- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാർ സ്വയം പണം കണ്ടെത്താതെ കയ്യുംകെട്ടിയിരിക്കുന്നു; നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ഗുരുതര അലംഭാവമെന്ന് സിഎജി റിപ്പോർട്ട്; നികുതി കുടിശ്ശികയായി കിട്ടാനുള്ളത് 20,146 കോടി; 5,564 കോടിയും ലഭിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തന്നെ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വരുമാനത്തിൽ വമ്പൻ ഇടിവാണ് കോവിഡ് പശ്ചാത്തലം കാരണം ഉണ്ടായിരിക്കുന്നത്. വാക്സിനേഷൻ ഡ്രൈവിലേക്കെന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാധാരണക്കാരിൽ നിന്നടക്കം സംഭാവനകൾ സ്വീകരിക്കുന്നുണ്ട് സർക്കാർ. അതേസമയം ഇങ്ങനെ പണം സ്വീകരിക്കുമ്പോഴും സർക്കാർ ഖജനാവ് നിറയ്്ക്കാൻ ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. ഇക്കാര്യം അക്കമിട്ട് നിരത്തുന്ന സിഎജി റിപ്പോർട്ടാണ് ഇക്കുറി പുറത്തുവന്നത്. സർക്കാരിന്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്.
20,146 കോടിയാണ് ആകെ സർക്കാറിന് പലവിധത്തിൽ നികുതി കുടിശ്ശികയായി കിട്ടാനുള്ളതെന്ന സിഎജി റിപ്പോർട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്. ഇതിൽ 5,564 കോടി സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാനുള്ളതാണ്. കുടിശിക തിട്ടപ്പെടുത്തി പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലെന്നതാണ് ഇതിൽ പ്രശ്നമായി നിലനിൽക്കുന്നത്. 11 വകുപ്പുകൾ 5 വർഷത്തിലേറെയായി 5,765 കോടി രൂപ സർക്കാരിനു നൽകാനുണ്ട്. കാലാകാലങ്ങളായി ലഭിക്കാനുള്ള ഈ പണംപിരിച്ചെടുക്കാൻ ഒരു സർക്കാറും താൽപ്പര്യം കാണുക്കുന്നില്ലെന്നതാണ് വാസ്തവം.
എക്സൈസ് വകുപ്പ് 1952 മുതലുള്ള കുടിശിക നൽകാതിരിക്കുകയാണെന്നു നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി. നികുതി നിർണയത്തിൽ ജിഎസ്ടി വകുപ്പു വരുത്തിയ വീഴ്ച കാരണം 556 കേസിലായി 198 കോടി രൂപ സർക്കാരിനു നഷ്ടമായെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പരിശോധിക്കാത്ത കേസുകൾ കൂടിയാകുമ്പോൾ നഷ്ടം കൂടും. 10 ലക്ഷത്തിലേറെ വിലയുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സ്രോതസ്സിൽ നിന്ന് 1% നികുതി പിരിച്ചിട്ടില്ല.
3.56 കോടി രൂപ ഇതുവഴി നഷ്ടപ്പെട്ടു. ഹരിത നികുതി ഈടാക്കുന്നതിലെ വീഴ്ച മൂലം 54 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയതു ഗതാഗത വകുപ്പാണ് 2,098 കോടി. കെഎസ്ആർടിസി 1,796 കോടിയോടെ രണ്ടാമതുണ്ട്. 201819 വരെയുള്ള കണക്കുകൾ പ്രകാരം 53 പൊതുമേഖലാ സ്ഥാപനങ്ങൾ 574 കോടിയുടെ ലാഭമുണ്ടാക്കിയപ്പോൾ 58 സ്ഥാപനങ്ങൾ 1,796 കോടിയുടെ നഷ്ടം വരുത്തി. 2 സ്ഥാപനങ്ങൾക്കു ലാഭമോ നഷ്ടമോ ഇല്ല. ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതു കെഎസ്എഫ്ഇ 144 കോടി.
കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ് 104 കോടിയും ബവ്റിജസ് കോർപറേഷൻ 85 കോടിയും ലാഭമുണ്ടാക്കി. നഷ്ടമുണ്ടാക്കിയവരിൽ ഒന്നാമതു കെഎസ്ഇബിയാണ് 1,860 കോടി. കെഎസ്ആർടിസിയുടെ നഷ്ടം1,431 കോടി. ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ സ്ഥാപനം കെഎസ്ആർടിസിയാണ്. ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൽ കെഎസ്ആർടിസി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടായി. പൂർത്തിയാക്കിയ ഷോപ്പിങ് കോംപ്ലക്സുകൾ കൃത്യമായി വാടകയ്ക്ക് നൽകിയില്ലെന്നും സിഎജി കണ്ടെത്തി.
കെഎസ്ഇബി സ്വന്തം ജലവൈദ്യുതി ഉൽപാദന നയം പാലിക്കാത്തതും വേനൽ മാസങ്ങളിൽ ഉൽപാദനം ക്രമീകരിക്കാത്തതും കാരണം 25 കോടി രൂപയ്ക്കു വൈദ്യുതി വാങ്ങേണ്ടി വന്നു. ശബരിഗിരി പദ്ധതിയിലെ നിർമ്മാണ വീഴ്ചകൾ വരുത്തിവച്ച നഷ്ടം 59 കോടി. തിരുവനന്തപുരം കുടപ്പനക്കുന്നിൽ ഹൈടെക് ഫാം സ്ഥാപിക്കാൻ 7.31 കോടി ചെലവഴിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കിയില്ല സിഎജി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ഈ സ്ഥാപനങ്ങൾ 1796.55 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി. നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സിഎജി ശുപാർശ ചെയ്യുന്നു. ഓഡിറ്റ് റിപ്പോർട്ടിന്മേൽ സർക്കാർ പ്രതികരിക്കാത്തതിനാൽ 922 പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 മാർച്ച് 31 വരെയുള്ള സിഎജി റിപ്പോർട്ടാണ് സഭയിൽ വെച്ചത്.
16 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന രഹിതം എന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല രണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലാണ്. നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സിഎജി ശുപാർശ ചെയ്യുന്നു. അതേസമയം 53 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെന്ന് സിഎജി വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങൾ ചേർന്ന് 574.49 കോടി ലാഭവിഹിതം ഉണ്ടാക്കി.
കെഎസ്എഫ്ഇ, കെഎംഎംഎൽ, ബിവറേജസ് കോർപ്പറേഷൻ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തതെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭിച്ചില്ലെന്നും നെല്ല് കർഷകർക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി.
അതേസമയം കേരള കാർഷിക സർവകലാശാല പരീക്ഷകളുടെ ചോദ്യക്കടലാസ് അച്ചടിക്കുന്ന പ്രസ് രഹസ്യ സ്വഭാവം സൂക്ഷിക്കുന്നില്ലെന്ന റിപ്പോർട്ടും സിഎജി ചൂണ്ടിക്കാട്ടുന്നു. പ്രസിൽ സന്ദർശകർക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അവരുടെ വിവരം സൂക്ഷിക്കുന്നുമില്ല. മൊബൈൽ ഫോണോ മറ്റേതെങ്കിലും റെക്കോർഡിങ് ഉപകരണമോ പ്രസിൽ ഉപയോഗിക്കുന്നതു വിലക്കിയിട്ടുമില്ലെന്ന ഗുരുതര കാര്യമാണ് സിഎജി റിപ്പോർട്ടിൽ പറയുന്ന്ത. ശൂന്യമായ ഉത്തരക്കടലാസുകൾ മെഷീൻ നമ്പറോ ബാർ കോഡോ ഇല്ലാതെ അച്ചടിക്കുന്നതു കാരണം ഇവ തിരിച്ചറിയാൻ കഴിയില്ല. പിഎച്ച്ഡി നൽകുന്നതിനുള്ള യുജിസി ചട്ടങ്ങൾ സർവകലാശാല പാലിക്കുന്നില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ