- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഐഎഎസുകാരൻ; ഗുജറാത്ത് കലാപത്തിലെ നിയമക്കുരുക്കുകളിൽ നിന്ന് മോദിയെ രക്ഷിച്ചതോടെ വിശ്വസ്തനായി; ഇസ്രത്ത് ജഹാൻ കേസിൽ നിന്ന് അമിത്ഷായെയും രക്ഷിച്ചു; ഐസക്കിനെ കുടുക്കിയ സിഎജി ഗിരീഷ് ചന്ദ്ര മുർമു ആളുപുലിയാണ്
ന്യുഡൽഹി: കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിൽ ഒന്നായിരുന്നു കിഫ്ബി. ആ കിഫ്ബിയെയും മസാലബോണ്ടിനെയും മന്ത്രി തോമസ് ഐസക്കിനെയും ഒരു പോലെ വിവാദത്തിൽ കുടക്കിയ റിപ്പോട്ട് ആയിരുന്നു സിഎജിയുടേത്. ഇതിന് മറുപടിയായി സിഎജി ഗിരീഷ് ചന്ദ്ര മുർമുവിന്റെ രാഷ്ട്രീയ ബന്ധമാണ് ഇടതുകേന്ദ്രങ്ങൾ പ്രചാരണ ആയുധമാക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ടു സിഎജി സംസ്ഥാനത്തിനു നൽകിയ കരട് റിപ്പോർട്ടിൽ ഇല്ലാത്ത നാലു പേജ് ഡൽഹിയിൽ കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന പ്രസ്താവനയിലൂടെ ധനമന്ത്രി ടി.എം. തോമസ് ഐസക് ലക്ഷ്യമിടുന്നത് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമുവിനെയാണ്. ആർഎസ്എസ് നേതാവ് റാം മാധവിന്റെ ഇടപെടലുകളെക്കുറിച്ചും ഐസക്ക് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് ആരാണ് ഗിരീഷ് ചന്ദ്ര മുർമുഎന്ന ചോദ്യമാണ്. രാജ്യത്ത് ആദിവാസി വിഭാഗത്തിൽനിന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തസ്തികയിലെത്തുന്ന ആദ്യ ഐഎഎസുകാരൻ കൂടിയാണ് ഇദ്ദേഹം. ഈ പദവിയിലെത്തുന്ന ആദ്യ ഒഡീഷക്കാരനും. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ പദവി രാജിവച്ച ശേഷമാണ് മുർമു സിഎജിയുടെ ചുമതല ഏറ്റെടുത്തത്.1959 നവംബർ 21ന് ജനിച്ച മുർമു ഒഡീഷയിലെ മയുർഭഞ്ജ് സ്വദേശിയായ മുർമു എട്ടു മക്കളിൽ മൂത്തവനാണ്. പിതാവ് റെയിൽവേ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കുറച്ചു നാൾ എസ്ബിഐയിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സിവിൽ സർവീസിൽ എത്തിയത്. 1985ൽ യുപിഎസ്്സി പരീക്ഷ പാസായ മുർമു ഗുജറാത്തിലെ ചെറുനഗരമായ പെറ്റ്ലാഡിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്നു വിവിധ ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചു.
ബർമിങ്ഹാം സർവകലാശാലയിൽനിന്ന് എംബിഎ നേടിയ ശേഷം 2004 ൽ സർവീസിൽ മടങ്ങിയെത്തിയതോടെയാണ് മുർമു ഗുജറാത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2002 ലെ കലാപത്തിന്റെ കെടുതികളിൽനിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്നു അന്ന് ഗുജറാത്ത് സർക്കാർ. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിരവധി കേസുകളാണ് സംസ്ഥാന സർക്കാരിനെതിരെ എടുത്തിരുന്നത്. പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ചു വിവാദങ്ങളും ഉയർന്നുവന്ന കാലം. കലാപവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ചുമതല അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മുർമുവിനെയാണ് ഏൽപ്പിച്ചത്. അത് അദ്ദേഹം വിജയകരമായി പുർത്തിയാക്കിയതോടെയാണ് മോദിയുടെ വിശ്വസ്തനായി മാറിയത്.2008-ൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിലും അതേപദവി വഹിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പതിമൂന്നര വർഷവും ആഭ്യന്തരവകുപ്പ് അദ്ദേഹം തന്നെയാണു കൈകാര്യം ചെയ്തത്. 2003 മുതൽ അമിത് ഷാ ഡപ്യൂട്ടി ആഭ്യന്തരമന്ത്രിയായത് പ്രവർത്തിച്ചിരുന്നത്.
2010ൽ ഇസ്രത് ജഹാൻ വ്യാജഏറ്റുമുട്ടൽ കേസിൽ ആരോപണവിധേയനായി അമിത് ഷാ മന്ത്രി സ്ഥാനം രാജിവച്ചു. ഈ കേസിലും അമിത് ഷായ്ക്കും ഗുജറാത്ത് സർക്കാരിനും വേണ്ടി രംഗത്തിറങ്ങിയതു മുർമുവായിരുന്നു. അമിത് ഷാ മന്ത്രിസഭയും കോടതി നിർദ്ദേശപ്രകാരം സംസ്ഥാനവും വിട്ടതോടെ മോദിയുടെ ഏറ്റവും അടുത്ത ഉപദേശകനായി മുർമു മാറി. ഈ കാലയളവിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ മോദിക്കു വേണ്ടി കൃത്യമായി കാര്യങ്ങൾ നീക്കിയിരുന്നതു മുർമുവാണ്.മുഖ്യമന്ത്രിയിൽനിന്നു പ്രധാനമന്ത്രിയിലേക്കുള്ള യാത്രയിലും മോദി മുർമുവിനെയും ഒപ്പം ചേർത്തു. മോദിയുടെ പിൻഗാമിയായി മുഖ്യമന്ത്രിപദത്തിലെത്തിയ ആനന്ദിബെൻ പട്ടേലിനൊപ്പം ഒരു വർഷം പ്രവർത്തിച്ച ശേഷം മുർമു 2015 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിലെത്തിയത്. നാലു വർഷത്തോളം ധനകാര്യമന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിൽ അതീവ സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ ലഫ്റ്റനന്റ് പദവിയിലേക്ക് ആരെ നിയോഗിക്കുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സംശയമില്ലായിരുന്നു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദധാരിയായ മുർമുവിനായിരുന്നു ആ നിയോഗം. മോദി പ്രധാനമന്ത്രിയായി 11 മാസങ്ങൾക്കു ശേഷമാണ് മുർമു ഡൽഹിയിലെത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മേധാവിയാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അതുണ്ടായില്ല. ഒടുവിൽ കശ്മീർ ലഫ്. ഗവർണർ പദവിയിലേക്ക് നിയോഗിക്കപ്പെട്ടപ്പോൾ വിമർശകരുടെ വായടഞ്ഞു. ഒരു വർഷത്തിനുള്ളിൽ വീണ്ടും സിഎജിയുടെ സുപ്രധാന ചുമതല മുർമുവിനു നൽകി മോദി ഏവരെയും അദ്ഭുതപ്പെടുത്തി.
ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ മുർമു ഒരു വെയ്റ്റ്ലിഫ്റ്റർ കൂടിയാണ്. ഗാന്ധിനഗറിൽ താമസിക്കുമ്പോൾ ജിമ്മുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. 2015ൽ ഡൽഹിയിലെത്തിയിട്ടും വ്യായാമത്തിലും മറ്റും മുർമു ഒരു വിട്ടുവീഴ്ചയും വരുത്താറില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഭാര്യ സ്മിതാ ശുക്ല പിഎച്ച്ഡി നേടിയ ശേഷം സാമുഹിക പ്രവർത്തനങ്ങളിൽ വ്യാപൃത. മകൾ രുചിക യുപിഎസ്്സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നു. മകൻ റുഹാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി. മുർമുവിന്റെ സഹോദരൻ ഷിറീഷ് ചന്ദ്ര മുർമു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയനൽ ഡയറക്ടറാണ്. പക്ഷേ ഈ രാഷ്ട്രീയ ബന്ധം പറഞ്ഞ് നിസ്സാരവത്ക്കരിക്കാൻ ഉള്ളതല്ല, സിഎജി റിപ്പോർട്ട്. അത് ഒരു ഭരണഘടനാ സ്ഥാപനമാണ്. നേരത്തെ ടു ജി അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നപ്പോഴും ഇടതുകക്ഷികൾ സിഐജിക്കുവേണ്ടിയാണ് ശക്തമായി വാദിച്ചതെന്നും ഓർക്കേണ്ടതുണ്ട്.