- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി കണക്കുകൾ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്ട്സിലും ഉൾപ്പെടുത്തണം; നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കണം; സിഐജിയുടെ ഈ നിലപാട് കേരളത്തിന് നൽകുക വായ്പ എടുക്കൽ പ്രതിസന്ധി; ഈ റിപ്പോർട്ടിനെ വീണ്ടും നിയമസഭ തള്ളുമോ?
തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യവികസന നിധി (കിഫ്ബി) ക്കെതിരേ വീണ്ടും സി.എ.ജി. രംഗത്തു വരുമ്പോൾ ചർച്ചയാകുന്നത് കേരളത്തിന്റെ കടമെടുപ്പിലെ ചതി. കിഫ്ബി എടുക്കുന്ന വായ്പകൾ ബജറ്റിന് പുറത്തുള്ള കടമാണെന്നും ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും കിഫ്ബി വിശദീകരിക്കുന്നത് മുന്നറിപ്പ് രൂപത്തിലാണ്. വലിയ കടക്കണിയിലേക്ക് കേരളം പോകുന്നതിന്റെ സൂചനകളാണ് ഇതിലുള്ളച്.
2018-19ലെ സി.എ.ജിയുടെ റിപ്പോർട്ടിലെ ഇത്തരം പരാമർശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നില്ല. നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് അവ നീക്കിയിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ഒരിക്കൽ നിയമസഭ വെട്ടിയ പരാമർശങ്ങൾ ഉൾപ്പെടുത്തി സി.എ.ജി തയ്യാറാക്കിയ 2019-2020ലെ സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് വീണ്ടും നിയമസഭയിൽ എത്തുകയാണ്.
കിഫ്ബി കണക്കുകൾ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്ട്സിലും ഉൾപ്പെടുത്തണം. നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കണം. കിഫ്ബിയുടെയും ക്ഷേമപെൻഷൻ നൽകാൻ വായ്പയെടുക്കുന്ന കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെയും കടങ്ങൾകൂടി ചേർത്താണ് 2020-21ലെ കമ്മിയും പൊതുകടവും സി.എ.ജി. കണക്കാക്കിയിരിക്കുന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടം 20 (2) പ്രകാരമുള്ള കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സർക്കാർ സി.എ.ജി.യെ ഏൽപ്പിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സി.എ.ജി. റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനുമുമ്പേ വിവരങ്ങൾ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും സർക്കാരും ചർച്ചയാക്കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. കിഫ്ബിയെക്കുറിച്ചുള്ള സി.എ.ജി. പരാമർശങ്ങൾ പ്രതിപക്ഷവും ആയുധമാക്കി. കേരളത്തിലെ എ.ജി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എഴുതിയ മൂന്നുപേജ് റിപ്പോർട്ട് നിയമവിരുദ്ധമായി കരട് റിപ്പോർട്ടിൽ കൂട്ടിച്ചേർത്തെന്നാണ് അന്ന് സർക്കാർ ആരോപിച്ചത്.
കിഫ്ബി മസാലാ ബോണ്ട് സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കടങ്ങൾ ബജറ്റിന് പുറത്തുള്ളതാണെന്നും സി.എ.ജി. അന്ന് നിരീക്ഷിച്ചു. അങ്ങനെയല്ലെന്ന് സർക്കാരും വാദിച്ചു. കിഫ്ബിയുടെ നിയമസാധുതതന്നെ സി.എ.ജി. ചോദ്യം ചെയ്തിരുന്നു. കിഫ്ബിക്ക് സർക്കാർ ഗ്രാന്റും ഇന്ധനസെസിൽനിന്നുള്ള പണവും നൽകുന്നതിനാൽ കിഫ്ബിയുടെ വായ്പാ തിരിച്ചടവ് ബാധ്യത സർക്കാരിന്റേതാണെന്നും സി.എ.ജി. ചൂണ്ടിക്കാട്ടി.
മസാലാ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന നേരിട്ടുള്ള പരാമർശം പുതിയ റിപ്പോർട്ടിലില്ല. എന്നാൽ, കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികൾ എടുക്കുന്ന വായ്പകൾ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്ടിലും ഉൾപ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഓഡിറ്റ് സംബന്ധിച്ച എക്സിറ്റ് യോഗത്തിൽ സർക്കാർ അറിയിച്ചെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. ഇത് സർക്കാരിന് വലിയ തിരിച്ചടിയാണ്.
വിമർശനങ്ങൾ ആവർത്തിക്കുന്നത് നിർണായകമാണ്. ഇത് അംഗീകരിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കേണ്ടിവരും. അംഗീകരിച്ചാൽ കിഫ്ബി എടുക്കുന്ന വായ്പകൾ ധന ഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽ വരും. നിയമം അനുസരിച്ച് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനമേ കടമെടുക്കാവൂ. ഇത് കേരളത്തിന് മറ്റൊരു വായ്പാ പ്രതിസന്ധിയാകും.
കിഫ്ബിയുടെ വൻതോതിലുള്ള വായ്പകൾകൂടി ഇതിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കടക്കും. കടമെടുപ്പ് പരിധി ബാധിക്കാതെ വായ്പയെടുത്ത് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ കിഫ്ബി ഉണ്ടാക്കിയത്. ഇതു തന്നെ പ്രതിസന്ധിയിലായി മാറും. ഭരണഘടനയുടെ 293ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമർശിക്കുന്നതെന്നും പ്രതിപക്ഷം നിലപാട് എടുത്തിരുന്നു.
ഈ വർഷം ആദ്യമാണ് കിഫ്ബിയിൽ നിയമസഭയിൽ ചർച്ച നടന്നത്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്. കിഫ്ബിയുടെ മുഴുവൻ വായ്പകളും ഭരണഘടനാ ലംഘനമാണെന്ന സിഎജി റിപ്പോർട്ടിലെ വാദം തെറ്റാണെന്നു അന്ന് ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക് വിശദീകരിച്ചിരുന്നു. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്നല്ല, വിദേശ വായ്പ എടുത്തതാണ് ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ