തിരുവല്ല: ഓടിക്കൊണ്ടിരുന്ന ഹ്യൂണ്ടായ് ഐ ടെൻ കാറിന് തീപിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ വീട്ടിൽ രാമകൃഷ്ണനാണ് രക്ഷപ്പെട്ടത്.

തിരുവല്ല-കായംകുളം റോഡിൽ മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ഇന്ന് രാത്രി ഒമ്പതേ കാലാടെ ആയിരുന്നു സംഭവം. രാമകൃഷ്ണന്റെ സ്വന്തം കാറാണിത്. ഓടി വന്ന കാറിന്റെ അടിയിൽ നിന്നും പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികർ പറഞ്ഞു. തുടർന്ന് കാർ നിർത്തി രാമകൃഷ്ണൻ കാറിൽ നിന്നും പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാർ, പമ്പ് ജീവനക്കാരനായ തോമസ് എന്നിവർ ചേർന്ന് പമ്പിലെ അഗ്നി ശമന സേന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക രക്ഷാ പ്രവർത്തനം നടത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന് റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു.