അടിമാലി: കാറുകൾ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഇരുനൂറേക്കർ മോളത്ത് ജയമോനെയാണ് (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കുപാറ പള്ളിപ്പുറം വീട്ടിൽ അനിൽകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

അനിൽകുമാറിന്റെ കെ.എൽ 68 എ 9143 നമ്പർ കാറാണ് ജയമോൻ 2,35,000 രൂപക്ക് വിറ്റത്. ഈ കാർ പൊലീസ് കണ്ടെത്തി. വിവാഹ അവശ്യം പറഞ്ഞ് കഴിഞ്ഞ ജനുവരി 15നാണ് മാസവാടക വ്യവസ്ഥയിൽ കാർ വിട്ടുനൽകിയത്.

ഒരുമാസം കഴിഞ്ഞ് വാടക ആവശ്യപ്പെട്ടപ്പോൾ ടൂറിലാണെന്നും തിരികെ വരുമ്പേൾ നൽകാമെന്നും പറഞ്ഞു. രണ്ട് മാസം കഴിഞ്ഞിട്ടും വാടകയോ കാർ മടക്കി നൽകുകയോ ചെയ്തില്ല. സംശയം തോന്നിയ അനിൽകുമാർ സ്വന്തമായി അന്വേഷണം നടത്തിയതോടെ തട്ടിപ്പ് മനസ്സിലായി. തുടർന്ന് അടിമാലി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ വിറ്റതായി കണ്ടെത്തിയത്. വാങ്ങിയ ആളിൽനിന്ന് കാർ കസ്റ്റഡിയിലെടുക്കുകയും ജയമോനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സമാനരീതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കാറും വാടകക്കെടുത്ത് മറിച്ച് വിറ്റതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വാഹനവും അടിമാലി പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.