കൊച്ചി: സഖാക്കൾ പോലും കിറ്റക്‌സിന്റെ കൂടെയായിരുന്നപ്പോൾ തന്നെ ഞാൻ കിറ്റക്‌സിനെതിരെയായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ.കിറ്റക്‌സ് കമ്പനി നടത്തുന്ന മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകർ പ്രതികരിക്കുന്നില്ല എന്ന ആക്ഷേപത്തിന് മറുപടിയുമായായാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. സിആർ നീലകണ്ഠൻ അടക്കമുള്ള പരിസ്ഥിതി പ്രവർത്തകർ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ.എം ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്ത് വന്നിരുന്നു.വർഷങ്ങളായി കിറ്റക്‌സ് കമ്പനിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ താൻ ഇടപെടുന്നുണ്ടെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ കേസുപോലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഈ കമ്പനിയുടെ മലിനീകരണം സംബന്ധിച്ചുള്ള പരാതികൾ ഉയരുന്നത് പത്തിലേറെ വർഷങ്ങൾക്കു മുൻപാണ്. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും അവരുടെ മുഴുവൻ കക്കൂസ് മാലിന്യങ്ങളും ഒരു തുറന്ന പാടത്തേക്കു വിടുന്നതിന്റെ ഫലമായി പ്രദേശവാസികൾക്ക് ജീവിക്കാൻ അസാധ്യമായതിനാൽ അതിനെതിരെ ചേലക്കുളം നിവാസികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാനാണ് ഞാൻ അവിടെ ചെന്നത്. അന്ന് മുതൽ ആ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണ് ഞാൻ എന്നത് സാക്ഷ്യപ്പെടുത്താൻ ആ നാട്ടുകാർ മാത്രം മതി,'' സി.ആർ നീലകണ്ഠൻ പറഞ്ഞു.

അതേസമയം കിറ്റക്‌സിന്റെ ട്വന്റി 20യ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയത്തെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടാൻ സിപിഐ.എം ഉൾപ്പെടെയുള്ള മുഖ്യധാര പാർട്ടികൾ തയ്യാറാകാത്തതിനെ സിആർ നീലകണ്ഠൻ രൂക്ഷമായി വിമർശിച്ചു.

'ഈ സമരം ശക്തമായി തുടരുന്ന കാലത്താണ് കിറ്റക്‌സിന്റെ സ്ഥാപകനായ ജേക്കബിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലേക്ക് കേരളത്തിലെ എല്ലാ പ്രമുഖ കക്ഷികളുടെയും നേതാക്കളെ ക്ഷണിച്ചു കൊണ്ട് വന്നത്. സി.പി. ഐ.എം, കോൺഗ്രസ്, ലീഗ്, ബിജെപി നേതാക്കളെല്ലാം ഉണ്ടായിരുന്നു.പരിസ്ഥിതി മുതലായ വിഷയങ്ങളിൽ ജനപക്ഷ നിലപാടെടുത്തിരുന്ന സഖാവ് വി.എസിനോട് ആ പരിപാടിയിൽ ഒരു കാരണവശാലും പങ്കെടുക്കരുതെന്നുള്ള ആ ജനങ്ങളുടെ ആവശ്യം ഞാൻ നേരിട്ട് തന്നെ സഖാവിനെ അറിയിച്ചു. പക്ഷെ പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം മൂലമായേക്കാം അദ്ദേഹം അതിനോട് യോജിച്ചില്ല,'' സി.ആർ നീലകണ്ഠൻ പറഞ്ഞു.

''നല്ല കിറ്റ് കിറ്റക്‌സ് മുതലാളി നല്കിയപ്പോൾ അവർക്കു കുറെപ്പേർ വോട്ടു ചെയ്തു. കിറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ മറ്റു മൂന്ന് പഞ്ചായത്തുകളിലും അവർ നേട്ടമുണ്ടാക്കി. സിപിഎം ഭരിച്ചിരുന്ന ഐക്കരനാട്ടിൽ എല്ലാ സീറ്റും അവർ നേടി. അതെങ്ങനെ എന്ന് സഖാക്കൾ പറയുമോ?,'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.