ന്യൂഡൽഹി: താലിബാൻ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ തകൃതിയായി നടക്കുന്നതിനിടെ പുതിയ 'ബോംബ്' പൊട്ടിച്ച് കേന്ദ്രമന്ത്രി. അഫ്ഗാനിസ്താനിലെ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രശ്‌നങ്ങൾ പൗരത്വ ഭേദഗതി നിയമം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

''കലുഷിതമായ നമ്മുടെ അയൽരാജ്യത്തെ പുതിയ സംഭവ വികാസങ്ങളും അവിടെയുള്ള ഹിന്ദു- സിഖ് സമുദായങ്ങൾ നേരിടുന്ന കൊടിയ ദുരിതങ്ങളും പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ട് നടപ്പാക്കണമെന്ന് വ്യക്തമാക്കുന്നു''- മന്ത്രി ട്വീറ്റ് ചെയ്തു. അഫ്ഗാൻ സ്വദേശികളുൾപെടെ 168 പേരാണ് ഞായറാഴ്ച ഇന്ത്യയിൽ എത്തിയത്. അഫ്ഗാനിൽനിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തിരുന്നു.

അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ വർഷം ജനുവരിയിൽ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം.