- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സംഭാഷണവുമായി തനിക്ക് ബന്ധമില്ല; സാമ്പത്തിക സഹായം വേണമെന്ന് ഇടനിലക്കാരെ നിർത്തി താൻ ആവശ്യപ്പെട്ടിട്ടില്ല; പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല; പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സികെ ജാനു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസും
തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ആരോപണത്തിൽ പ്രതികരണവുമായി സി കെ ജാനു രംഗത്ത്. പണമിടപാട് സംബന്ധിച്ച് ആരോപണത്തിന് കാരണമായ സംഭാഷണം ഇന്നലെയാണ് ആദ്യമായി കേൾക്കുന്നത്. ആ സംഭാഷണവുമായി തനിക്ക് ബന്ധമില്ലെന്ന് സികെ ജാനു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർ്ച്ചയിൽ പങ്കെടുക്കവേയായിരുന്നു അവരുടെ പ്രതികരണം.
ഒരു മാധ്യമപ്രവർത്തകനാണ് വിവരം അറിയിക്കുന്നത്. പുറത്തുവന്ന ഫോൺ സംഭാഷണം താനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സി കെ ജാനു പറഞ്ഞു. ഇത്തരം ഒരു ഇടപാട് നടത്താൻ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. പാർട്ടിയിൽ തന്റെ നിലപാട് വ്യക്തമാക്കാനുള്ള ബന്ധമൊക്കെ നേതാക്കളുമായി തനിക്കുണ്ട്. എനിക്ക് വേണ്ടി മറ്റൊരാൾ സംസാരിക്കേണ്ട ആവശ്യമെന്താണെന്ന് അറിയില്ല. ഇതിനുമുൻപും താൻ ഇത്തരം ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായി സഹായം വേണമെന്ന് ഇടനിലക്കാരെ നിർത്തി പാർട്ടിയോട് താൻ ആവശ്യപ്പെട്ടിട്ടില്ല. പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറിയെന്ന് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബാബു ബി സിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയിൽ വെച്ച് നിരവധി തവണ പണമിടപാടുകൾ നടന്നു. അമിത് ഷാ ബത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നൽകിയതായും ബാബു ആരോപിച്ചിരുന്നു. ജെആർപി ട്രഷററായ പ്രസീത അഴീക്കോട് കെ സുരേന്ദ്രനുമായി നടത്തിയന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നത് വൻ വിവാദമായിരുന്നു.
അതേസമയം സുരേന്ദ്രനിൽ നിന്ന് പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണമുന്നയിച്ച ജെ.ആർ.പി നേതാക്കൾക്കെതിരെ സി കെ ജാനു മാനനഷ്ട കേസ് ഫയൽ ചെയ്തു. ജെ.ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, ട്രഷറർ പ്രസീത എന്നിവർക്കെതിരെയാണ് കേസ്. ഏഴ് ദിവസത്തിനകം ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ആവശ്യം.
തനിക്ക് വർധിച്ചു വരുന്ന ജനപിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്നു ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രകാശൻ മൊറാഴ ജെ.ആർ.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റർ പാഡും, സീലും വ്യാജമായി നിർമ്മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുയെന്നാണെന്നും ജാനു വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
അതേസമയം സി. കെ ജാനുവിന് പണം നൽകിയിട്ടില്ലെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. പ്രസീതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സുരേന്ദ്രൻ എന്നാൽ അത് തന്റെ ശബ്ദമല്ലെന്നും ശബ്ദരേഖ പൂർണ്ണമല്ലെന്നും കൂട്ടിച്ചേർത്തു. സി.കെ ജാനു അവരുടെ ആവശ്യത്തിനായി പണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ആക്രമിക്കാമെന്നും എന്നാൽ ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. ആദിവാസി നേതാവായതുകൊണ്ടാണോ ജാനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ