനെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡിൽ അതെ സർവകലാശാലയുടെ വിസി തന്നെ അംഗമായി പങ്കെടുക്കുന്നത് നടാടെയാണെന്നും ക്യാമ്പയിൻ കമ്മറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.