കാലിഫോർണിയ: ഒരു നൂറ്റാണ്ടിലേറെക്കാലമായിസ്വന്തമാക്കി വച്ചിരുന്ന സ്വന്തം റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് കാലിഫോർണിയയിലെ മരണ താഴ്‌വര. 1913-ൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയ ഡെത്ത് വാലി ഉടൻ തന്നെ ആ റെക്കോർഡ് തിരുത്തും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. 1913ജൂലായിലെ ഉഷ്ണതരംഗ സമയത്ത് 56 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ഇവിടെ ഇത്തവണ താപനില ഈ നാഴികക്കല്ല് കടക്കുമെന്നാണ് അവർ പറയുന്നത്. 1913-ൽ അഞ്ചുദിവസമായിരുന്നു ഇവിടെ ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

സമുദ്രനിരപ്പിൽ നിന്നും 300 അടി താഴെയായി സ്ഥിതിചെയ്യുന്ന ഈ വീതികുറഞ്ഞ മലയടിവാരത്തിൽ ജൂൺ പകുതി മുതൽ ശരാശരി താപനിൽ 49 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുമെന്ന് ഇവർ പറയുന്നു. ഈ ഭാഗത്തെ ഭൗമോപരിതലത്തിൽ പാറയും മണലുമാണുള്ളത്. ഭൂമിയിൽ പതിക്കുന്ന താപത്തെ ഇത് തിരികെ പ്രസരണം ചെയ്യും എന്നല്ലാതെ ആഗിരണം ചെയ്യുകയില്ല. അങ്ങനെ അന്തരീക്ഷത്തിൽ ഉയരുന്ന താപം, ഈ അടിവാരത്തിന്റെ ഇരുഭാഗങ്ങളിലും ഉള്ള ഉയർന്ന മലനിരകൾക്കുള്ളിൽ ബന്ധിക്കപ്പെടുന്നു. അങ്ങനെയാണ് ഇവിടെ അന്തരീക്ഷ താപനില ഉയരുന്നത്.

മുഴുവൻ തെക്ക് പടിഞ്ഞാറൻ മേഖലയിലും ഒരാഴ്‌ച്ചക്കാലത്തേക്കാൾ അധികം 38 ഡിഗ്രിക്ക് മേൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈ വാരാന്ത്യത്തോടെ ഇത് പലയിടങ്ങളിലും അസഹ്യമായ വിധത്തിലേക്ക് ഉയരും. നിലവിലെ താപതരംഗം അതിന്റെ കാഠിന്യം മൂലം മാത്രമല്ല, അത് നീണ്ടുനിൽക്കുന്ന കാലയളവിന്റെ ദൈർഘ്യത്താലും ചരിത്രത്തിൽ രേഖപ്പെടുത്തും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. വൈദ്യൂത പദ്ധതികൾക്ക് ഇത് തടസ്സങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, ജലസ്രോതസ്സുകൾ വറ്റാനും കൃഷിയെ വിപരീതിമായി ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, കാട്ടുതീ ഉണ്ടാക്കാനും ഇടയാക്കും.

ഈ മേഖലയിൽ വസിക്കുന്ന 40 മുതൽ 50 മില്ല്യൺ വരെയുള്ള ജനതതിക്ക് പലവിധത്തിലുള്ള ദുരിതങ്ങളും ഈ താപതരംഗം നൽകും. കാലിഫോർണിയ, അരിസോണ, മൊണ്ടാന, തുടങ്ങിയ നിരവധിയിടങ്ങളിൽ ഇപ്പോൾ തന്നെ താപനില മുൻകാല റെക്കോർഡുകൾ ഭേദിച്ചുകഴിഞ്ഞു. മാത്രമല്ല, താപനില വീണ്ടും ഉയരുക തന്നെയാണ്. നിലവിൽ വൈദ്യൂതി വിതരണത്തിന് തടസ്സമൊന്നും നേരിടുകയില്ലെങ്കിലുംഅത് ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പും ഈ മേഖലയിൽ നൽകിയിട്ടുണ്ട്. വൈദ്യൂതി കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുവാൻ ടെക്സാസിൽ നിർദ്ദേശം നൽകിക്കഴിഞ്ഞു.

അരിസോണ, കാലിഫോർണിയ എന്നിവയുൾപ്പടെ ഈ മേഖലയിലെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ തന്നെ ഇരുപതോളം കാട്ടുതീകൾ സജീവമാണെന്ന റിപ്പോർട്ടും വരുന്നുണ്ട്. പടിഞ്ഞാറൻ അമേരിക്കയിലെ 89 ശതമാനം പ്രദേശങ്ങളും ഇപ്പോൾ വർൾച്ചാ ഭീഷണിയിലുമാണ്. അതിൽ പകുതിയിലധികം ഇടങ്ങളിൽ ഭീഷണി രൂക്ഷമാണ് താനും.