തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പുതിയ ഓർഡിനൻസ് ഇറക്കും. മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തു. തീരുമാനം ഗവർണറെ അറിയിക്കും. വിശദമായ ചർച്ചയ്‌ക്ക് ശേഷമായിരിക്കും പുതിയ ഭേദഗതി. സർക്കാർ പുറത്തിറക്കിയ ഒരു ഓർഡിനൻസ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്.

വിവാദ ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും. ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു വിവാദ ഓർഡിനൻസ്.

സാധാരണഗതിയിൽ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ വിവാദപൊലീസ് നിയമ പരിഷ്കാരം സംബന്ധിച്ച സർക്കാർ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് 3.30-ന് മന്ത്രിസഭായോ​ഗം ചേരുകയും വിവാദഭേദ​ഗതി പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

സംസ്ഥാനത്തെ പുതിയ പൊലീസ് നിയമ ഭേദഗതി അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഉറപ്പ് നൽകിയത്. കെപിഎ ആക്ടിലെ 118 എ വകുപ്പ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

സർക്കാർ നിലപാട് നിലപാട് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. സർക്കാരിനോട് ഇതുസംബന്ധിച്ച് രേഖമൂലം മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. കെപിഎ ആക്ടിലെ പുതിയ ഭേദഗതി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് പൊതുതാൽപ്പര്യ ഹർജികളിലെ പ്രധാന വാദം. അതേസമയം പുതിയ ഭേദഗതി അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പുതിയ നിർദ്ദേശം വരുന്നതു വരെ കേസ് രജിസ്റ്റർ ചെയ്യരുതെന്നാണ് ഡിജിപി നിർദ്ദേശിച്ചിട്ടുള്ളത്.

21ാം തീയതി ഇറങ്ങിയ ഓർഡിനൻസിൽ 118 എ വകുപ്പ് ചേർത്തിട്ടുള്ള സാഹചര്യത്തിൽ ആ വകുപ്പനുസരിച്ച് കേസെടുക്കാൻ പരാതികൾ ലഭിക്കാനിടയുണ്ട്. നിയമ നടപടി എടുക്കുന്നതിനു മുൻപ് പൊലീസ് ആസ്ഥാനത്തെ ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണം' ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

അതേസമയം ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിയമം കൊണ്ടുവരാനുള്ള ആലോചനയിൽ തന്നെയാണ് സർക്കാർ. സമൂഹമാധ്യമങ്ങളിലെ അതിക്രമങ്ങളും അധിക്ഷേപങ്ങളും തടയാൻ കേരള നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരാനാണ് ഇപ്പോഴത്തെ നിലയിൽ സാധ്യതയുള്ളത്. നിലവിൽ ഓർഡിനൻസ് നിലനിൽക്കേ അത് റദ്ദു ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് പിൻവലിക്കാൻ ഗവർണറോട് വീണ്ടും ആവശ്യപ്പെടുന്നത്.

നിലവിലുള്ള ഓർഡിനൻസ് ഉടൻ പിൻവലിക്കാൻ റിപ്പീലിങ് ഓർഡിനൻസിനു ഗവർണറോടു മന്ത്രിസഭയ്ക്കു ശുപാർശ ചെയ്യാം. ഒരു ഓർഡിനൻസ് ഒപ്പിട്ടതിനു തൊട്ടുപിന്നാലെ അതു പിൻവലിച്ചു മറ്റൊരു ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചാൽ ഗവർണർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്. നിലവിലെ ഓർഡിനൻസിന്റെ ഭേദഗതി നിയമസഭയിൽ കൊണ്ടുവരാനുള്ള സാധ്യതയും സർക്കാരിനു മുന്നിലുണ്ട്. എന്നാൽ, ഭേദഗതിക്കെതിരെയുള്ള ഹർജികൾ കോടതി പരിഗണിക്കുമ്പോൾ പിടിച്ചുനിൽക്കണമെങ്കിൽ അടിയന്തര നടപടി കൂടിയേ തീരൂ.

സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പൊലീസ് ആക്ട് ഭേദഗതി ദേശീയതലത്തിൽ തന്നെ വിമർശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിൻവലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണോ സർക്കാർ നടപ്പാക്കിയതെന്ന ചോദ്യമുയർന്നിരുന്നു. പാർട്ടിയിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെന്ന പരാതിയോടെയാണ് ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രതയുണ്ടാകുമെന്ന് പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിയും തുറന്ന് പറഞ്ഞിരുന്നു.