- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻഫിയയുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി വാഹനാപകടം; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്ന് കമ്മീഷണർ; മകളെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയെന്ന മാതാവിന്റെ ആക്ഷേപവും അന്വേഷിക്കുമെന്ന് സിഎച്ച് നാഗരാജു
കൊച്ചി: കൊച്ചി കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. മൂന്നുപേരും മദ്യപിച്ചിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ബന്ധുക്കൾ കൂടുതൽ ആക്ഷേപം ഉന്നയിച്ചാൽ അതും അന്വേഷിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി സ്വദേശി മൻഫിയയുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തി. മകൾക്ക് ഭീഷണി ഉണ്ടായിരുന്നതായാണ് അമ്മ നബീസ വെളിപ്പെടുത്തിയത്. മകളെ കൊല്ലുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയിരുന്നു. അപകടം ഉണ്ടായശേഷം ഒരാൾ കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും നബീസ പറയുന്നു. നവംബർ 30 ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപം മെട്രോപില്ലറിൽ കാർ ഇടിച്ചു മറിഞ്ഞാണ് കാറിലുണ്ടായിരുന്ന മൻഫിയ മരിച്ചത്.
അതേസമയം മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണർ നാഗരാജു പറഞ്ഞു. ഫോൺ സംഭാഷണങ്ങൾക്ക് പുറമേ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ആരെയൊക്കെ അറസ്റ്റ് ചെയ്യും എന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്. പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തു, അവരുടെ റോൾ എന്താണ്?, മയക്കുമരുന്ന് സപ്ലയേഴ്സ് ആരാണ് ? ഇതെല്ലാം കണ്ടെത്തി അതിനനുസരിച്ചായിരിക്കും കേസ് എടുക്കുക. കേസ് എടുക്കുന്നത് ആദ്യ ചുവടുവെപ്പ് മാത്രമാണെന്നും കമ്മീഷണർ പറഞ്ഞു.
സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്‌ളാറ്റുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ലഹരിപാർട്ടികൾ നടന്നതായി വെളിപ്പെടുത്തിയ ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്താൻ വൈദഗ്ധ്യം ലഭിച്ച ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
സൈജു തങ്കച്ചന്റെ മൊബൈൽഫോണിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പൊലീസ് പരിശോധന നടത്തിയ ഫ്‌ളാറ്റുകളിലൊന്ന് സൈജു തങ്കച്ചന്റേതാണ്. അതിനിടെ, ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു. ലഹരിപാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴു സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഏഴു യുവതികൾ അടക്കം 17 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിലുള്ള ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇവരിൽ പലരുടേയും മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. കൊച്ചി കമ്മീഷണറേറ്റിന് കീഴിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ 9 കേസുകൾ എടുത്തിട്ടുണ്ട്. ഇടുക്കി വെള്ളത്തൂവൽ പൊലീസും സൈജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വനംവകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ